കൊച്ചി: കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോ ഇന്ന് 30 അധിക സർവീസുകൾ നടത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആൻഡ് പാർക്ക് സൗകര്യവും ഉപയോഗപ്പെടുത്താം.
തൃശൂർ, മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവർക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാർക്കിംഗ് സ്ഥലത്ത് ബസുകളും കാറുകളും പാർക്ക് ചെയ്ത ശേഷം മെട്രോയിൽ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാം. അൻപത് കാറുകളും 10 ബസുകളും ഒരോ സമയം പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.
പറവൂർ, കൊടുങ്ങല്ലൂർ വഴി ദേശീയപാത 66ൽ എത്തുന്നവർക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാർക്കിംഗിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ ജെ.എൽ.എൻ സ്റ്റേഡിയം സ്റ്റേഷനിലേക്കെത്താം. 15 ബസുകളും 30 കാറുകളും ഇടപ്പള്ളിയിൽ പാർക്ക് ചെയ്യാം.
ആലപ്പുഴ, തിരുവനന്തപുരം ഭാഗത്ത് നിന്ന് റോഡ് മാർഗം വരുന്നവർക്ക് വൈറ്റിലയിൽ നിന്ന് കൊച്ചി മെട്രോയിൽ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയിൽ നിന്ന് വരുന്നവർക്ക് എസ്.എൻ ജംഗ്ഷൻ, വടക്കേക്കോട്ട സ്റ്റേഷനുകളിൽ നിന്ന് മെട്രോ സേവനം ഉപയോഗിക്കാം.
രാത്രി പത്ത് മുതൽ മെട്രോയുടെ ടിക്കറ്റ് നിരക്കിലും 50 ശതമാനം ഇളവ് ഉണ്ടായിരിക്കും. മത്സരം കാണുന്നതിനായി മെട്രോയിൽ വരുന്നവർക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനുമാകും. കൊച്ചിയിൽ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സർവീസ് ഏർപ്പെടുത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |