തിരുവനന്തപുരം: ചന്ദ്രനിൽ ആദ്യരാത്രിയിലെ ഉറക്കത്തിന് ശേഷം ലാൻഡറും റോവറും ഉണരുമോ എന്ന് ഇന്നറിയാം. ഇന്നലെ അവിടെ സൂര്യനുദിച്ചെങ്കിലും പകലിന് ചൂടും വെളിച്ചവും കൂടാൻ കാത്തിരിക്കുകയാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർ. വെളിച്ചമുണ്ടെങ്കിലേ റോവറിലേയും ലാൻഡറിലേയും സോളാർ പാനലുകൾ പ്രവർത്തിക്കൂ. സൗരോർജ്ജത്തിലാണ് ഉപകരണങ്ങൾ പ്രവർത്തിക്കുക. ഇതിന് ഏറ്റവും അനുയോജ്യമായ സമയം സൂര്യന്റെ ചന്ദ്രപ്രതലത്തിൽ നിന്നുള്ള ചരിവ് (എലവേഷൻ ആംഗിൾ) 6 ഡിഗ്രി മുതൽ 9 ഡിഗ്രി വരെയാണ്. എന്നാൽ താപനില നിശ്ചിത പരിധിക്ക് മുകളിൽ ഉയരണം. അതിനായി കാത്തിരിക്കയാണ്.ഇന്ന് വൈകിട്ടോ നാളെ രാവിലെയോ ലാൻഡറിനേയും റോവറിനേയും ഉണർത്താനുള്ള കമാൻഡ് നൽകും. ചന്ദ്രനിൽ രാത്രി തുടങ്ങിയതോടെ സെപ്തംബർ 2നാണ് ലാൻഡറിനേയും റോവറിനേയും സ്ളീപ്പ് മോഡിലാക്കിയത്.
ഭൂമിയിലെ 14 ദിവസമാണ് ചന്ദ്രനിലെ ഒരു പകൽ, രാത്രിയും അത്രയും നീളും. ചന്ദ്രയാൻ 3 ഇറങ്ങിയ ദക്ഷിണധ്രുവത്തിൽ പകൽദൈർഘ്യം രണ്ടുനാൾ കുറയും. തണുപ്പ് കൂടുതലുമായിരിക്കും. മൈനസ് 200 ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള ഇൗ തണുപ്പിനെ ലാൻഡിലേയും റോവറിലേയും ഉപകരണങ്ങൾ അതിജീവിക്കുമോ എന്ന് സംശയമുണ്ട്.
ഉണർത്തിയാൽ ബോണസ്
സ്ളീപ്പ് മോഡിലേക്ക് മാറ്റും മുമ്പ് ലാൻഡറിനെ ഒാഫ് ചെയ്ത് റീസ്റ്റാർട്ട് ചെയ്തിരുന്നു. ചന്ദ്രോപരിതലത്തിൽ നിന്ന് ഉയർത്തി വീണ്ടും സോഫ്റ്റ് ലാൻഡും ചെയ്യിച്ചു. 16 ഇഞ്ച് അകലെയാണ് വീണ്ടും ഇറങ്ങിയത്. ഇതാണ് വീണ്ടും ഉണർത്താമെന്ന പ്രതീക്ഷ നൽകുന്നത്. ഉണർത്തിയാൽ ബോണസാവും. രണ്ടാഴ്‌ചയായിരുന്നു പ്രവർത്തന കാലാവധി. വീണ്ടും പ്രവർത്തിച്ചാൽ ഇതുവരെ കിട്ടിയ വിവരങ്ങൾ വിശകലനം ചെയ്യുമ്പോഴുണ്ടാകുന്ന സംശയങ്ങൾ തീർക്കാനും പുതിയ വിവരങ്ങൾ ലഭ്യമാക്കാനും കഴിയും. കിട്ടിയ ഡാറ്റാ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്താൻ മാസങ്ങളും ചിലപ്പോൾ വർഷങ്ങളുമെടുക്കും. ഉണർന്നില്ലെങ്കിൽ ലാൻഡറും റോവറും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഇന്ത്യൻ സാന്നിധ്യമായി എന്നന്നേക്കുമായി തുടരും.
"രണ്ടാഴ്ചത്തെ ഉറക്കം വിട്ട് ലാൻഡറും റോവറും ഉണരുമോ എന്നറിയാൻ വഴിയുണ്ടെങ്കിൽ എളുപ്പമായിരുന്നു. ചന്ദ്രനിലെ സൂര്യോദയത്തിന് ശേഷം ഇവ എങ്ങനെ പ്രവർത്തിക്കുമെന്ന് കാത്തിരുന്ന് കാണണം"
ഡോ.എസ്.സോമനാഥ്,ഐ.എസ്.ആർ.ഒ.ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |