'ആലിൻകായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്' എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ് സംസ്ഥാന കോൺഗ്രസിനകത്തെ നിലവിലെ കാലാവസ്ഥ. പുറമേക്ക് കാണുമ്പോലെയല്ല സംസ്ഥാന കോൺഗ്രസിലെ ഇന്നത്തെ അവസ്ഥ എന്ന് കോൺഗ്രസുകാർ തന്നെ അടക്കം പറയുന്നു. യു.ഡി.എഫ് മുന്നണിയിലെ കക്ഷികൾക്കുമുണ്ട് കോൺഗ്രസിലെ പന്തികേടിനെ ചൊല്ലി അസ്വസ്ഥത. തൃക്കാക്കരയ്ക്കും മട്ടന്നൂർ നഗരസഭയ്ക്കും പിന്നാലെ പുതുപ്പള്ളിയിലും തിളങ്ങുന്ന വിജയം ഉണ്ടായത് കോൺഗ്രസുകാർക്ക് ആവേശമുണ്ടാക്കി എന്നത് നേര് തന്നെ.
സംസ്ഥാന സർക്കാരും ഇടതുമുന്നണിയും, പ്രത്യേകിച്ച് സി.പി.എമ്മും, പലവിധങ്ങളായ ആരോപണ വിവാദങ്ങളിൽപെട്ട് ഉഴലുന്ന സന്ദർഭമാണ്. സാമ്പത്തികപ്രതിസന്ധി മൂലം സർക്കാർ ഖജനാവ് ഞെരുങ്ങുന്നു. എന്നാൽ ആഡംബരങ്ങൾക്ക് ഒരു കുറവുമുണ്ടാകുന്നില്ലെന്ന ആക്ഷേപത്തിന് വളമിട്ട് കൊടുക്കുന്ന സംഗതികൾ ഭരണനേതൃത്വമായിട്ട് തന്നെ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു.
ഹെലികോപ്ടർ വാടകയ്ക്കെടുക്കാൻ തീരുമാനിച്ചത്, മുഖ്യമന്ത്രിയുടെ ആഡംബരപൂർണമായ സുരക്ഷാബന്തവസ്സ്, പിന്നെ പല പല ചെലവുകൾ അങ്ങനെയങ്ങനെ വല്ലാത്ത പോക്ക് എന്ന് പാർട്ടിക്കാർ തന്നെ അടക്കം പറയുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും ആരോപണപ്പുകമറയിൽ നിറുത്തുന്ന പലവിധ വെളിപ്പെടുത്തലുകൾ പ്രതിപക്ഷത്തിന്റെ കാർമ്മികത്വത്തിൽ നടക്കുമ്പോൾ അതും സാമൂഹ്യാന്തരീക്ഷത്തെ സ്വാധീനിക്കുന്നുണ്ട്. താഴെത്തട്ടിലാണെങ്കിൽ പാർട്ടിക്കകത്ത് പലതും നീറിപ്പുകയുകയാണ്. തൃശൂർ ജില്ലയിൽ ഒരു കരുവന്നൂർ സഹകരണബാങ്കിൽ തുടങ്ങിയ ക്രമക്കേട് പല ബാങ്കുകളിലേക്കായി പടർന്ന് പാർട്ടിയെ ആകെ പ്രതിരോധത്തിൽ തളച്ചിടുന്നു. ആലപ്പുഴ ജില്ലയിലുമുണ്ട് പലവിധങ്ങളായ ആരോപണങ്ങൾ.
പിന്നെ സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുന്ന പരിമിതികൾ ഭരണയന്ത്രത്തിന്റെ ചലനം ദുഷ്‌കരമാക്കുന്ന അവസ്ഥ. കർഷകർക്ക് നെല്ല് സംഭരണക്കുടിശ്ശിക കൊടുത്തുതീർക്കാനാവാത്ത ദുരവസ്ഥ സർക്കാരിന് കുറച്ചൊന്നുമല്ല തലവേദന സൃഷ്ടിക്കുന്നത്. ഇങ്ങനെയെല്ലാമായി ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുമ്പോഴാണ്, സാഹിത്യ അക്കാഡമി പ്രസിഡന്റായ കവി സച്ചിദാനന്ദൻ ഒരഭിമുഖത്തിൽ പറഞ്ഞതും പിന്നീട് തിരുത്തിയതുമായ ഒരു പ്രതികരണം സത്യമല്ലേയെന്ന് തോന്നിപ്പോകുന്നത്. ഇനിയൊരു തുടർഭരണം വരല്ലേയെന്നാണ് നല്ലവരായ പാർട്ടിക്കാരുടെയെല്ലാം പ്രാർത്ഥനയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയുന്നതെങ്ങനെ? കെ-റെയിലിനോട് ജനത്തിന് താത്‌പര്യമില്ലെന്നറിഞ്ഞിട്ടും ഇപ്പോഴും അത് വേണമെന്ന് തന്നെ വിശ്വസിക്കുന്ന ഭരണാധികാരികൾ ഓർക്കേണ്ടത് പണ്ട് എം.എൻ. വിജയൻ മാഷ് പറഞ്ഞതാണ്: 'പാർട്ടിയുണ്ടാവും, ജനങ്ങളുണ്ടാവില്ല.'
രാഷ്ട്രീയമായി ഇതെല്ലാം അനുകൂലമാക്കിയെടുക്കാൻ നല്ല തെളിമയാർന്ന പ്രതിപക്ഷത്തിന് സാധിക്കും. പക്ഷേ എന്താണ് നമ്മുടെ ഇന്നത്തെ പ്രതിപക്ഷത്തിന്റെ അവസ്ഥ! പ്രതികരണങ്ങൾ മുറയ്ക്ക് മുറയ്ക്ക് ഉണ്ടാകുന്നതല്ലാതെ, കാര്യമായ ഒരിടപെടൽ ഏതിലെങ്കിലും ഉണ്ടാകുന്നുണ്ടോ എന്ന ചോദ്യമുയരുന്നുണ്ട്.
കേരളത്തിൽ ജനകീയപ്രശ്നങ്ങളോട് ആത്മാർത്ഥമായി താദാത്മ്യം പ്രാപിച്ചുനീങ്ങിയ ജൈവനേതാവ് ആരെന്ന ചോദ്യത്തിന് മുന്നിൽ കിട്ടുന്ന ഉത്തരം വി.എസ്. അച്യുതാനന്ദൻ എന്ന് മാത്രമാണെങ്കിൽ മറ്റുള്ള പ്രതിപക്ഷമെല്ലാം സ്വയംവിമർശനത്തിനും തിരുത്തലിനും തയാറാകണമെന്നാണ് അർത്ഥം. കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷനേതാവ് മുൻകാലങ്ങളിൽ പല വിഷയങ്ങളിലുമെടുത്ത നിലപാടുകളും ഇപ്പോഴും നിയമസഭയിൽ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന മൂർച്ചയേറിയ ആക്രമണങ്ങളും ഒഴിച്ചുനിറുത്തിയാൽ പല ബാലിശമായ ഇടപെടലുകളും അദ്ദേഹത്തിന് പ്രതിച്ഛായാദോഷം വരുത്തിവയ്ക്കാതിരിക്കുന്നില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുമ്പോൾ കേരളത്തിൽ ആരാണ് തിരുത്തൽ ശക്തി എന്ന ചോദ്യം മുഴങ്ങുന്നു. രണ്ട് തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി അധികാരത്തിന് പുറത്ത് നിറുത്തപ്പെട്ടിരിക്കുന്ന കേരളത്തിലെ യു.ഡി.എഫിന്, ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥ അനുകൂലമാക്കിയെടുക്കാൻ സാധിക്കും. യു.ഡി.എഫിന്റെ സ്ഥാനത്ത് എൽ.ഡി.എഫ് ആയിരുന്നുവെങ്കിൽ തീർച്ചയായും അത് സാധിച്ചേനെ. എന്തുകൊണ്ടോ അതിലൊരു പരാധീനത, സ്വന്തം ആഭ്യന്തരകലഹങ്ങളാലാകാം, കോൺഗ്രസിനെയും യു.ഡി.എഫിനെയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ആലിൻകായ പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് എന്ന ചൊല്ല് ഓർത്തുപോകുന്നത്.
കോൺഗ്രസ്,
കോൺഗ്രസ് തന്നെ
ഗ്രൂപ്പ് യുദ്ധവും നേതാക്കൾക്കിടയിലെ നിഴൽയുദ്ധവും കുത്തുവാക്കുകളിലൂടെയുള്ള പരസ്പരം ചെളിവാരിയെറിയലുകളും ഇല്ലെങ്കിൽ എന്ത് കോൺഗ്രസ് എന്നതാണ് സംസ്ഥാനത്തെ കോൺഗ്രസിനെ സംബന്ധിച്ചിടത്തോളമുള്ള അവസ്ഥാവിശേഷം.
ബ്ലോക്ക് പ്രസിഡന്റുമാരെ ഒരു ഭഗീരഥപ്രയത്നത്തിനൊടുവിൽ എങ്ങനെയോ നിയമിച്ചപ്പോൾ, കാര്യമായ എതിർപ്പൊന്നുമില്ലെങ്കിൽ പോലും എതിർക്കാൻ വേണ്ടിയുള്ള എതിർപ്പുമായി നേതാക്കൾ രംഗത്തിറങ്ങിയത് നോക്കുക. എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് ഹൈക്കമാൻഡിന് പരാതി കൊടുക്കുന്നു എന്നുവരെ പ്രചരണമുണ്ടാക്കി അവസാനം എല്ലാം 'കോംപ്രമൈസാ'ക്കി. പലവിധ സംഗതികൾക്കിടയിൽ പറഞ്ഞതെല്ലാം ആവിയായിപ്പോയത് ആരോരുമറിഞ്ഞില്ല. അതാണ് കോൺഗ്രസ്. ഗ്രൂപ്പ് നേതാക്കൾക്ക് തങ്ങളും ഉണ്ടെന്ന് കാണിക്കണമെങ്കിൽ ഇങ്ങനെ പല അടവും പയറ്റണം.
അടുത്തത് മണ്ഡലം പ്രസിഡന്റുമാരാണ്. മാസം മൂന്നാകുന്നു, ചർച്ച തുടങ്ങിയിട്ട്. ചർച്ചയോട് ചർച്ച. ഒരു കരയ്ക്കടുക്കുന്നില്ല. ആകെ പത്തനംതിട്ടയിലാണ് മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറക്കാനായത്. ബാക്കി ജില്ലകൾ ഈ മാസം അവസാനം ഇറക്കുമെന്നാണ് കെ.പി.സി.സി കേന്ദ്രങ്ങൾ നൽകുന്ന ഉറപ്പ്. കണ്ടുതന്നെ അറിയേണ്ടുന്ന സംഗതിയാണ്. എങ്കിലും, തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ തൃക്കാക്കരയിലും പുതുപ്പള്ളിയിലും നല്ല വിജയം യു.ഡി.എഫ് നേടിയെടുത്തു. സഹതാപതരംഗത്തിന് അപ്പുറത്തേക്ക് കടന്നുള്ള വിജയമായത് ഭരണവിരുദ്ധ വികാരമായിരിക്കാം. പക്ഷേ കോൺഗ്രസുകാർ തന്നെ ഈ വിജയത്തിന്റെയെല്ലാം തിളക്കം ചോർത്തിക്കളഞ്ഞ ചിത്രം അടുത്തിടെ വൈറലായ വീഡിയോ അടക്കം തെളിവുസഹിതം നമ്മെ കാണിച്ചുതന്നു.
പുതുപ്പള്ളി വിജയാഹ്ലാദം പങ്കുവയ്ക്കാൻ അന്നുച്ചയ്ക്ക് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കൊച്ചുപിള്ളേരെപ്പോലെ വാശിയും പിണക്കവുമൊക്കെയായി രണ്ട് മുതിർന്ന നേതാക്കൾ തമ്മിലുണ്ടായ ചക്കളത്തിപ്പോര് ദിവസങ്ങൾ കഴിഞ്ഞ് ആരോ പുറത്തുവിട്ട വീഡിയോയിലൂടെ നാട് മുഴുവനുമറിഞ്ഞു. ഇവരാണോ ഇനി കേരളം ഭരിക്കേണ്ടത് എന്ന ചോദ്യം വരെയാണ് ട്രോളന്മാർ ഉയർത്തിവിട്ടത്. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഊറിച്ചിരിച്ചത് നമ്മുടെ ഭരണപക്ഷനേതാക്കൾ തന്നെ. അതെ, സി.പി.എം നേതാക്കൾ തന്നെ.
കോൺഗ്രസിനെ വല്ലാത്ത പ്രതിരോധത്തിലാക്കിക്കളഞ്ഞു സതീശൻ- സുധാകരൻ ചക്കളത്തിപ്പോര്. അതും ഒരു മൈക്കിന് വേണ്ടി നടത്തിയത്.
പിന്നീട് കണ്ടത് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഈയിടെ പുറത്തിറങ്ങിയ ആത്മകഥയിലെ വെളിപ്പെടുത്തലുകളാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വീണ്ടും തോൽവിയേറ്റു വാങ്ങിയപ്പോൾ പുതിയ പ്രതിപക്ഷനേതാവിനെ നിശ്ചയിക്കുന്നത് വൻ വിവാദം സൃഷ്ടിച്ചതാണല്ലോ. രമേശ് ചെന്നിത്തലയെ അട്ടിമറിച്ച് വി.ഡി. സതീശൻ പ്രതിപക്ഷനേതാവായി. ഉമ്മൻ ചാണ്ടിയുടെ ആത്മകഥയിൽ പറയുന്നത്, ഭൂരിഭാഗം എം.എൽ.എമാരുടെ പിന്തുണ രമേശിനായിരുന്നിട്ടും ഹൈക്കമാൻഡ് ഇടപെട്ട് മറ്റൊരു തീരുമാനമെടുത്തു എന്നാണ്. പ്രതിപക്ഷനേതൃസ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം വ്രണിതഹൃദയനായി തുടരുകയായിരുന്ന രമേശ് ചെന്നിത്തല, ഈ ഭാഗം ഉദ്ധരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിട്ടതും പിന്നീട് അത് നീക്കിയതും വലിയ ചർച്ചയായി.
കോൺഗ്രസ് പ്രവർത്തകസമിതിയിൽ ഉറപ്പായും സ്ഥാനം പ്രതീക്ഷിച്ചിരുന്ന ചെന്നിത്തലയ്ക്ക്, അതിനകത്തെ സ്ഥിരം ക്ഷണിതാവ് സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നപ്പോഴുണ്ടായ നീരസപ്രകടനമാണ് മറ്റൊന്ന്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് ഹൈക്കമാൻഡ് പ്രഖ്യാപനമുണ്ടായത്. ഉപതിരഞ്ഞെടുപ്പിന് ശേഷം പ്രതികരിക്കാമന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പലരും എന്തോ കടുത്ത സംഗതി വരാനിരിക്കുന്നു എന്ന മട്ടിൽ ആകാംക്ഷയോടെ നിലകൊണ്ടെങ്കിലും അത്ര കടുപ്പിക്കാതെ എന്തോ ചില നീരസം, പറയാൻവേണ്ടി മാത്രം പറഞ്ഞ് ചെന്നിത്തല ഒഴിഞ്ഞപ്പോൾ ചിലരൊക്കെ നിരാശരാവാതിരുന്നില്ല. എന്നാൽ കോൺഗ്രസിലെ പലർക്കും ശ്വാസം നേരെ വീണു.
എലിസബത്ത് ആന്റണിയും
പ്രാർത്ഥനയും
ഏറ്റവുമൊടുവിൽ സംസ്ഥാന കോൺഗ്രസിനെ വലയ്ക്കുന്നത് മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ധർമ്മപത്നി എലിസബത്ത് ആന്റണി കൃപാസനം എന്ന പേരിലുള്ള യുട്യൂബ് ആത്മീയ ചാനലിന് മുമ്പാകെ നടത്തിയ കുമ്പസാരമാണ്. മകൻ അനിൽ കെ. ആന്റണിയുടെ ബി.ജെ.പി പ്രവേശനത്തിലാണ് വെളിപ്പെടുത്തൽ.
രാജസ്ഥാൻ ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിന് കോൺഗ്രസ് വിലക്കേർപ്പെടുത്തിയതോടെ രാഷ്ട്രീയപ്രവേശനം മോഹിച്ചിരുന്ന മകൻ അനിൽ ആന്റണിക്ക് തിരിച്ചടിയായത്രെ. അതിന് ശേഷം ബി.ബി.സി വിവാദമുണ്ടായി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടാണ്. ഈ ഘട്ടത്തിൽ കോൺഗ്രസിനെ തള്ളിക്കൊണ്ട്, ബി.ബി.സിക്കെതിരെയും ബി.ജെ.പിയെ തുണച്ചുമുള്ള അനിലിന്റെ പ്രതികരണമെത്തി.
അധികം വൈകാതെ അനിൽ ആന്റണി ബി.ജെ.പിക്കാരനായി. അനിലിന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഓഫർ വന്നപ്പോഴേ താനറിഞ്ഞിരുന്നു എന്നും, പ്രാർത്ഥനയിലൂടെ ബി.ജെ.പിയോടുള്ള അറപ്പും വെറുപ്പും മാറിയെന്നുമാണ് എലിസബത്തിന്റെ വെളിപ്പെടുത്തൽ. മകനെ വീട്ടിൽ പിതാവ് ആന്റണി അംഗീകരിച്ചു. രാഷ്ട്രീയം വീട്ടിൽ പറയരുത് എന്ന നിബന്ധന മാത്രമാണ് അദ്ദേഹം വച്ചത്.
ഇങ്ങനെയെല്ലാം എലിസബത്ത് ആന്റണി കുമ്പസരിക്കുമ്പോൾ അതും ആത്യന്തികമായി തലവേദന സൃഷ്ടിക്കുന്നത്കോൺഗ്രസിനാണ് . ബി.ജെ.പിയോടുള്ള വെറുപ്പ് പ്രാർത്ഥനയിലൂടെ മാറ്റിയെടുത്തത് സാക്ഷാൽ എ.കെ. ആന്റണിയുടെ ഭാര്യയാണെങ്കിൽ സാദാ കോൺഗ്രസുകാരുടെ കാര്യമെന്താകും? അപ്പോൾ ബി.ജെ.പിയുടെ മുഖ്യശത്രു ആരാണ്?
ഏറ്റവും ഒടുവിൽ എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തൽ കൂടി വന്നപ്പോൾ സ്വതവേ ദുർബല, പിന്നെ ഗർഭിണി എന്ന അവസ്ഥയാണ് കോൺഗ്രസിന്റേത്.
ഇങ്ങനെ പല വിധങ്ങളായ പ്രതിസന്ധികളിൽ നിന്നെല്ലാം കരകയറിയിട്ട് വേണം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു പയറ്റ് പയറ്റാൻ എന്ന് ചിന്തിക്കേണ്ട അവസ്ഥയിലായിരിക്കുന്നു കോൺഗ്രസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |