ന്യൂഡൽഹി : ശബരിമലയിലെ അന്നദാനവുമായി ബന്ധപ്പെട്ട് അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ രണ്ട് വിഭാഗങ്ങൾ തുടരുന്ന ഭിന്നത വിഷമവൃത്തത്തിലാക്കിയത് സുപ്രീംകോടതിയെ. ഹൈക്കോടതി വിലക്കിയ അന്നദാനം പുന:സ്ഥാപിക്കണമെന്ന ആവശ്യത്തിൽ സംഘടനയുടെ രണ്ട് വിഭാഗങ്ങൾ കോടതിയിൽ ചേരി തിരിഞ്ഞതു കാരണം വിഷയം അടുത്ത ചൊവ്വാഴ്ച്ച പരിഗണിക്കാൻ മാറ്റി.
കൊയ്യം ജനാർദ്ദൻ, ഡി.വിജയകുമാർ വിഭാഗങ്ങളാണ് പ്രത്യേകം ഹർജികൾ സമർപ്പിച്ചത്. രണ്ടു പേരും തങ്ങളാണ് സംഘടനയുടെ ജനറൽ സെക്രട്ടറിയെന്നും. തങ്ങളുടെ വിഭാഗമാണ് യഥാർത്ഥ സംഘടനയെന്നും പറയുന്നു. കൊയ്യം ജനാർദ്ദൻ സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ അനിരുദ്ധ ബോസും, ബേല എം. ത്രിവേദിയും അടങ്ങിയ ബെഞ്ച് ഇന്നലെ പരിഗണിച്ചപ്പോൾ, തങ്ങളെയും കേൾക്കണമെന്ന് ഡി. വിജയകുമാർ വിഭാഗവും ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ അനുമതിയോടെ 2017 മുതൽ ശബരിമലയിൽ അന്നദാനം നടത്തി വന്നിരുന്ന അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന് കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതി അനുമതി നിഷേധിച്ചു. അന്നദാനത്തിന് സമ്മതം തേടി ശബരിമല അയ്യപ്പ സേവ സമാജമെന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു നടപടി. ബോർഡ് അന്നദാനം നടത്തുന്ന സാഹചര്യത്തിൽ വേറെ ആർക്കും അനുമതി നൽകേണ്ടതില്ലെന്ന തീരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിലപാട് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |