ഉണ്ണിയും രമണനും അവന്റെ മൊതലാളിയും പൊട്ടിച്ചിരി ഹൗസാക്കി മാറ്റിയ സൂപ്പർഹിറ്റ് ചിത്രം പഞ്ചാബി ഹൗസിന് ഇരുപത്തിയഞ്ച് വയസ്. ദിലീപിനെ ജനപ്രിയ നായകനാക്കിയതിൽ പഞ്ചാബി ഹൗസ് മുൻപന്തിയിൽ തന്നെയുണ്ട്. പൊട്ടിച്ചിരിയുടെ അലകടലുകൾ തീർത്ത് കൊച്ചിൻ ഹനീഫയുടെ ഗംഗാധരനും ഹരിശ്രീ അശോകന്റെ രമണനും. കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ രമണൻ ട്രോളന്മാർക്ക് ഏറെ പ്രിയപ്പെട്ടവൻ. ചിരി വിതറുന്ന സംഭാഷണങ്ങൾ രമണൻ പറഞ്ഞത് പോലെ തന്റെ മറ്റൊരു കഥാപാത്രത്തിനും ലഭിച്ചില്ലെന്ന് ഹരിശ്രീ അശോകൻ തന്നെ പറഞ്ഞിട്ടുണ്ട്. റാഫി മെക്കാർട്ടിൻ രചനയും സംവിധാനവും നിർവഹിച്ച പഞ്ചാബി ഹൗസിന് ' പഞ്ചാബി ഹൗസ് " ആണ് മറ്റൊരു മുഖ്യ ആകർഷണീയത. മലയാളത്തിലെ ചിരിപ്പടങ്ങളിൽ വച്ച് പണം വാരിയ ചിത്രങ്ങളിൽ മുൻനിരയിൽ തന്നെയാണ് പഞ്ചാബി ഹൗസിന്റെ സ്ഥാനം. സിക്കന്ദർ സിംഗായി ലാലും, മനീന്ദർ സിംഗായി ജനാർദ്ദനനും പ്രേക്ഷകരുടെ പ്രിയം ആവോളം പിടിച്ചു പറ്റി. മോഹിനിയായിരുന്നു ചിത്രത്തിലെ നായിക. തിലകൻ, എൻ. എം. വർഗീസ്, ജോമോൾ, ഇന്ദ്രൻസ്, മങ്ക മഹേഷ്, നീന കുറുപ്പ്, പ്രസീത മേനോൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. തമിഴകത്ത് അക്കാലത്ത് തരംഗമുയർത്തിയ സംഗീത സംവിധായകൻ സുരേഷ് പീറ്റേഴ്സിന്റെ മലയാളത്തിലേക്കുള്ള വരവ് കൂടിയായിരുന്നു പഞ്ചാബി ഹൗസ്. സോനാരേ.... സോനാരേ... എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു. ഗാനങ്ങളുടെ ദൃശ്യഭംഗി മനോഹരമാക്കുന്നതിൽ ആനന്ദക്കുട്ടന്റെ ക്യാമറ മുഖ്യ പങ്കുതന്നെ വഹിച്ചു. സാഗാ ഫിലിംസിന്റെ ബാനറിൽ അപ്പച്ചനാണ് പഞ്ചാബി ഹൗസ് നിർമ്മിച്ചത്. പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗത്തിന് പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. റാഫി - മെക്കാർട്ടിൻമാർ വേർപിരിഞ്ഞതിനാൽ ഇനി പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം ഉണ്ടാവാൻ സാദ്ധ്യതയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |