കൊല്ലം: ആയിരം കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഒരു വീട്ടിൽ നിന്ന് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടി. കൊല്ലം മംഗലത്ത് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന കൊല്ലം കിളികൊല്ലൂർ സ്വദേശി ഷാജഹാൻ (42 ) സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയോളം വില വരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്നും പച്ചക്കറി വണ്ടികളിലാണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ട് വന്നതെന്നാണ് പ്രാഥമിക വിവരം. പുന്തലത്താഴം, അയത്തിൽ, കിളികൊല്ലൂർ ഭാഗങ്ങളിൽ ഹോൾസെയിൽ വിൽപ്പനയ്ക്കായിട്ടാണ് പുകയില ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നത്.
സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിൽ ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ബിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയിഡ് നടത്തിയത്. ഇരവിപുരം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
പാർട്ടിയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണു .ബി ,അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രഘു കെ.ജി, പ്രിവന്റീവ് ഓഫീസർ പ്രസാദ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിത്ത്, ജൂലിയൻ ക്രൂസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സ്‌നേഹ സാബു, ഡ്രൈവർ സുഭാഷ് എന്നിവർ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |