കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇന്ന് രണ്ടാമത് അറസ്റ്റുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ബാങ്ക് മുൻ അക്കൗണ്ടന്റ് സി.കെ ജിൽസിനെ ഇ.ഡി സംഘം അറസ്‌റ്റ് ചെയ്‌തു. സി പി എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ അരവിന്ദാക്ഷന്റെ അറസ്‌റ്റിന് പിന്നാലെയാണ് രണ്ടാമതും അറസ്‌റ്റുണ്ടായിരിക്കുന്നത്. നേരത്തെ ക്രൈംബ്രാഞ്ച് എടുത്ത കേസിലും ജിൽസ് പ്രതിയായിരുന്നു. ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്‌തിരുന്നു.
പിന്നീട് ജാമ്യത്തിലിറങ്ങിയ ജിൽസ് എല്ലാം സെക്രട്ടറിയും ഭരണസമിതി അംഗങ്ങളും പറഞ്ഞിട്ടാണ് ചെയ്‌തതെന്നും തന്നെ കേസിൽ കുടുക്കിയതാണെന്നും ആരോപിച്ചിരുന്നു. സിപിഎം നോമിനിയായാണ് താൻ ജോലിയ്‌ക്ക് കയറിയതെന്നും ജിൽസ് വ്യക്തമാക്കിയിരുന്നു.
ഇ.ഡിയുടെ ചോദ്യം ചെയ്യലിന് പിന്നാലെയാണ് ജിൽസിനെയും അറസ്റ്റ് ചെയ്‌തത്. ബാങ്കിലെ ബിനാമി ലോൺഇടപാടുകൾ അരവിന്ദാക്ഷൻ അറിഞ്ഞാണെന്നും അരവിന്ദാക്ഷനെതിരെ ശക്തമായ തെളിവുണ്ടെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. വടക്കാഞ്ചേരിയിൽ എ.സി മൊയ്‌തീന്റെ വിശ്വസ്‌തനാണ് പി.ആർ അരവിന്ദാക്ഷൻ.
അതേസമയം ഇ.ഡി അന്വേഷണത്തിൽ അരവിന്ദാക്ഷന് ശക്തമായ പിന്തുണയാണ് സിപിഎം നൽകുന്നത്. അരവിന്ദാക്ഷന് നിയമപരമായ സംരക്ഷണം തന്നെ നൽകുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തെ സഹകരണ മേഖലയെ ഇ.ഡി അറസ്റ്റ് വഴി തകർക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്.
അറസ്‌റ്റിലായ ജിൽസ്, കരുവന്നൂർ ബാങ്ക് മാനേജർ ബിജു കരീം എന്നിവർ ബാങ്കിലെ വായ്‌പകൾ വഴി കോടികൾ സമ്പാദിച്ചെന്ന് ഇ.ഡി അന്വേഷണത്തിൽ തെളിഞ്ഞു. ഇടത് മുന്നണിയിലെ ഘടകകക്ഷിയായ സിപിഐയടക്കം കരുവന്നൂർ വിഷയത്തിൽ പാർട്ടിക്കെതിരെ അഭിപ്രായം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |