അൻപത്തിമൂന്നാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ, പ്രത്യേക ജൂറി പരാമർശം നേടിയ അലൻസിയർ തകർത്തഭിനയിച്ച അപ്പൻ എന്ന സിനിമയിലെ ഷീല എന്ന നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെ ആരും മറക്കാൻ വഴിയില്ല. അലൻസിയർ അവതരിപ്പിച്ച ഇട്ടിയുടെ ജീവൻ നിലനിർത്തുന്ന, അപ്പന്റെ ഷീലയായി വേഷമിട്ടത് രാധിക രാധാകൃഷ്ണനാണ്. രാധികയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയ സമ്മാനമാണ് മജു സംവിധാനം ചെയ്ത അപ്പനിലെ ഷീല എന്ന കഥാപാത്രം. അഭിനയിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നില്ലെങ്കിലും വളരെ യാദൃച്ഛികമായാണ് രാധിക സിനിമയിലേക്ക് കടന്നുവരുന്നത്. എന്നാൽ രാധിക ഇപ്പോൾ അഭിനയത്തെ തന്റെ കൂടെ കൂട്ടിക്കഴിഞ്ഞു. തന്റെ ആദ്യ ചിത്രത്തിലെ അഭിനയ അനുഭവങ്ങളും പുതിയ വിശേഷങ്ങളും രാധിക രാധാകൃഷ്ണൻ കേരളകൗമുദിയോട് പങ്കുവച്ചു.
റേഡിയോ ജോക്കി, വീഡിയോ ജോക്കി, മോഡൽ, ആങ്കർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചതിനു ശേഷം അഭിനേത്രിയായി?
ആർജെ ആയിട്ടായിരുന്നു തുടക്കം. പിന്നീട് അവതാരക. അതിനോടൊപ്പം അവതരണം, വോയ്സ് ഓവർ ഒക്കെ ചെയ്തിരുന്നു. അഭിനേത്രിയാവുക എന്നൊരിക്കലും ആഗ്രഹിച്ചില്ല. അഭിനയം എനിക്ക് വഴങ്ങുമെന്ന് മനസിലാക്കി തന്നത് അപ്പൻ സിനിമയുടെ സംവിധായകൻ മജു ആണ്.
അപ്പൻ ആയിരുന്നോ ആദ്യ ചിത്രം, സിനിമയിലേക്കുള്ള വരവ്?
അപ്പൻ ആയിരുന്നു ആദ്യ സിനിമ. ചെറിയ ആഡ്സിലൊക്കെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.അതെല്ലാം കാണുമ്പോൾ ചമ്മലൊക്കെ തോന്നിയിട്ടുണ്ട്. എന്നാൽ ആ ചമ്മലൊന്നും ആങ്കറിംഗ് ചെയ്യുമ്പോൾ തോന്നിയിട്ടില്ല.രാധിക എന്ന ഒരു വ്യക്തിയുടെ ഐഡന്റിറ്റി തന്നെയാണ് അവിടെ പ്രതിഫലിക്കുന്നത്. പക്ഷെ സിനിമ എന്ന് പറയുന്നത് രാധിക എന്ന വ്യക്തിയെ പൂർണമായും മാറ്റുന്നതാണല്ലോ, അവിടെ നമ്മളില്ലല്ലോ, കഥാപാത്രം മാത്രമാവുകയാണല്ലോ, എനിക്കത് ബുദ്ധിമുട്ടായി തോന്നിയിരുന്നു. ഫോട്ടോ ഷൂട്ടുകൾ ചെയ്യുമായിരുന്നു. ഒരിക്കൽ അപ്പന്റെ കാസ്റ്റിംഗ് കോൾ വന്നു. എന്റെ ഫോട്ടോസ് കണ്ടിട്ട് മെസേജ് അയക്കുകയായിരുന്നു, അഭിനയിക്കാൻ താത്പര്യമുണ്ടെങ്കിൽ ഓഡിഷന് വരു എന്ന്, എന്നാൽ ഞാനത് ഫേക്കായിരിക്കുമെന്ന് കരുതി. പിന്നെ വീണ്ടും അവർ മെസേജ് അയച്ചു. താത്പര്യമില്ലെങ്കിൽ വേറെ ആളെ നോക്കാനായിരുന്നു എന്ന് പറഞ്ഞപ്പോഴാണ് അത് സീരിയസായുള്ളൊരു ഓഡിഷൻ കോളാണെന്ന് മനസിലായത്. അങ്ങനെ ഓഡിഷന് പോയി, എന്നാൽ ആദ്യഘട്ട ഓഡിഷനിൽ എന്റെ പെർഫോമൻസ് കണ്ടിട്ട് അവരാദ്യം എടുത്തില്ല. പിന്നെ ലുക്ക്വൈസ് ഞാൻ ഓക്കെയായിരുന്നു. അതുകൊണ്ട് ട്രെയിനിംഗ് തന്നു. അങ്ങനെയാണ് അപ്പന്റെ ഭാഗമാവുന്നത്.
അപ്പനിലെ ഷീലയാവാൻ തയ്യാറെടുപ്പുകൾവേണ്ടിവന്നിരുന്നോ?
പ്രധാന വെല്ലുവിളിയായി മുൻപിലുണ്ടായിരുന്നത് ഭാഷാ ശൈലിയായിരുന്നു. എന്നാൽ അവസാനം അത് വേണ്ടി വന്നില്ല. എത്ര ശ്രമിച്ചിട്ടും തൊടുപുഴ സ്ളാംഗ് വരുന്നില്ല, അവസാനം അത് പറ്റുന്നില്ലായെന്നായപ്പോൾ മജു ചേട്ടൻ ആ സ്ളാംഗ് വേണ്ടെന്ന് പറഞ്ഞു.
ഏതെങ്കിലും ഷോട്ടുകൾ ബുദ്ധിമുട്ടായിതോന്നിയിരുന്നോ?
ഞാൻ കാരണം അവർക്ക് ബുദ്ധിമുട്ടുണ്ടായെങ്കിലേയുള്ളു, വളരെ മനസിലാക്കിയാണ് ഷൂട്ട് മുന്നോട്ട് പോയിരുന്നത്. അലൻസിയർ ചേട്ടനായാലും മറ്റു താരങ്ങളായാലും തന്ന ഒരു സ്പേസ് അത് വളരെയധികം സഹായിച്ചിട്ടുണ്ടായിരുന്നു.ഡയറക്ടർ അദ്ദേഹത്തിന്റെ ഒരു ഇൻപുട്ട് പറയും, അതും ഒരുപാട് സഹായിച്ചിട്ടുണ്ട്. എന്റെ കഥാപാത്രത്തെ എനിക്ക് മനസിലാക്കാൻ ബുദ്ധിമുട്ടായിരുന്നു. എല്ലാവരും ഒരുപാട് സഹായിച്ചിട്ടുണ്ട്.
അപ്പൻ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യത കുറഞ്ഞുപോയെന്ന് തോന്നിയിട്ടുണ്ടോ?
ആളുകളിലേക്ക് എത്താതെ പോയെന്ന് തോന്നിയിട്ടുണ്ട്. ഇതൊരു ചെറിയ ബാനറിൽ കുറഞ്ഞ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ്. ഈ സിനിമ ഇത്രപേർ കാണുമെന്നൊന്നും നമുക്കൊരു പ്രതീക്ഷയുണ്ടായിരുന്നില്ല. അതുകൊണ്ടാണ് നമ്മൾ തീയേറ്റർ പോലും വേണ്ടാന്ന് വച്ച് സോണി ലൈവിൽ റിലീസ് ചെയ്തത്. സത്യം പറഞ്ഞാൽ ഈ ചിത്രത്തിന്റെ പ്രൊമോഷൻ ചെയ്തത് സിനിമ കണ്ട പ്രേക്ഷകർ തന്നെയാണ്.
പുതിയ വിശേഷങ്ങൾ എന്തൊക്കെയാണ്?
ആഷിക്ക് അബു ക്യാമറ ചെയ്യുന്ന ദിലീഷ് നായർ സംവിധാനം ചെയ്യുന്ന ലൗലി എന്ന ചിത്രത്തിൽ അഭിനയിച്ചു. പിന്നെ ഹോട്ട് സ്റ്റാറിന്റെ 1000+ ബേബീസ് എന്ന വെബ് സീരീസ് ചെയ്യുന്നുണ്ട്. മജു ചേട്ടൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.
കുടുംബം
ഞാൻ അഭിനയിക്കുന്നതിൽ വീട്ടുകാരേറെ സന്തോഷത്തിലാണിന്ന്. പാലക്കാടാണ് സ്വദേശം. അച്ഛൻ മധു, അമ്മ ബിന്ദു.ഭർത്താവ് അജയ് സത്യനൊപ്പം കൊച്ചിയിലാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |