
തിരുവനന്തപുരം: ആധുനിക കാലത്തിനനുസരിച്ച് ചുമട്ടുതൊഴിലാളികളുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കാനും പെരുമാറ്റരീതി ഉൾപ്പെടെ പരിഷ്കരിക്കാനും ലക്ഷ്യമിട്ടുള്ള 'നവശക്തി' പദ്ധതിയുടെ രണ്ടാംഘട്ടം വരുന്നു. വ്യക്തിത്വ വികസനം, ആശയവിനിമയ പാഠങ്ങൾ, നൈപുണ്യ വികസനം എന്നിവയിലടക്കം ചുമട്ടുതൊഴിലാളി ക്ഷേമബോർഡിന് കീഴിലുള്ള 2000പേർക്ക് പരിശീലനം നൽകും.
ചുമട്ടുതൊഴിലാളികളോടുള്ള പൊതുസമൂഹത്തിന്റെ മനോഭാവത്തിൽ കാതലായ മാറ്റം കൊണ്ടുവരിക, തർക്കങ്ങളില്ലാത്ത മാന്യമായ ഇടപെടലുകളിലൂടെ പുതിയ തൊഴിൽ സംസ്കാരം വാർത്തെടുക്കുക എന്നിവയാണ് തൊഴിൽ വകുപ്പ് ലക്ഷ്യമിടുന്നത്. പരമ്പരാഗത ചുമട്ടുതൊഴിൽ രീതികളിൽ നിന്നുമാറി സാങ്കേതികവിദ്യയുടെ സഹായത്തോടെ ജോലി കൂടുതൽ എളുപ്പമാക്കാനും സുരക്ഷിതമാക്കാനും ലക്ഷ്യമിടുന്നു.
2025-26 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ പദ്ധതിക്കായി വകയിരുത്തിയത് രണ്ടുകോടിയാണ്. ഇതിൽ ബോർഡിന്റെ തനത് ഫണ്ടിൽനിന്ന് 88,84,000 രൂപ ചെലവഴിക്കാൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർക്ക് അനുമതി നൽകി. ലോജിസ്റ്റിക് സെക്ടർ സ്കിൽ കൗൺസിൽ മുഖേനയാണ് പരിശീലനം നൽകുന്നത്.
പൈലറ്റ് പ്രോജക്ട് വിജയം
ഐ.ടി പാർക്കുകൾ, കിൻഫ്ര പാർക്ക്, സ്പെഷ്യൽ ഇക്കണോമിക് സോണുകൾ എന്നിവിടങ്ങളിലെ 150 തൊഴിലാളികളെ ഉൾപ്പെടുത്തി നേരത്തെ നടത്തിയ പൈലറ്റ് പ്രോജക്ട് വിജയമായിരുന്നു. ആലുവ ഐ.എസ്.ആർ.ഒ യാർഡ്, ആലുവ ഗോഡൗൺ, ഇടയാർ ഇൻഡസ്ട്രിയൽ പാർക്ക്, തൃക്കാക്കര ഇൻഫോപാർക്ക് എന്നിവിടങ്ങളിൽ നടപ്പാക്കിയ പദ്ധതിയിലൂടെ തൊഴിലാളികൾക്ക് പ്രത്യേക യൂണിഫോമും ഫോർക്ക് ലിഫ്റ്റ്, മിനി ക്രെയിൻ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസും നൽകിയിരുന്നു. ഈ മാതൃകയാണ് സംസ്ഥാന വ്യാപകമാക്കുന്നത്.
ഉപകരണങ്ങളിൽ
പരിശീലനം
1.ഫോർക്ക് ലിഫ്റ്റ്, കൺവെയർ ബെൽറ്റ്, പെല്ലറ്റ് ജാക്ക്, വിവിധതരം ട്രോളികൾ തുടങ്ങിയ യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ തൊഴിലാളികളെ പരിശീലിപ്പിക്കും
2.മെറ്റീരിയൽ ഹാൻഡ്‌ലിംഗ് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് അത് പ്രവർത്തിപ്പിക്കാനുള്ള ലൈസൻസ് ലഭ്യമാക്കും
3.ജോലിസ്ഥലത്തെ അപകടങ്ങൾ ഒഴിവാക്കാനുള്ള സുരക്ഷാപാഠങ്ങൾ, ആധുനിക സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം എന്നിവയിലും പരിശീലനം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |