ആറുപേർ അറസ്റ്റിൽ, സ്വർണം
കവരാനെത്തിയ ഒരാളും പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്ന് കോടിയുടെ 5,460 ഗ്രാം സ്വർണവുമായി ആറുപേർ പിടിയിൽ. ദുബായ്, ദോഹ, ജിദ്ദ എന്നിവിടങ്ങളിൽ നിന്നെത്തിയവരാണ് പിടിയിലായത്. ഇവരിലൊരാളെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാനെത്തിയ അഞ്ചംഗ സംഘത്തിലെ ഒരാളെയും പിടികൂടി. മറ്റുള്ളവർ രക്ഷപ്പെട്ടു.
ദുബായിൽ നിന്നെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശികളായ പരയാരുകണ്ടിയിൽ മുഹമ്മദ് ബഷീർ (40), കരുമ്പാറക്കുഴിയിൽ മുഹമ്മദ് മിഥ്‌ലാജ് (21), ദോഹയിൽ നിന്നെത്തിയ ചേലാർക്കാട് സ്വദേശി കെ.അസീസ് (45), ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശികളായ സമീർ (34), അബ്ദുൾ സക്കീർ (34) എന്നിവരെ കസ്റ്റംസാണ് പിടികൂടിയത്. ദോഹയിൽ നിന്നെത്തിയ കോഴിക്കോട് കക്കാട്ടിൽ സ്വദേശി ഉണ്ടൻചാലിൽ ലിഗീഷിനെ (40) വിമാനത്താവളത്തിന് പുറത്തുവച്ച് സി.ഐ.എസ്.എഫാണ് പിടികൂടിയത്. മിഥ്ലാജ് ബെഡ് ഷീറ്റിലും മറ്റുള്ളവർ ശരീരത്തിൽ ക്യാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ലിഗീഷിൽ നിന്ന് രണ്ട് ക്യാപ്സ്യൂളുകളായി ഒളിപ്പിച്ച സ്വർണമിശ്രിതവും കണ്ടെത്തി.
ലിഗീഷ് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിയിരുന്നു. ഇയാളെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാൻ ശ്രമിച്ച സംഘത്തിലെ ഓമശ്ശേരി കിഴക്കേപുനത്തിൽ ആസിഫിനെയാണ് സി.ആർ.പി.എഫ് പിടികൂടിയത്. നാലുപേർ വാഹനത്തിൽ രക്ഷപ്പെട്ടു.
ലിഗീഷും കവർച്ചാസംഘവും തമ്മിൽ പിടിവലി നടന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ലിഗീഷിനെയും ആസിഫിനെയും പിടികൂടിയത്. ലിഗീഷിനെ കസ്റ്റംസിനും ആസിഫിനെ കരിപ്പൂർ പൊലീസിനും കൈമാറി. രക്ഷപ്പെട്ടവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |