തിരുവനന്തപുരം: കാണാതായ എൻജിനീയറിംഗ് വിദ്യാർത്ഥിയുടെ മൃതദേഹം കാര്യവട്ടം യൂണിവേഴ്സിറ്റി കാമ്പസിലെ കാട്ടിനുള്ളിൽ നിന്ന് കണ്ടെത്തി. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിലെ രണ്ടാം വർഷ എം.ടെക് വിദ്യാർത്ഥിയായ ശ്യാൻ പത്മനാഭന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ദുർഗന്ധത്തെതുടർന്ന് ജീവനക്കാർനടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്ക മുണ്ട്. പുഴുവരിച്ച നിലയിലുള്ള മൃതദേഹത്തിനു സമീപത്തുനിന്ന് ലഭിച്ച ബാഗിൽനിന്ന് ഐ.ഡി കാർഡും പുസ്തകങ്ങളും മൊബൈൽ ഫോണും കിട്ടി. ഇതിൽനിന്നാണ് മൃതദേഹം ശ്യാനിന്റേതാണെന്ന് സ്ഥിരീകരിച്ചത്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
കഴിഞ്ഞ തിങ്കളാഴ്ചമുതൽ ശ്യാനിനെ കാണാതായിരുന്നു, തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാര്യവട്ടം കാമ്പസിലാണ് അവസാനമായി ഇയാളുടെ ഫോൺ ലൊക്കേഷൻ കാണിച്ചിരുന്നത്. ശ്യാൻ കാമ്പസിലെത്തിയതിന്റെ സി.സി.ടിവി ദൃശ്യങ്ങളും കണ്ടെത്തിയിരുന്നു. എന്നാൽ ഇയാൾ പുറത്തുപോകുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നില്ല. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ തെരച്ചിൽ ആരംഭിച്ചുവെങ്കിലും മണം പിടിച്ചെത്തിയ നായ്ക്കൾ കാമ്പസിനുള്ളിലെ ഹൈമവതി കുളത്തിനരികിൽ വന്ന് നില്‍ക്കുകയായിരുന്നു. കുളത്തിനു ചുറ്റുമുള്ള കാട്ടിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. അന്ന് തെരച്ചിൽ നടത്തിയതിന് ഒരു കിലോമീറ്റർ മാറി കാട്ടിനുള്ളിൽ നിന്നാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
കോഴിക്കോട് വടകര സ്വദേശിയായ ശ്യാൻ രണ്ടു വർഷത്തിലേറെയായി പാങ്ങപ്പാറയിലെ ഫ്ലാറ്റിൽ മാതാപിതാക്കളോടൊപ്പമായിരുന്നു താമസം. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ലൈബ്രറിയിൽ പോകുന്നുഎന്ന് പറഞ്ഞിറങ്ങിയ ശ്യാൻ രാത്രി ഏറെ വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ബന്ധുക്കൾ കഴക്കൂട്ടം സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |