വടക്കഞ്ചേരി: വാൽകുളമ്പ്-പനംങ്കുറ്റി-പന്തലാംപാടം മലയോര പാതയിൽ സോളാർ വിളക്കുകൾ കണ്ണടച്ചതോടെ ഈ റൂട്ടിലൂടെയുള്ള രാത്രിയാത്ര പേടിസ്വപ്നമാകുന്നു. വെളിപനമണ്ണ റോഡിൽ വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ ആനകൾ റോഡരികിൽ നിൽക്കുന്നത് കാണാനാകില്ലെന്നാണ് യാത്രക്കാരുടെ പരാതി. പനംങ്കുറ്റി മുതൽ താമരപ്പിള്ളി, പോത്തുചാടി ഫോറസ്റ്റ് ഓഫീസ് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്താണ് സോളാർ വിളക്കുകൾ തെളിയാത്തത്.
തുടക്കത്തിൽ വിളക്കുകൾ പ്രവർത്തിച്ചെങ്കിലും ഇപ്പോൾ ഭൂരിഭാഗം വിളക്കുകളും കേടായി. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും ആനയിറങ്ങുന്ന പ്രദേശമാണിത്. കയറ്റങ്ങളും ഇറക്കവും വളവും ആൾ താമസവുമില്ലാത്ത ഒറ്റപ്പെട്ട പ്രദേശത്താണ് വഴിവിളക്കുകൾ ഇത്തരത്തിൽ മിഴി തുറക്കാത്തത്.
സോളാർ വിളക്കുകൾ ഇടയ്ക്കിടെ പ്രവർത്തിക്കാത്ത സാഹചര്യമുള്ളതിനാൽ പനംങ്കുറ്റിവരെ എത്തിനിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ രണ്ടു കിലോമീറ്റർ കൂടി നീട്ടി പോത്തുചാടി വരെയാക്കി തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യവുമുണ്ട്. പന്നിയങ്കരയിലെ ടോൾ കൊള്ള ഒഴിവാക്കാൻ തൃശൂർ ഭാഗത്തേക്ക് പോകാനും വരാനും വാൽകുളമ്പ്, പാലക്കുഴി, മംഗലംഡാം തുടങ്ങിയ മലയോരവാസികൾ ഈ മലയോരപാതയാണ് ആശ്രയിക്കുന്നത്.
തകർന്ന് തരിപ്പണമായി മലയോര പാതയും
തകർന്നുകിടക്കുന്ന മലയോര പാതയും വാഹന യാത്രികരെ ഭീതിയിലാക്കുന്നുണ്ട്. ആനകൾ പാഞ്ഞടുത്ത് അപകട സ്ഥിതിയിൽ ഉറക്കെ നിലവിളിച്ചാൽ പോലും ഇവിടെ ആരും കേൾക്കാനില്ല. ഒരു വശത്ത് പീച്ചി കാടും മറുഭാഗത്ത് വലിയ തോട്ടങ്ങളുമാണ്. അതിനിടയിലൂടെയാണ് വീതികുറഞ്ഞ റോഡുള്ളത്. വനാതിർത്തിയിലെ സോളാർ ഫെൻസിംഗും തകർത്ത് ചിലപ്പോഴൊക്കെ ആനകൾ കൂട്ടത്തോടെ റോഡിലെത്തും. തകർന്ന റോഡായതിനാൽ വേഗത്തിൽ വാഹനം ഓടിച്ച് പോകാനും കഴിയില്ലെന്ന് പ്രദേശവാസിയായ ചെറുനിലം ജോണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |