കൊച്ചി: ഉച്ചയൂണ് കഴിക്കാനാണ് ഓട്ടോ ഡ്രൈവറായ സാജൻ (യഥാർത്ഥ പേരല്ല) വാഹനം നഗരത്തിൽ ആളൊഴിഞ്ഞ വഴിയോരത്ത് പാർക്ക് ചെയ്തത്. ഹോട്ടലിൽനിന്ന് തിരികെയെത്തി പതിവുപോലെ ഓട്ടോ സ്റ്റാർട്ട് ചെയ്‌തെങ്കിലും അനക്കമില്ല. ഓട്ടോയ്ക്ക് കേടുപാട് പറ്റിയോയെന്ന പരിശോധനയിൽ ബാറ്ററി മോഷ്ടിച്ചതായി കണ്ടെത്തി. ഒടുവിൽ സുഹൃത്തിന്റെ കൈയിൽ നിന്ന് കടം വാങ്ങി പുതിയൊരു ബാറ്ററി വാങ്ങി. അന്നത്തെ പണിയും പോയി, പണവും പോയി!
ഇത് ഒറ്റപ്പെട്ട സംഭവമല്ല. കൊച്ചി നഗരത്തിലടക്കം ബാറ്ററി മോഷണം തകൃതിയാണ്. ജില്ലയിലെമ്പാടും ബാറ്ററി മോഷ്ടാക്കളെക്കൊണ്ട് വാഹനം പാർക്ക് ചെയ്യാനാകാത്ത സ്ഥിതിയാണ്. ഓട്ടോറിക്ഷ, കാർ, പിക്കപ്പ് വാൻ, ലോറി, ടെമ്പോ, ട്രെയ്‌ലർ, ബസ് തുടങ്ങിയ വാഹനങ്ങളിൽ നിന്നാണ് ബാറ്ററികൾ കൂടുതലും മോഷണം. എളുപ്പം ബാറ്ററി അഴിച്ചെടുക്കാൻ കഴിയുമെന്നതാണ് കാരണം. ഒരാഴ്ചക്കിടെ നഗരത്തിൽ പത്തിലധികം വാഹനങ്ങളിലെ ബാറ്ററികളാണ് നഷ്ടമായത്.
വീടുകളിലേക്ക് വാഹനം കയറ്റാൻ സൗകര്യമില്ലാത്തതിനാൽ പലരും റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ട്. വണ്ടികളുടെ ബാറ്ററികളും മോഷണം പോയവയിലുണ്ട്. മുമ്പ് രാത്രികാലങ്ങളിലായിരുന്നു ഇത്തരം മോഷണങ്ങൾ ഇപ്പോൾ പട്ടാപ്പകലും തകൃതിയാണ്.
കേടായ ബാറ്ററി നൽകിയാൽ പോലും നിശ്ചിത തുക ലഭിക്കും. ബാറ്ററി മോഷണത്തിന് പിന്നിൽ വൻ സംഘം തന്നെയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ചില കേസുകളിൽ പ്രതികളെ പൊലീസിന് പിടികൂടാൻ സാധിച്ചെങ്കിലും മോഷണങ്ങൾക്ക് കുറവില്ല. ഇതാണ് സംശയം ബലപ്പെടാൻ കാരണം.
ബാറ്ററി കള്ളൻ പിടിയിൽ?
കൊച്ചി നഗരത്തിൽ തുടർച്ചയായി വാഹനങ്ങളിൽനിന്ന് ബാറ്ററി മോഷ്ടിച്ച് കടത്തുന്നയാൾ പൊലീസ് പിടിയിലായതായി സൂചന. പശ്ചിമകൊച്ചി സ്വദേശിയായ ഇയാൾ യുവാവാണെന്നാണ് വിവരം. തൊണ്ടി മുതലുകൾ വീണ്ടെടുക്കേണ്ടതിനാൽ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പുലിവാലായ മോഷണവും അറസ്റ്റും
ആളുമാറി കസ്റ്റഡിയിലെടുക്കുകയും പ്രതിയെന്ന് സംശയിച്ച് യുവാവിനെ മർദ്ദിക്കുകയും ചെയ്‌തോടെ വെട്ടിലായ മൂവാറ്റുപുഴ പൊലീസിന് പണിയായതും ബാറ്ററി മോഷണമാണ്. ഇലക്ട്രിക് വയറിംഗ് തൊഴിലാളിയായ പെരുമ്പല്ലൂർ മടത്തിക്കുടിയിൽ അമൽ ആന്റണിയെ (35) പൊലീസ് ആളുമാറി പിടികൂടുകയായിരുന്നു. ഓഗസ്റ്റ് 12ന് മൂവാറ്റുപുഴ തോംസൺ ചെരിപ്പുകടയിലെ ബാറ്ററി മോഷണം പോയിരുന്നു. തുടർന്ന് ഉടമ നൽകിയ പരാതിയിലെ അന്വേഷണമാണ് പുലിവാലായത്.
3,000- 50,000
രൂപ വരെ ബാറ്ററി വില
മോഷണം തകൃതിയായ ഇടങ്ങൾ
കൊച്ചി
ഇടപ്പള്ളി
ചേരാനെല്ലൂർ
വൈറ്റില
കണ്ടെയ്‌നർ റോഡ്
ആലുവ
മൂവാറ്റുപുഴ
പെരുമ്പാവൂർ
കോതമംഗലം
തൃപ്പൂണിത്തുറ
കളമശ്ശേരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |