കൊല്ലം: സംഘം ചേർന്ന് മർദ്ദിക്കുകയും നിരോധിത സംഘടനയായ പിഎഫ്‌ഐ എന്ന് ശരീരത്തിൽ എഴുതുകയും ചെയ്തുവെന്ന് വ്യാജ പരാതി നൽകിയ സൈനികനും സുഹൃത്തും അറസ്റ്റിൽ. കലാപശ്രമം, ഗൂഡാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. കടയ്ക്കൽ സ്വദേശിയും രാജസ്ഥാനിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ വിഭാഗത്തിൽ ഹവിൽദാറുമായ ഷൈൻ കുമാറും സുഹൃത്ത് ജോഷിയുമാണ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അറസ്റ്റിലായത്.
ദേശീയശ്രദ്ധ നേടി ജോലിയിൽ മെച്ചപ്പെട്ട സ്ഥാനം ലഭിക്കാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്നും ഇതിനായി അഞ്ചുമാസത്തെ ആസൂത്രണം പ്രതികൾ നടത്തിയെന്നും പൊലീസ് പറയുന്നു. പ്രശസ്‌തനാകാൻ വേണ്ടിയാണ് ഷൈൻ വ്യാജ പരാതി നൽകിയതെന്ന് ജോഷി പൊലീസിന് നൽകിയ മൊഴിയാണ് സത്യം പുറത്തുവരാൻ കാരണമായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിഎഫ്‌ഐ എന്നെഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും പൊലീസ് കണ്ടെടുത്തു. ചിറയിൻകീഴിൽ നിന്നാണ് ഇവ വാങ്ങിയതെന്നും തന്നെകൊണ്ട് ബ്ളെയ്‌ഡ് ഉപയോഗിച്ച് ടീഷർട്ട് കീറിക്കുകയായിരുന്നുവെന്നുമാണ് ജോഷി മൊഴി നൽകിയത്. മർദ്ദിക്കാൻ ഷൈൻ ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ലെന്നും ഇയാൾ പറഞ്ഞിരുന്നു.
കടയ്ക്കൽ ചാണപ്പാറയിൽവച്ച് കഴിഞ്ഞ ഞായറാഴ്‌ച ആക്രമണം നേരിട്ടുവെന്നാണ് സൈനികൻ പരാതിയിൽ പറഞ്ഞത്. കഴിഞ്ഞദിവസം നാട്ടിൽ ഓണാഘോഷ പരിപാടികൾ നടന്നിരുന്നുവെന്നും ഇതിന് ശേഷമാണ് ആക്രമണം ഉണ്ടായതെന്നുമാണ് സൈനികൻ പറഞ്ഞത്. തിങ്കളാഴ്‌ച ജോലിസ്ഥലത്തേയ്ക്ക് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. ഞായറാഴ്‌ച രാത്രി സുഹൃത്തിന്റെ വീട്ടിലേയ്ക്ക് പോയി. അതിനിടെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഒരു സംഘമാളുകൾ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നുവെന്നും ശരീരത്തിൽ പിഎഫ്ഐ എന്നെഴുതിയെന്നും പരാതിയിൽ ഷൈൻ പറഞ്ഞിരുന്നു.
ആറംഗസംഘം ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞുവെന്നും എന്തിനാണ് ആക്രമിച്ചതെന്നും ആരാണ് ആക്രമിച്ചതെന്നും അറിയില്ലെന്നും പരാതിയിലുണ്ട്. തുടർന്ന് കണ്ടാലറിയാവുന്ന ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ സൈന്യവും അന്വേഷണം തുടങ്ങിയിരുന്നു. പാങ്ങോട് നിന്നുള്ള മിലിറ്ററി ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഷൈനിനെ ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്.
ഷൈനിനെ അറസ്റ്റ് ചെയ്ത വിവരം ജോലി ചെയ്യുന്ന യൂണിറ്റിൽ അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു. അതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നതടക്കം അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |