
മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീറുമായുള്ള തന്റെ ബാല്യകാല ഓർമ്മകൾ പങ്കുവച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സിനിമാ സ്‌ക്രീനിൽ മാത്രം കണ്ടിരുന്ന അത്ഭുത പ്രതിഭാസം ഒരിക്കൽ തന്റെ വീടിന്റെ ഉമ്മറത്ത് വന്നുനിന്ന നിമിഷത്തെക്കുറിച്ചും ആ സാന്നിദ്ധ്യം അവശേഷിപ്പിച്ച സുഗന്ധത്തെക്കുറിച്ചുമാണ് മുരളി ഗോപി ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
"നിങ്ങളുടെ എല്ലാ ഓർമ്മകളെയും സൂക്ഷിച്ചു വയ്ക്കുക. കാരണം അവയെ നിങ്ങൾക്ക് പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല." - ബോബ് ഡിലൻ
'1978 ചിറയിൻകീഴിലെ (തീപ്പെട്ട) സജ്ന തിയേറ്ററിൽ ഇരുന്നു 'രണ്ടുലോകം' എന്ന സിനിമ കാണുമ്പോഴാണ് ഞാൻ ആ പ്രതിഭാസം ആദ്യമായി ശ്രദ്ധിച്ചത്: പ്രേം നസീർ സ്‌ക്രീനിൽ എത്തുമ്പോഴൊക്കെ, എവിടെ നിന്നോ ഒരു സുഗന്ധം! പിന്നീട്, തിരുവനന്തപുരത്തെ സെൻട്രൽ തിയേറ്ററിൽ ഇരുന്നു 'മാമാങ്ക'വും 'തച്ചോളി അമ്പു' വും കണ്ടപ്പോഴും ഇതേ അനുഭവം. പ്രേം നസീർ വരുമ്പോൾ മാത്രം എവിടെ നിന്നോ ഒരു സുഗന്ധം. 'നസീറിനു ഭംഗി മാത്രമല്ല സുഗന്ധവും ഉണ്ടോ?' അമ്മയോട്‌ചോദിച്ചു. അമ്മ ഒത്തിരി ചിരിച്ചു; അച്ഛനോട് ചോദിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.
1988. അച്ഛന് അസുഖമായി കഴിഞ്ഞിരുന്നു. ചികിത്സക്കായി അമേരിക്കയിൽപോയ സമയം. മധ്യാഹ്നം. വീട്ടിൽ ഒറ്റയ്ക്ക് ഞാൻ. കോളിംഗ് ബെൽ! വാതിൽ തുറന്നുനോക്കുമ്പോൾ, എന്റെ മുന്നിൽ സാക്ഷാൽ പ്രേം നസീർ!! ആ തേജസുറ്റ കണ്ണ്. ആ പുഞ്ചിരി. വൃത്തിയായി കോതിയൊതുക്കിയ സമൃദ്ധമായ ആ മുടി. കാപ്പിപ്പൊടി നിറത്തിലുള്ള ആ സഫാരി സ്യൂട്ട്. വിദ്യുത്പ്രഹരം കിട്ടിയപോലെ ഞാൻ. അദ്ദേഹത്തിന്റെ പിന്നിലായി മറ്റൊരു മുഖം. ദേവരാജൻ മാഷ്. താരാഘാതം ഏറ്റ എന്റെ അവസ്ഥ മനസിലായത് കൊണ്ടാവണം നസീർ സാർ എന്റെ തോളത്ത് കൈ വച്ചു കൊണ്ട് പറഞ്ഞു,
'അ -എന്നെ മനസിലായോ?' (അതേ ശബ്ദം. അതേ ശബ്ദക്രമീകരണം!!) ഞാൻ അപ്പോഴും മിണ്ടുന്നില്ല. 'എന്റെ പേര് പ്രേം നസീർ. അ- സിനിമയിലൊക്കെ അഭിനയിച്ചിട്ടുണ്ട്.' ഞാൻ അപ്പോഴും പ്രതിമ. എന്റെ മുഖഭാവം ശ്രദ്ധിച്ച ദേവരാജൻ മാഷ്: 'പയ്യൻ അന്തം വിട്ടുപോയതാണ്. സാരമില്ല.' നസീർ സാർ പുഞ്ചിരിച്ചു കൊണ്ടേയിരുന്നു.
'മോന് വിരോധമില്ലെങ്കിൽ ഞാൻ ഒന്ന് അകത്തേക്ക് കയറി, അകുറച്ചുനേരം ഇരുന്നോട്ടെ...?' ഞാൻ ഡോർ ഇളക്കി മാറ്റിയില്ല എന്നേയുള്ളൂ!!! എന്റെ ആവേശം ശ്രദ്ധിച്ച അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് തന്നെ അകത്തു കയറി ഇരുന്നു. 'അച്ഛൻ അമേരിക്കയിൽ ആണ്. ട്രീറ്റ്‌മെന്റിന് പോയതാണ്,' ഞാൻ ഒരു വിധം ഒപ്പിച്ചു. 'ആണോ? ശരി. അച്ഛൻ വിളിക്കുമ്പോ പ്രേം നസീർ വന്നിരുന്നു എന്ന് പറയണം.' ഞാൻ തലയാട്ടി. 'എന്ത് പറയും?' എനിക്ക് വീണ്ടും മിണ്ടാട്ടമില്ല.
'മോനെപോലെ അല്ല. അച്ഛന് എന്റെ പേര് കേട്ടാൽ അറിയും.' ഒരു കാലത്ത് മലയാളക്കരയെ ആകെ മയക്കിയ ആ കുസൃതി ചിരി. അദ്ദേഹം എഴുന്നേറ്റു,തോളിൽ തട്ടി യാത്ര പറഞ്ഞുപോയി. ഞാൻ വാതിൽ അടച്ചു. ഒരു നിമിഷം. ആ പ്രതിഭാസം വീണ്ടും. മുറിയിലാകെ സുഗന്ധം..! ( ഇതിഹാസ താരത്തിന്റെ 25ാം ചരമവാർഷികത്തിൽ 16/1/2014ലാണ് ആദ്യംപോസ്റ്റ് ചെയ്തത് )'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |