തിരുവനന്തപുരം: സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തുന്ന കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ 20 വർഷം കഴിഞ്ഞാൽ ഇളവനുവദിക്കുന്നത് തടയാൻ സംസ്ഥാനസർക്കാർ നീക്കം. ആലുവയിൽ സമീപകാലത്തായി കുഞ്ഞുങ്ങൾക്ക് നേരേ നടന്ന ക്രൂരമായ അതിക്രമത്തിന്റെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തിലാണിത്. കേരള ജയിൽ നിയമത്തിലും ചട്ടത്തിലും സമവർത്തി പട്ടികയിലുൾപ്പെട്ട ഇന്ത്യൻ പീനൽ കോഡിലും ക്രിമിനൽ പ്രൊസിജിയർ കോഡിലും ഭേദഗതി വരുത്തിയുള്ള നിയമനിർമാണത്തിനാണ് നീക്കം. ഐ.പി.സി, സി.ആർ.പി.സി ഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം തേടേണ്ടിവരും. നിയമഭേദഗതി ശുപാർശ സംസ്ഥാന ആഭ്യന്തരവകുപ്പ് നിയമവകുപ്പിന്റെ പരിശോധനയ്ക്കായി കൈമാറി. നിയമവകുപ്പിന്റെ അനുമതിയോടെ അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ലവതരിപ്പിച്ച് പാസാക്കി രാഷ്ട്രപതിക്ക് അയക്കാനാണ് സർക്കാരിന്റെ ആലോചന.
ജീവപര്യന്തം തടവുശിക്ഷ 20 വർഷമായി നിജപ്പെടുത്തുന്നതാണ് ഐ.പി.സിയിലെ 57ാം വകുപ്പ്. 20 വർഷം കഴിഞ്ഞാൽ ഇളവ് നൽകാൻ വേണ്ടിയാണ് ഇത്തരമൊരു കാലപരിധി വ്യവസ്ഥ. ഇതിനു പുറമേ, വധശിക്ഷ, 14 വർഷത്തെ ജീവപര്യന്തം , കഠിന തടവുശിക്ഷ തുടങ്ങിയവയിലെല്ലാം പ്രതിക്ക് ഇളവ് നൽകാൻ സി.ആർ.പി.സി 433ാം വകുപ്പിൽ വ്യവസ്ഥയുണ്ട്.
സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തുന്ന കേസിലെ പ്രതികൾക്ക് ഈ ഇളവുകൾ കിട്ടാതിരിക്കാനാണ് ഐ.പി.സിയിലും സി.ആർ.പി.സിയിലും ഭേദഗതി വരുത്താനുള്ള നിർദേശങ്ങൾ. ഇതോടൊപ്പം കേരള ജയിൽ ചട്ടത്തിലും ആവശ്യമായ ഭേദഗതി വരുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |