അച്ഛനുമായി ഞാൻ ആഴത്തിൽ സംവേദിച്ചു തുടങ്ങുന്നത് 1986 തൊട്ടാണ്. കൃത്യമായി പറഞ്ഞാൽ 1986 ഫെബ്രുവരി 23 തൊട്ട്. ആ ദിവസമാണ് അച്ഛൻ പക്ഷാഘാതമേറ്റ് വീഴുന്നത്. അതിനു മുൻപുവരെ, വെള്ളിത്തിരയുടെ വമ്പൻ തിരകൾ മുറിക്കുന്ന, അകലങ്ങളിൽ വർത്തിക്കുന്ന ഒരു അതിമാനുഷൻ മാത്രമായിരുന്നു എനിക്ക് അച്ഛൻ.
ഒരു നടന്റെ പണിശാല അവന്റെ ഉടമ്പാണ്. മനസ്സിന്റെയും മസ്‌തിഷ്കത്തിന്റെയും ആത്മാവിന്റെയും ഇന്ധനം കത്തിച്ച്, കടലാസിൽ പിറന്ന മനുഷ്യർക്ക് മജ്ജയും മാംസവും വീക്ഷണവും ഉടുപ്പിച്ച്, വളർത്തി, വാനോളമെത്തിക്കുന്ന ഒരു പണിശാല.
അകാലത്തിൽ പ്രവർത്തനം നിലച്ചുപോയ മഹത്തായൊരു പണിശാലയുടെ കടബാദ്ധ്യത പേറുന്ന ഉടമയായി മാറി, പെട്ടെന്ന്, അച്ഛൻ.
ആ കണ്ണിലും ആ ഉള്ളിലും ആദ്യം വിധിയോടുള്ള പരിഭവം നിറഞ്ഞു.
പിന്നെയത് കോപമായി. ക്രമേണ അതെല്ലാം വറ്റി. ഒടുവിൽ അജ്ഞാതമായ ഏതോ ഉറവയിൽ നിന്ന് ഊറിവന്ന ആത്മീയതയുടെ ഗംഗാജലമായി.
അച്ഛൻ ശാന്തനായി.
വിജയിയായി.
ഒരു ഉറഞ്ഞ സൂര്യനായി.
എന്നെപ്പോലുള്ള നിസ്സാരർക്ക് അടുക്കാമെന്നായി.
അടുത്തിരിക്കാമെന്നായി.
പ്രതിഭയുടെ ചൂട് കായാമെന്നായി.
ആവേശം കയറിയ മകൻ ഒരുപാടു ചോദ്യങ്ങൾ ചോദിക്കുവാൻ തുടങ്ങി.
ഫിസിയോതെറാപ്പി സെഷനുകൾക്കും ഔഷധനിർമ്മിത മയക്കത്തിനുമിടയിലെ ചെറിയ ഇടവേളകളിൽ അച്ഛൻ മകനോട് സൗമനസ്യം കാട്ടി.
ചിലപ്പോൾ ഒറ്റവാക്കിലെ ഉത്തരങ്ങൾ.
ചിലപ്പോൾ മൂളലുകൾ.
ചിലപ്പോൾ അർത്ഥഗർഭമായ ഒരു ഇമകൂട്ടൽ.
ചുരുക്കം ചിലപ്പോൾ, എനിക്ക് ഭാഗ്യമുണ്ടെങ്കിൽ, വാക്യങ്ങൾ!
'' അച്ഛന് ഏറ്റവും ഇഷ്ടമുള്ള സംവിധായകൻ ആരാണ്?"
അദ്ഭുതം.
ചോദ്യചിഹ്നത്തിൽ കുത്ത് ഇടുംമുമ്പ് വന്നു ഉത്തരം:
''ജോർജ്.""
'' Why?""
ധൈര്യം സംഭരിച്ചാണ് ഇതു ചോദിച്ചത്, ഡോക്ടറുടെ മുന്നറിയിപ്പായിരുന്നു കാരണം (''Mood swings ശ്രദ്ധിക്കണം; medicine-induced ആണ്. Do not ignite it or incite it..."")
അച്ഛൻ ശാന്തനായി തുടർന്നു. ഉത്തരം പറയാൻ ഇഷ്ടമുള്ളതുപോലെയും തോന്നി.
''Why?... Because he knows what actually goes into the art called acting. Because he knows what cinema is. Because he knows how to appreciate brilliance. Because he himself is brilliant. So is his craft.""
ശുദ്ധമായ ആംഗലേയത്തിൽ ആ പറഞ്ഞത് എനിക്കു മനസ്സിലായി എന്ന് തോന്നിയതുകൊണ്ടാവണം, വിപുലീകരിക്കാൻ അച്ഛൻ നിന്നില്ല.
'' ആ... ഇനി തുടങ്ങിക്കോ..."" എന്ന് ആജ്ഞാപിച്ച ശേഷം കണ്ണടച്ചുകിടന്നു. ഞാൻ ഒരു മതവിദ്യാർത്ഥിയുടെ നിഷ്ഠയോടെ അച്ഛന്റെ തളർന്നുപോയ ഇടതുകാൽ എടുത്ത് മടിയിൽ വച്ച് തിരുമ്മൽ ആരംഭിച്ചു.
ഓർമ്മകൾ വന്നു തള്ളി.
തബലിസ്റ്റ് അയ്യപ്പൻ ആകാൻ തയ്യാറെടുക്കുന്ന ദിവസങ്ങളിൽ എന്നെക്കൊണ്ട് തബല വായിപ്പിച്ച്, എന്റെ അംഗുലചലനങ്ങൾ ഒരു കുട്ടിയുടെ ഉണർവ്വോടെ അച്ഛൻ നോക്കിനിന്നത്....
ദുശ്ശാസന കുറുപ്പിൽ അമിതാഭിനയം ഉണ്ടോ എന്ന് സംശയം പ്രകടിപ്പിച്ച ഒരു നിരൂപണ ശകലം കാട്ടിയപ്പോൾ ശൈലീകൃത അഭിനയത്തെപ്പറ്റി അച്ഛൻ പറഞ്ഞുതന്നത്..
മാമച്ചൻ മുതലാളി ഭൃത്യന് തോക്കെറിഞ്ഞ് കൊടുക്കുന്ന രീതി കണ്ടു കൊതിച്ച്, ആരുംകാണാതെ ഒരു ഓലമടൽ അനുജത്തിക്ക് എറിഞ്ഞുകൊടുത്തുകൊണ്ട് ഞാൻ അച്ഛനെ അനുകരിച്ചത്...
പുകയുന്ന സിഗററ്റ് കൊള്ളിയും കടിച്ച് നീന്തൽക്കുളത്തിൽ കിടന്നുകൊണ്ട് ലേഖയ്ക്ക് സിനിമയും ജീവിതവും ഓഫർ ചെയ്യുന്ന സുരേഷ് എന്ന വിഖ്യാത സംവിധായകനിൽ കത്താതെ കത്തി നിൽക്കുന്ന Libido യുടെ വിദ്യുച്ഛക്തിയേയും... അതിനെ വരയ്ക്കാതെ വരച്ചിട്ട നടനചാതുരിയുടെ സ്രോതസിനെയും ആരാധനയോടെ അളക്കാൻ ശ്രമിച്ചത്..
ഓർമ്മകളുടെ തള്ള്.
ഞാൻ ഇപ്പോൾ ഇതെഴുതുമ്പോഴും അച്ഛൻ ഉറങ്ങുന്നു. കാലത്തിന്റെ ഇങ്ങേവശത്ത് ഇരുന്നുകൊണ്ട് ഇപ്പോഴും ഞാൻ ആ കാല് തിരുമ്മുന്നു.
സ്നേഹമുള്ളവരെക്കുറിച്ച് പറയുമ്പോൾ, ബഹുമാനമുള്ളവരെക്കുറിച്ച് പറയുമ്പോൾ, അച്ഛൻ വാക്കുകളെക്കാളേറെ... കണ്ണുകൾകൊണ്ട് സംസാരിച്ചിരുന്നു.
ആ കണ്ണുകളിൽ വിടരുന്ന നക്ഷത്രങ്ങൾ എണ്ണിയാണ് ഞാൻ ആ സ്നേഹത്തിന്റെ അളവെടുത്തിരുന്നത്.
കെ.ജി. ജോർജ്ജ് സാറിനെക്കുറിച്ച് പറയുമ്പോഴൊക്കെ അച്ഛന്റെ കണ്ണുകളിൽ എണ്ണമറ്റ നക്ഷത്രങ്ങൾ വിടരുന്നത് ഞാൻ കണ്ടിട്ടുണ്ട്.
പക്ഷേ, e- വലകളിൽ വീണു കുരുങ്ങിയ യുവാക്കളായ വായനക്കാർക്ക് ''ഒരുപാട് നക്ഷത്രങ്ങൾ"" എന്നു പറഞ്ഞാൽ മനസ്സിലായെന്നു വരില്ല.
ഇന്നത്തെ നിരൂപകർക്ക് അഞ്ചു നക്ഷത്രങ്ങളാണ് 'ഉത്തമം" എന്നതിനാൽ, ഞാൻ അന്നൊക്കെ അച്ഛന്റെ കണ്ണുകളിൽ കണ്ടതും വെറും അഞ്ചു നക്ഷത്രങ്ങളാണ് എന്ന് ഒരു കള്ളം, ഞാൻ ജീവിക്കുന്ന ഈ കാലഘട്ടത്തിന്റെ നാമത്തിൽ പറഞ്ഞുകൊള്ളട്ടെ...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |