.വൻകിടപദ്ധതികൾ കേരളം ഇരുട്ടിലാവുന്ന വിധം പ്രതിസന്ധിയിൽ
തിരുവനന്തപുരം: ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം വർഷങ്ങളായി ഇഴയുന്നത് കൂടാതെ നിലവിലുള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികൾ നടത്തുന്നതിലും കെ.എസ്.ഇ.ബിക്ക് അനാസ്ഥ.
പ്രവർത്തനം നിലച്ചാൽ തെക്കൻ കേരളം ഇരുട്ടിലാവുന്ന വിധം പ്രതിസന്ധിയിലാണ് ചില വൻകിടപദ്ധതികൾ.
പല ജലവൈദ്യുതപദ്ധതികളും പൂർണ്ണ തോതിൽ പ്രവർത്തനക്ഷമമല്ല.
ഉത്പാദനക്കുറവ് മൂലമുണ്ടാകുന്ന വൈദ്യുതി കമ്മി പരിഹരിക്കാനും വൻനിരക്കിൽ പുറമേ നിന്ന് വൈദ്യുതി വാങ്ങുന്നു. അതിന്റെയും ഭാരം പേറേണ്ടത് ഉപഭോക്താക്കൾ.
35 വർഷമാണു ജലവൈദ്യുത നിലയത്തിന്റെ ആയുസ്സ്. ആദ്യ പദ്ധതിയായ പള്ളിവാസൽ 81 വർഷം പിന്നിട്ടു. ഏറ്റവും വലിയ പദ്ധതിയായ ഇടുക്കി 45 വർഷവും പിന്നിട്ടു. കണക്കിൽ ഉത്പാദനശേഷി കൂടിയെങ്കിലും ഒരിടത്തും ഉത്പാദനം കൂടിയില്ല.
നിർമ്മാണത്തിലിരിക്കുന്ന 128 ജലവൈദ്യുതപദ്ധതികൾ പൂർത്തിയാക്കാൻ താത്പര്യം കാട്ടാതെ ദീർഘകാലകരാറുകൾ പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി ഒാടിനടക്കുകയാണെന്ന് കഴിഞ്ഞ ദിവസം 'കേരളകൗമുദി" റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോൾതന്നെ വൈദ്യുതിക്ക് ഏറ്റവും ഉയർന്ന നിരക്കുള്ള കേരളത്തിൽ ഒരു വർദ്ധനകൂടി അടുത്തയാഴ്ച വരാനിരിക്കുകയാണ്.
വർഷങ്ങളായി അറ്റകുറ്റപ്പണിയില്ലാതെ ഓടുകയാണ് പല വൈദ്യുത നിലയങ്ങളും. വാർഷിക അറ്റകുറ്റപ്പണികളും നവീകരണവും നടന്നിട്ടില്ല. അറ്റകുറ്റപ്പണി നടത്താൻ ഫലപ്രദമായ പദ്ധതികൾ ആവിഷ്ക്കരിക്കുന്നുമില്ല. പൊട്ടിത്തെറിയും പൊട്ടലും ചീറ്റലും പവർഹൗസുകളിൽ നിത്യസംഭവമാണ്.
അറ്റകുറ്റപ്പണികൾക്ക് പ്രത്യേകതാത്പര്യമെടുക്കാത്തതാണ്കാരണം.
# വൻകിട പദ്ധതികളുടെ സ്ഥിതി ശോചനീയം
ഇടുക്കി
1976ൽ തുടങ്ങി. 780 മെഗാവാട്ട് ശേഷി. കാലപ്പഴക്കംമൂലം ഏതു നിമിഷവും പ്രവർത്തനം പൂർണ്ണമായും സ്തംഭിച്ചേക്കാം. പ്രവർത്തനം നിലച്ചാൽ തെക്കൻ കേരളം ഇരുട്ടിലാകും. കാലഹരണപ്പെട്ട യന്ത്രഭാഗങ്ങൾക്ക് സ്‌പെയർ കിട്ടാനില്ലെന്നതാണ് കാരണമായി പറയുന്നത്.
ശബരിഗിരി
1966ൽ തുടക്കമിട്ടു. 300 മെഗാവാട്ട് ശേഷി. 2009ൽ നവീകരിച്ചശേഷം നിലയം വിറയ്ക്കുന്നു. ഇതുമൂലം ഉത്പാദനം പൂർണ്ണതോതിലാക്കാൻ പറ്റുന്നില്ല. കാരണം കണ്ടെത്താനും സാധിച്ചിട്ടില്ല.
ഇടമലയാർ
75 മെഗാവാട്ട് ശേഷി. ടണലിന്റെ വലിപ്പക്കുറവ് മൂലം പൂർണ്ണമായ ഉത്പാദനശേഷിയില്ല. രണ്ടു ടർബൈനുകൾ. അവ കേടായാൽ നിലയം സ്തംഭിക്കും. കൂടുതൽ ടർബൈനുകൾ സ്ഥാപിക്കാൻ കഴിയുമായിരുന്നു.
കേരളത്തിനു പ്രതിദിനം വേണ്ട വൈദ്യുതി
3800 മുതൽ 4400
മെഗാവാട്ട് വരെ
നിലവിലുള്ള പദ്ധതികളിൽനിന്ന് ലഭിക്കുന്നത് 1300 മുതൽ 1600
മെഗാവാട്ട് വരെ
മികച്ച രീതിയിലാക്കിയാൽ
2200 മെഗാവാട്ട്
കണ്ടെത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |