തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം റാന്നിയിലേക്ക് പുറപ്പെട്ടു. ഈഞ്ചക്കൽ ക്രൈംബ്രാഞ്ച് ഓഫീസിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് പുറപ്പെട്ടത്. ഉച്ചയ്‌ക്ക് പന്ത്രണ്ടുമണിയോടെ റാന്നി കോടതിയിൽ ഹാജരാക്കും. ഇന്നുതന്നെ അന്വേഷണ ഉദ്യോഗസ്ഥർ കസ്റ്റഡി അപേക്ഷ നൽകും.
ഇന്ന് ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ കിട്ടിയാൽ പത്തനംതിട്ടയിലെ ഏതെങ്കിലും ക്യാമ്പിലെത്തിച്ച് പ്രാഥമികമായി ചോദ്യം ചെയ്യും. അതിനുശേഷമായിരിക്കും അന്വേഷണ സംഘം തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുക. ഹൈദരാബാദ് അടക്കമുള്ളയിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇതുവരെ തൊണ്ടിമുതലൊന്നും കണ്ടെത്താനായിട്ടില്ല. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പിന്നിൽ ആരൊക്കെയുണ്ട് എന്നും കണ്ടെത്തേണ്ടതുണ്ട്.
സ്വർണക്കൊള്ളയ്ക്ക് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് നൽകിയ മൊഴി. ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെയും മൊഴി നൽകിയിട്ടുണ്ട്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷ് എന്നയാളെ കൊണ്ടുവന്നതെന്നും ഇയാൾ വ്യക്തമാക്കി. ആരാണ് കൽപേഷ് എന്നതിനെക്കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
പലരിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ കൂടാതെ ഭരണസമിതിയും സഹായിച്ചിട്ടുണ്ട്. ഇവർക്കെല്ലാം പ്രത്യുപകാരം ചെയ്തിട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എസ് പി ശശിധരന്റേ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് ഇയാളെ ചോദ്യം ചെയ്‌തത്.
ഇന്നലെ രാവിലെ കിളിമാനൂരിനടുത്ത് പുളിമാത്തെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 10 മണിക്കൂറോളം ചോദ്യം ചെയ്തശേഷം പുലർച്ചെ രണ്ടരയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2019 മാർച്ചിലാണ് ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ കടത്തിക്കൊണ്ടുപോയി സ്വർണം തട്ടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |