കൊല്ലം: ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പത്രരംഗത്ത് പുതിയ ശീലങ്ങൾ സൃഷ്ടിച്ച് കേരളകൗമുദി മാതൃകയാവുകയാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കൊല്ലം ശ്രീനാരായണ മൂവ്മെന്റ് ഏർപ്പെടുത്തിയ പത്രാധിപർ കെ.സുകുമാരൻ സ്മാരക പത്രപ്രവർത്തക അവാർഡ് കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കേരളകൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം.
ഓൺലൈൻ മാദ്ധ്യമരംഗത്ത് വലിയ മാറ്റങ്ങൾ വരുന്നതിനാൽ ആധുനികവത്കരണം അതിപ്രധാനമാണ്. 24 പേജുകളോടെ കേരളകൗമുദി ഇ- പേപ്പർ ഇപ്പോൾ വായനക്കാർക്ക് ലഭ്യമാകുന്നുണ്ട്. ഈ 24 പേജുകളിലെയും വാർത്തകളുടെ ഓഡിയോ വേർഷനും വായനക്കാർക്ക് ലഭിക്കുന്നു. ഇത് മലയാള പത്രരംഗത്ത് ആദ്യത്തെ അനുഭവമാണ്. വായനക്കാരുടെ ശീലങ്ങൾ മാറുകയാണ്. ആ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മാറാൻ കേരളകൗമുദിക്ക് കഴിയുന്നു. മലയാളത്തിൽ പത്രാധിപരെന്ന് പറഞ്ഞാൽ അത് പത്രാധിപർ കെ. സുകുമാരനാണ്. അദ്ദേഹം കേരളകൗമുദിയെ അതിവേഗം ജനകീയമാക്കിയെന്നും മന്ത്രി പറഞ്ഞു.
ശ്രീനാരായണ മൂവ്മെന്റ് പ്രസിഡന്റ് എസ്.സുവർണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ബി.എ.രാജാകൃഷ്ണൻ സ്മാരക പത്രപ്രവർത്തക അവാർഡ് കേരളശബ്ദം സീനിയർ കറസ്പോണ്ടന്റ് പി.ജയചന്ദ്രന് മന്ത്രി സമ്മാനിച്ചു. ശ്രിനാരായണ വേൾഡ് കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് ജി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. അനിൽ പടിക്കൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി. അവാർഡ് ജേതാക്കൾ മറുപടി പ്രസംഗം നടത്തി. കൊല്ലം പ്രസ് ക്ലബ്ബ് സെക്രട്ടറി സനൽ ഡി.പ്രേം സംസാരിച്ചു. ശ്രീനാരായണ മൂവ്മെന്റ് സെക്രട്ടറി പ്രബോധ് എസ്.കണ്ടച്ചിറ സ്വാഗതവും കീർത്തി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |