2022 സെപ്തംബർ
15 - ടൊറന്റോയിലെ സ്വാമി നാരായൺ മന്ദിറിന് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തിനെതിരെ ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെ എക്സ് പോസ്റ്റ്. കനേഡിയൻ ഭരണകൂടം അന്വേഷിക്കണമെന്ന് ആവശ്യം
20 - കാനഡയിൽ വർദ്ധിക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
2023 മാർച്ച്
23 - സിഖ് ഭീകരൻ അമൃത് പാൽ സിംഗിനെതിരെ ഇന്ത്യയിൽ നടന്ന തിരച്ചിലിനെ പറ്റി കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനീ ജോളിയുടെ പ്രസ്താവന. പിന്നാലെ വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ ഖാലിസ്ഥാൻ അനുകൂല പ്രതിഷേധം. കാനഡയ്ക്ക് പുറമേ യു.എസ്, യു.കെ എന്നിവിടങ്ങളിലെയും ഇന്ത്യയുടെ നയതന്ത്ര കേന്ദ്രങ്ങൾക്ക് നേരെ ഖാലിസ്ഥാൻവാദികളുടെ പ്രതിഷേധങ്ങൾക്ക് ഇത് തിരിതെളിച്ചു
25 - കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെ ഉയരുന്ന ഭീഷണിക്കെതിരെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ ആശങ്ക അറിയിച്ചു. പൊലീസ് സാന്നിദ്ധ്യമുണ്ടായിട്ടും ഖാലിസ്ഥാൻവാദികൾ ഇന്ത്യൻ നയതന്ത്ര കേന്ദ്രങ്ങളുടെ സുരക്ഷാ വലയങ്ങൾ ഭേദിക്കുന്നതിനെതിരെ വിശദീകരണവും തേടി
ജൂൺ
5 - ഇന്ത്യ തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നെന്ന് കനേഡിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോഡി തോമസ്
8 - മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ചിത്രീകരിക്കുന്ന ഫ്ലോട്ടുമായി കാനഡയിലെ ബ്രാംപ്റ്റണിൽ ഖാലിസ്ഥാൻവാദികളുടെ പ്രകടനം. രൂക്ഷമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ
10 - സംഭവം വിദ്വേഷ കുറ്റകൃത്യമല്ലെന്ന് പൊലീസ് റിപ്പോർട്ട് ലഭിച്ചതായി ബ്രാംപ്റ്റൺ മേയർ
18 - ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ സറെയിലെ സിഖ് ക്ഷേത്രത്തിന് മുന്നിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
29 - വോട്ട് ബാങ്കിന്റെ സ്വാധീനം മൂലം ഖാലിസ്ഥൻ വിഷയം കൈകാര്യം ചെയ്യുന്നത് കനേഡിയൻ സർക്കാർ പരിമിതപ്പെടുത്തുന്നെന്നും ഇന്ത്യയുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാകുന്ന തരത്തിൽ ഇത് മാറിയാൽ മറുപടി ഉറപ്പെന്നും ജയശങ്കർ. കാനഡയിലെ ഇന്ത്യൻ വംശജരിൽ മൂന്ന് ശതമാനമുള്ള സിഖ് വംശജർ പ്രധാന വോട്ട് ബാങ്കാണ്
ജൂലായ്
4 - കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ഖാലിസ്ഥാന്റെ ഭീഷണി പോസ്റ്ററുകൾ. പിന്നാലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു
6 - ഖാലിസ്ഥാനെതിരെ മൃദുസമീപനം സ്വീകരിക്കുന്നെന്ന ആരോപണം തള്ളി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ
സെപ്തംബർ
2 - ഇന്ത്യ-കാനഡ സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ താത്കാലികമായി നിറുത്തിയെന്ന് കാനഡ
10 - ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ട്രൂഡോയും തമ്മിലെ കൂടിക്കാഴ്ച. ഖാലിസ്ഥാൻ തീവ്രവാദികൾക്കെതിരെ കനേഡിയൻ ഭരണകൂടം കർശ്ശന നടപടി സ്വീകരിക്കാത്തതിലുള്ള പ്രതിഷേധം മോദി അറിയിച്ചു. അന്നേദിവസം കാനഡയിലെ സറെയിൽ ഖാലിസ്ഥാനികൾ ഇന്ത്യക്കെതിരെ ഹിതപരിശോധന നടത്തി. ഭീകരൻ ഗുർപന്ത് സിംഗ് പന്നു, മോദിക്കും എസ്. ജയശങ്കറിനുമെതിരെ ഭീഷണി മുഴക്കി. കനേഡിയൻ സർക്കാർ പ്രതികരിക്കാത്തതിനാൽ ഒക്ടോബർ 29ന് മറ്റൊരു ഹിതപരിശോധന കൂടി നടത്താനുള്ള നീക്കത്തിലാണ് ഖാലിസ്ഥാൻവാദികൾ
14 - വ്യാപാര കരാർ ചർച്ചകൾ നിറുത്തിവച്ചെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലും വ്യക്തമാക്കി. രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ചർച്ചകൾ പുനഃരാരംഭിക്കുമെന്ന് സൂചന നൽകി
16 - കനേഡിയൻ വ്യാപാര മന്ത്രി മേരി ഇംഗിന്റെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 9ന് നടത്താനിരുന്ന ഇന്ത്യാ സന്ദർശനം മാറ്റിവച്ചെന്ന് പ്രഖ്യാപനം. കാരണം വ്യക്തമാക്കിയില്ല
19 - നിജ്ജാറിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യക്ക് ബന്ധമുണ്ടെന്ന് വിശ്വസനീയമായ ആരോപണങ്ങളുണ്ടെന്ന് കനേഡിയൻ പാർലമെന്റിൽ ട്രൂഡോ. ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയെന്ന് മെലാനീ ജോളി. ട്രൂഡോയുടെ ആരോപണം തള്ളിയ ഇന്ത്യ കനേഡിയൻ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി. 5 ദിവസത്തിനുള്ളിൽ രാജ്യംവിടാൻ നിർദ്ദേശം
20 - കാനഡയിൽ ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |