കോഴിക്കോട്: ഞെളിൻപറമ്പ് മാലിന്യ സംസ്കരണം കീറാമുട്ടിയായതോടെ അതുവരെ വെള്ള പൂശികൊണ്ടിരുന്ന കോർപ്പറേഷൻ സോണ്ടയെ തള്ളി. 7.77 കോടിയുടെ മാലിന്യം നീക്കം പൂർത്തിയാക്കാനാവാത്ത സോണ്ടയ്ക്ക് 250 കോടിയുടെ വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമ്മിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് കോർപ്പറേഷൻ. കൊട്ടിഘോഷിച്ച പദ്ധതിയുടെ മുന്നോട്ടുപോക്ക് അവതാളത്തിലായതോടെ മറ്റ് പദ്ധതികളിലേക്ക് മാറാനുള്ള ശ്രമത്തിലാണ് കോർപ്പറേഷൻ. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി ഉപേക്ഷിച്ച് ഗെയിലിന്റെ പങ്കാളിത്തത്തോടെ പ്രകൃതിവാതക പ്ലാന്റ് നിർമ്മാണത്തിനുള്ള ചർച്ചയിലേക്ക് നീങ്ങുകയാണ്.
അതേസമയം സോണ്ട മാലിന്യനീക്കം പൂർത്തിയാക്കാത്തതിനെ തുടർന്ന് ഞെളിയൻപറമ്പിൽ മാലിന്യം ഷീറ്റിട്ട് മൂടിയിരിക്കുകയാണ്. മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമ്മിക്കുന്നതിന് മുന്നോടിയായി നിലവിലെ മാലിന്യം നീക്കം ചെയ്യുന്നതിന് കോർപ്പറേഷനുമായി ഉണ്ടാക്കിയ കരാർ സോണ്ട ഇൻഫ്രാടെക്ക് തുടർച്ചയായി ലംഘിക്കുകയും കാലവർഷം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കോർപ്പറേഷൻ സ്വന്തം നിലയിൽ മാലിന്യം ഷീറ്റിട്ട് മൂടിയത്. മഴയത്ത് മാലിന്യം പരന്നൊഴുകുന്ന സാഹചര്യം ഒഴിവാക്കണമെന്ന ജില്ലാ കളക്ടറുടെ കർശന നിർദ്ദേശം ഉണ്ടായിരുന്നു.
ബയോമൈനിംഗ്, ക്യാപ്പിംഗ് പ്രവൃത്തികൾ ഇതുവരെ പൂർത്തിയാക്കാനായില്ല. നിരവധി തവണ കരാർ നീട്ടി നൽകിയിട്ടും സോണ്ട ഇൻഫ്രാടെക്കിന് ലക്ഷ്യത്തിലെത്താനായില്ല. കരാർ കാലാവധി അവസാനിച്ച സാഹചര്യത്തിൽ നിർത്തിവച്ച പ്രവൃത്തി സോണ്ട പുനനരാരംഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയും വന്നിരുന്നില്ല. ഇതോടെയാണ് പുതിയ പദ്ധതികൾ ആലോചിക്കുന്നത്. 2019ൽ ആറുമാസ കാലാവധിക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കണമെന്നുള്ള കരാർ അഞ്ച് തവണയാണ് കോർപ്പറേഷൻ നീട്ടി നൽകിയത്. കൊച്ചി കോർപ്പറേഷൻ ഉൾപ്പടെ സോണ്ടയെ തള്ളിയപ്പോൾ കോഴിക്കോട് കോർപ്പറേഷൻ സോണ്ടയെ സഹായിക്കുകയായിരുന്നു. 75 ശതമാനം പ്രവൃത്തിപൂർത്തിയായെന്ന് പറഞ്ഞായിരുന്നു. ന്യായീകരണം.
ഞെളിയൻപറമ്പിൽ സംസ്ഥാന സർക്കാരിന്റെ പൈലറ്റ് പദ്ധതിയായി 250 കോടി ചെലവിൽ വേസ്റ്റ് ടു എൻജി പ്ലാന്റ് (മാലിന്യത്തിൽ നിന്ന് വൈദ്യുതി) നിർമ്മിക്കുന്നതിന് മുന്നോടിയായി ബയോമൈനിംഗിനും കാപ്പിംഗിനുമായി കോർപ്പറേഷൻ സോണ്ട ഇൻഫ്രാടെക്കുമായി 7.77 കോടിയുടെ കരാറാണ് ഉണ്ടാക്കിയത്.
ഞെളിയൻപറമ്പിലെ 6.5 ഏക്കറിലെ ലെഗസി മാലിന്യം നീക്കം ചെയ്യുന്നതിനും 2.8 ഏക്കർ സ്ഥലത്ത് കാപ്പിംഗ് നടത്തുന്നതിനുമാണ് കരാർ. 2019ൽ ആറുമാസ കാലാവധിയ്ക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കണമെന്നായിരുന്നു കരാർ.
ഞെളിയൻപറമ്പിലുണ്ടായിരുന്ന മാലിന്യം ആറ് മാസത്തിനുള്ളിൽ നീക്കി രണ്ട് വർഷം കൊണ്ട് വേസ്റ്റ് ടു എനർജി പ്ലാന്റ് നിർമ്മിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. 2020 ജനുവരി ആറിനാണ് മുഖ്യമന്ത്രി വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ നിർമാണോദ്ഘാടനം നടത്തിയത്. 3.7 കോടി സോണ്ട കോർപ്പറേഷനിൽ നിന്ന് കൈപറ്റിയിട്ടുണ്ട്. സോണ്ടയ്ക്കെതിരായ നീക്കം പ്രതിപക്ഷത്തിന്റെ പോരാട്ടങ്ങളുടെ വിജയമാണെന്ന് യു.ഡി.എഫ് കൗൺസിൽപാർട്ടി ലീഡർ കെ.സി. ശോഭിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |