തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിന് കടലാവകാശ നിയമം നടപ്പാക്കണമെന്ന ആവശ്യവുമായി കേരള കോൺഗ്രസ്- എം. ചെയർമാൻ ജോസ്.കെ.മാണി എം.പി ഇക്കാര്യത്തിൽ പാർലമെന്റിൽ സ്വകാര്യ ബില്ല് അവതരിപ്പിക്കും. പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള കോൺഗ്രസ്- എം സെമിനാർ സംഘടിപ്പിക്കും. നിലവിലെ പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത സർവകക്ഷി സമ്മേളനത്തിലും ജോസ്.കെ.മാണി വിഷയം ഉന്നയിച്ചിരുന്നു. ആദിവാസി, ഗോത്ര വിഭാഗങ്ങൾക്കായുള്ള വനാവകാശ നിയമ മാതൃകയിൽ വേണമെന്നാണ് ആവശ്യം.
തിരുവനന്തപുരം പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസിൽ നാളെ വൈകിട്ട് മൂന്നിനാണ് സെമിനാർ. മത്സ്യ സമ്പത്തിലും കടൽ വിഭവങ്ങളിലും തീരത്തും മത്സ്യത്തൊഴിലാളികൾക്ക് നിയമപരമായ അവകാശം ലഭ്യമാക്കണമെന്ന ആവശ്യം ചർച്ച ചെയ്യും. കേന്ദ്ര സർക്കാരിന്റെ ബ്ലു ഇക്കോണമിക് പോളിസിയുടെ ദൂഷ്യഫലങ്ങൾ സംബന്ധിച്ച വിശകലനങ്ങളും നടക്കും.
ജോസ്.കെ.മാണി വിഷയം അവതരിപ്പിക്കും. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ.വി.തോമസ്, സർക്കാർ ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, മുൻ ഫിഷറീസ് ജോയിന്റ് ഡയറക്ടർ എം.എസ്.സാനു, സ്റ്റീഫൻ ജോർജ്ജ്, പ്രമോദ് നാരായണൻ എം.എൽ.എ, ബേബി കാവുങ്കൽ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |