തിരുവനന്തപുരം: കൊച്ചി മെട്രോയുടെ വരുമാനത്തിൽ വൻകുതിപ്പ്., ചരിത്രത്തിലാദ്യമായി കൊച്ചി മെട്രോ പ്രവർത്തനലാഭം കൈവരിച്ചു.
2022-23 വർഷത്തിൽ 5.35 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് കൊച്ചി മെട്രോ നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 145% വർദ്ധനവ് നേടിക്കൊണ്ടാണ് കൊച്ചി മെട്രോ ഈ നേട്ടം കൈവരിച്ചത്. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ കാലത്തിനുള്ളിൽ ലാഭം നേടാൻ സാധിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. ഈ നേട്ടത്തിൽ കെഎംആർഎല്ലിലെ എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
വിദ്യാർത്ഥികൾക്കും സ്ഥിരം യാത്രികർക്കുമായുള്ള വിവിധ സ്കീമുകൾ ഏർപ്പെടുത്തിയും സെൽഫ് ടിക്കറ്റിംഗ് മഷീനുകൾ സ്ഥാപിച്ചും യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കിയും കൂടുതൽ യാത്രക്കാരെ മെട്രോയിലേക്കെത്തിക്കാൻ സാധിച്ചു. ഡിസംബർ-ജനുവരി മാസത്തിൽ തൃപ്പൂണിത്തുറ സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുകയും കൊച്ചി മെട്രോ രണ്ടാം ഘട്ടം കൂടി പ്രാവർത്തികമാകുകയും ചെയ്യുമ്പോൾ വരുമാനത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും മികച്ച മെട്രോ സംവിധാനമാക്കി കൊച്ചി മെട്രോയെ മാറ്റാൻ സഹായിക്കും. 1957 കോടി രൂപയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കായുള്ള പുതുക്കിയ ഭരണാനുമതി സർക്കാർ ലഭ്യമാക്കിയതോടെ കാക്കനാട് ഭാഗത്തേക്കുള്ള മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |