ആദ്യ ദിനം വഴിമാറിപ്പോയ സ്വർണമെഡൽ ഇന്നലെ രാവിലെ വെടിവെച്ചിട്ട ഇന്ത്യയ്ക്ക് വൈകിട്ട് ക്രിക്കറ്റ് ഗ്രൗണ്ടിൽ വനിതകളും സ്വർണക്കാഴ്ചയൊരുക്കി. ഷൂട്ടിംഗിലെ രണ്ട് വെങ്കലങ്ങളും റോവിംഗിലെ രണ്ട് വെങ്കലങ്ങളും കൂടിയായപ്പോൾ ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിന്റെ രണ്ടാം മത്സരദിനത്തിലും ഇന്ത്യ മോശമായില്ല.
ഐശ്വര്യമായി രുദ്രാക്ഷും ദിവ്യാംശും
കരുത്തരായ ദക്ഷിണ കൊറിയയുടെയും ചൈനയുടെയും വെല്ലുവിളി മറികടന്നാണ് ഇന്നലെ ഐശ്വരി പ്രതാപ് സിംഗ്, രുദ്രാക്ഷ് പാട്ടീൽ , ദിവ്യാംശ് പൻവാർ എന്നിവരടങ്ങിയ 10 മീറ്റർ എയർ റൈഫിൾ ടീം സ്വർണത്തിലെത്തിയത്. 1893.7 പോയിന്റാണ് ഇവർ നേടിയത്. രണ്ടാം സഥാനത്തെത്തിയ ദക്ഷിണ കൊറിയ നേടിയത് 1890.1 പോയിന്റ്. 1888.2 പോയിന്റ് നേടിയാണ് ചൈന മൂന്നാമതെത്തിയത്.
ചൈനയുടെ പേരിലുണ്ടായിരുന്ന ലോക റെക്കാഡും ഏഷ്യൻ റെക്കാഡും ഗെയിംസ് റെക്കാഡും മറികടന്ന പ്രകടനമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്. ഈ വർഷം ബാക്കുവിൽ നടന്ന ലോകകപ്പിൽ 1893.3 പോയിന്റ് നേടിയാണ് ചൈനീസ് ടീം ലോക റെക്കാഡ് കുറിച്ചിരുന്നത്. എന്നാൽ ടീമിനത്തിലെ മികവ് വ്യക്തിഗത ഇനത്തിൽ ആവർത്തിക്കാനാവാതെ പോയതോടെ ഐശ്വരിയുടെ വെങ്കലത്തിൽ ഒതുങ്ങേണ്ടിവന്നു. വ്യക്തിഗത ഇനത്തിൽ ചൈനയുടെ ലിഹാവോ ഷെംഗ് ലോക റെക്കാഡോടെ 253.3 പോയിന്റ് നേടി സ്വർണത്തിലെത്തി. 251.3 പോയിന്റ് നേടിയ കൊറിയയുടെ ഹാജുൻ പാർക്കിനാണ് വെള്ളി. ഐശ്വരിക്ക് 228.8 പോയിന്റേ നേടാനായുള്ളൂ. 208.7 പോയിന്റ് നേടിയ രുദ്രാക്ഷ് നാലാമതായി.25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ ടീമിനത്തിലാണ് ഇന്ത്യയ്ക്ക് അടുത്ത വെങ്കലം ലഭിച്ചത്. ആദർശ് സിംഗ്, വിജയ്‌വീർ സിംഗ്, അനിഷ് എന്നിവർ ഉൾപ്പെട്ട ടീം 1718 പോയിന്റുമായാണ് മൂന്നാമതെത്തിയത്.
ക്രിക്കറ്റിൽ കന്നിപ്പൊന്ന്
ആദ്യമായി പങ്കെടുത്ത ഏഷ്യൻ ഗെയിംസിൽതന്നെ പൊന്നണിഞ്ഞ ഇന്ത്യൻ വനിതകൾ ഇന്നലെ ഫൈനലിൽ ശ്രീലങ്കയെ 19 റൺസിനാണ് കീഴടക്കിയത്. ബാറ്റിംഗ് ദുഷ്കരമായിരുന്ന പിച്ചിൽ ആദ്യമിറങ്ങിയ ഇന്ത്യ ഏഴുവിക്കറ്റ് നഷ്ടത്തിൽ 116 റൺസ് എന്ന ലക്ഷ്യമുയർത്തിയപ്പോൾ ലങ്കയുടെ മറുപടി 97/8ലൊതുങ്ങുകയായിരുന്നു.
നാലാം ഓവറിൽ ടീം സ്കോർ 16ൽ വച്ച് ഷെഫാലി വെർമ്മ (9) പുറത്തായശേഷം സ്മൃതി മന്ദാനയും ( 46) ജമീമ റോഡ്രിഗസും (42) ചേർന്ന് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 73 റൺസാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്തായത്. ടീം സ്കോർ 89ൽവച്ച് സ്മൃതി മടങ്ങിയതിന് ശേഷം ഇന്ത്യൻ നിര തകർന്നു. 27റൺസിനിടെ ആറ് ഇന്ത്യൻ ബാറ്റർമാർകൂടാരം കയറി.
എന്നാൽ ബൗളിംഗിൽ കടിഞ്ഞാൺ കൈവിടാതിരുന്നതോടെ വിജയവും സ്വർണവും ഇന്ത്യയ്ക്ക് അവകാശപ്പെട്ടതായി മാറുകയായിരുന്നു. നാലോവറിൽ ഒരു മെയ്ഡനടക്കം ആറു റൺസ്മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ടിറ്റാസ് സാധുവാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. രാജേശ്വരി ഗെയ്ക്ക്‌വാദ് രണ്ട് വിക്കറ്റുവീഴ്ത്തിയപ്പോൾ ദീപ്തി ശർമ്മ, പൂജ വസ്ത്രാകർ,ദേവിക എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി. 23 റൺസെടുത്ത ലങ്കൻ ബാറ്റർ നീലാക്ഷിക സിൽവയെ 17-ാം ഓവറിൽ ബൗൾഡാക്കിയ പൂജാവസ്ത്രാകറാണ് ലങ്കൻ പ്രതീക്ഷകളുടെ കൂമ്പൊടിച്ചു കളഞ്ഞത്. പൂജയുടെ ജന്മദിനമായിരുന്നു ഇന്നലെ.
തുഴയെറിഞ്ഞ് അഞ്ചാം മെഡൽ
ഇന്നലെ രണ്ട് വെങ്കലങ്ങൾകൂടി ലഭിച്ചതോടെ റോവിംഗിലെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം അഞ്ചായി. ആദ്യ ദിനത്തിൽ ഒരു വെള്ളിയും രണ്ട് വെങ്കലങ്ങളുമാണ് നേടിയിരുന്നത്. ഇന്നലെ പുരുഷന്മാരുടെ നാലുപേരടങ്ങുന്ന തുഴച്ചിലിൽ ജസ്‌വീന്ദർ സിംഗ്,ഭീം സിംഗ്, പുനിത് കുമാർ,ആശിഷ് എന്നിവരാണ് വെങ്കലത്തിലേക്ക് പങ്കായമെത്തിച്ചത്. മെൻസ് ക്വാർഡ്രാപ്പിൾ സ്കൾസ് വിഭാഗത്തിൽ സത്നാം സിംഗ്, പർമീന്ദർ സിംഗ്,ജക്കാർ ഖാൻ,സുഖ്മീത് സിംഗ് എന്നിവർ ചേർന്ന് വെങ്കലം നേടി. വനിതകളുടെ എട്ടുപേരടങ്ങുന്ന ടീമിനത്തിൽ അഞ്ചാമതെത്താനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ.
ക്രിക്കറ്ററിയാത്ത ചൈനക്കാരും
ഇന്ത്യയുടെ സ്വർണവും
ഹ്വാംഗ്ചോയിൽ നിന്ന് ഒരുമണിക്കൂറോളം സഞ്ചരിച്ച് ഷെജിയാംഗ് യൂണിവേഴ്സിറ്റി ഒഫ് ടെക്നോളജി ക്യാമ്പസിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പോകുമ്പോൾ ബസിൽ വച്ച് പരിചയപ്പെട്ടതാണ് ചൈനീസ് പത്രമായ 'വർക്കേഴ്സ് ഡെയ്ലി"യുടെ റിപ്പോർട്ടർ ഫെംഗ് ഷിയാനെ. ചൈനയിലെ എല്ലാട്രേഡ് യൂണിയനുകളും ചേർന്ന് നടത്തുന്ന പത്രമാണ് വർക്കേഴ്സ് ഡെയ്ലി.
പുള്ളി ക്രിക്കറ്റ് കാണാനായി വരികയാണത്രേ. ഫെംഗ് ഇതേവരെ ക്രിക്കറ്റ് നേരിട്ട് കണ്ടിട്ടില്ല. ഞാൻ ഇന്ത്യയിൽ നിന്നാണെന്ന് അറിഞ്ഞപ്പോൾ പിന്നെ സംസാരം ക്രിക്കറ്റിനെക്കുറിച്ചായി.ഇന്ത്യയിൽ ഈ കളി എങ്ങനെ ഇത്രയും ഫേമസായി എന്ന് അറിയാനാണത്രേ ഇദ്ദേഹത്തിന്റെ വരവ്. ഫെംഗിന്റെ ഒരു ചോദ്യം എനിക്ക് ഇഷ്ടപ്പെട്ടു, ക്രിക്കറ്റ് പന്തുകൊണ്ടാൽ പരിക്കേൽക്കില്ലേയെന്ന്. ആ പേടികൊണ്ടാണത്രേ ചൈനക്കാർ അധികം ക്രിക്കറ്റ് കളിക്കാൻ താത്പര്യപ്പെടാത്തത്.
സ്റ്റേഡിയത്തിൽ ചെന്നപ്പോൾ കുറച്ചുചൈനക്കാർ കളികാണാനുണ്ട്. പത്തോളം വരുന്ന ഇന്ത്യക്കാരും അത്രതന്നെ ശ്രീലങ്കക്കാരും. പകുതിയോളം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. രാവിലെ ഇന്ത്യക്കാരായ ചിലർ വിളിച്ച് കളിക്ക് ടിക്കറ്റ് കിട്ടുമോ എന്ന് ചോദിച്ചിരുന്നു. ഓൺലൈനായി ടിക്കറ്റെല്ലാം വിറ്റുകഴിഞ്ഞത്രേ. സീറ്റ് ഉണ്ടായിരുന്നിട്ടാണോ ഓൺലൈനിൽ നൽകാത്തതെന്ന് ചോദിച്ചപ്പോൾ ചൈനക്കാർ ടിക്കറ്റ് വാങ്ങിയിട്ട് വരാതിരുന്നതുകൊണ്ടാണ് സീറ്റ് ഒഴിഞ്ഞുകിടക്കുന്നതെന്ന് വോളണ്ടിയർമാർ മറുപടി പറഞ്ഞു. വന്ന ചൈനക്കാരാകട്ടെ ഗാലറിയിലൂടെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. ട്വന്റി-20 പോലും അവരെ ബോറടിപ്പിക്കുന്നു. നല്ല വെയിലായിരുന്നതാൽ കാണികൾ പലരും കുടത്തണ ലിലായിരുന്നു.
അതിനിടയിൽ അതാ പ്ളക്കാർഡുമായി ഒരു ചൈനീസ് പയ്യൻ. സ്മൃതി മന്ഥന, ദേവത എന്നാണ് ആ കാർഡിൽ എഴുതിയിരിക്കുന്നത്. ഇന്ത്യൻ ഉപനായിക സ്മൃതിയുടെ ആരാധകനാണത്രേ പയ്യൻസ്. ബെയ്ജിംഗിൽ നിന്ന് ഒരു രാത്രി യാത്രചെയ്താണ് യു ജുൻ എന്ന ഈ പയ്യൻ സ്മൃതിയുടെ കളികാണാനെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ സ്മൃതിയുടെ ഫോട്ടോസും വീഡിയോസും കണ്ടാണ് ഇഷ്ടം തോന്നിയതത്രേ.
മറ്റ് സ്റ്റേഡിയങ്ങളിൽ നിന്ന് ഈ വേദിയെ വ്യത്യസ്തമാക്കിയത് ഇവിടുത്തെ ഇംഗ്ളീഷ് അറിയാവുന്ന വോളണ്ടിയേഴ്സാണ്. ഇവിടെ ഇംഗ്ളീഷ് ബിരുദത്തിന് പഠിക്കുന്നവരെയാണ് വോളണ്ടിയേഴ്സ് ആക്കിയത് എന്നതാണ് അതിന് കാരണം. ഇന്ത്യയിൽ നിന്ന് ഉൾപ്പടെ ഇവിടെ വിദ്യാർത്ഥികളുണ്ട്. കണ്ണൂരുകാരനായ അലൻ മാത്യു ഇവിടെ കെമിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |