നടി തൃഷ കൃഷ്‌ണനെ കുറിച്ച് പറയാൻ കൂടുതൽ മുഖവുരകളുടെ ആവശ്യമില്ല. തെന്നിന്ത്യയിലെ സൂപ്പർ നായികമാരുടെ പട്ടികയെടുത്താൻ ആദ്യം തന്നെ തൃഷയുടെ പേരുണ്ടാകും. തെലുങ്കിലും തമിഴിലും തിരക്കേറിയ താരം നിവിൻ പോളി നായകനായ മലയാളം ചിത്രത്തിലും വേഷമിട്ടിരുന്നു. പൊന്നിയൻ സെൽവൻ 2വിലാണ് തൃഷ അവസാനമായി അഭിനയിച്ചത്. കുന്ദവിയായി തിളങ്ങിയ തൃഷ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പൊന്നിയൻ സെൽവനിലെ അഭിനയത്തിന് ആരാധകരുടെ അഭിനന്ദന പ്രവാഹവും താരത്തെ തേടിയെത്തിയിരുന്നു.
ഇപ്പോഴിതാ തൃഷയെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിലും സിനിമാ മാദ്ധ്യമങ്ങളിലും നിറയുന്നത്. മറ്റൊന്നുമല്ല, താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചർച്ചകളാണ്. തൃഷയും മലയാളത്തിലെ പ്രമുഖ നിർമ്മാതാവും തമ്മിലുള്ള വിവാഹം അടുത്തു തന്നെ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താരത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തൃഷയുമായി ബന്ധപ്പെട്ടവരാരും തന്നെ ഇതേ കുറിച്ച് പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇതാദ്യമായല്ല തൃഷയുടെ വിവാഹത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നത്. നേരത്തെ സംരഭകനും നിർമ്മാതാവുമായ വരുൺ മണിയനുമായി തൃഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം വിളിച്ച് ചേർത്ത ചടങ്ങായിരുന്നു അത്. എന്നാൽ മറ്റെന്തോ കാരണം കൊണ്ട് ഈ വിവാഹം നടന്നില്ല. ഇതിന് ശേഷം തൃഷ തെലുങ്ക് താരം റാണ ദഗ്ഗുബട്ടിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോർട്ടും പുറത്തുവന്നിരുന്നു.
അടുത്തിടെ പുറത്തുവന്ന ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇപ്പോൾ അക്കാര്യം ചിന്തിക്കുന്നില്ലെന്നാണ് താരം പ്രതികരിച്ചത്. വിവാഹത്തിന് ശേഷമുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു ഡിവോഴ്സിലേക്ക് എത്താൻ താൽപര്യമില്ലെന്നാണ് താരം പറഞ്ഞത്. തന്റെ സുഹൃത്തുക്കളിൽ ഒരുപാട് പേർ വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുന്നുണ്ടെന്നും എന്നാൽ മറ്റ് ചിലർ വിവാഹമോചനത്തിന്റെ വക്കിലാണെന്നും തൃഷ അഭിമുഖത്തിൽ പറഞ്ഞു. തനിക്ക് പറ്റിയ ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അതുകൊണ്ട് വിവാഹത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നുമാണ് താരം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |