തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട് തെറ്രിദ്ധാരണ പരത്താനാണ് മുൻ ധനമന്ത്രി തോമസ് ഐസക്ക് തന്നോട് ഏഴുചോദ്യങ്ങൾ ചോദിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനിടെ മുഖ്യമന്ത്രിയോട് ചോദിച്ച ഏഴു ചോദ്യങ്ങൾക്കും മറുപടി കിട്ടിയിട്ടില്ല. ഐസക്കിന്റെ ചോദ്യങ്ങൾക്ക് രേഖകളുടെ അടിസ്ഥാനത്തിൽ മറുപടിയുണ്ടെന്നും സതീശൻ വ്യക്തമാക്കി.
കിഫ്ബി വായ്പ കടമെടുപ്പ് പരിധിയിൽ വരുമെന്ന് പ്രതിപക്ഷം പറഞ്ഞിട്ടില്ലെന്നാണ് ഐസക്കിന്റെ വാദം. 2016 നവംബർ രണ്ടിന് കിഫ്ബി ഭേദഗതി ചർച്ചയിൽ ഇക്കാര്യത്തിൽ തങ്ങൾ മുന്നറിയിപ്പ് നൽകിയതായി നിയമസഭാ രേഖകളിലുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് വായ്പ എടുക്കുന്നതിന് എതിരല്ല. ഉമ്മൻചാണ്ടി സർക്കാർ മെട്രോ ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ വായ്പയെടുത്താണ് നടപ്പാക്കിയത്. അതെല്ലാം വായ്പ തിരിച്ചടക്കാൻ സാധിക്കുന്ന സെൽഫ് സസ്റ്റെയിനിംഗ് പദ്ധതികളായിരുന്നു. കിഫ്ബി അങ്ങനല്ല. കിഫ്ബി ഭേദഗതി ബിൽ ചർച്ച പരിശോധിച്ചാൽ ഐസക്കിന് അത് ബോദ്ധ്യമാകും. കിഫ്ബി ആന്വിറ്റി മാതൃക പിന്തുടരുന്നെങ്കിൽ 9.723 ശതമാനം പലിശയ്ക്ക് മസാല ബോണ്ടുകളിലൂടെ സമാഹരിച്ച 2150 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് സ്വകാര്യ ബാങ്കുകളിൽ നിക്ഷേപിച്ചത് എന്തിനായിരുന്നെന്ന് വ്യക്തമാക്കാമോയെന്നും സതീശൻ ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |