തിരുവനന്തപുരം: കൊവിഡിന് ശേഷം ലോക രാജ്യങ്ങൾ മാന്ദ്യത്തിലായപ്പോഴും ഇന്ത്യ ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയെന്ന നേട്ടത്തിലേക്ക് എത്തിയതിന് പിന്നിൽ സ്വകാര്യ സംരംഭകരുടെ മഹത്തായ സംഭാവനയുണ്ടെന്ന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി പറഞ്ഞു. മാസ്കോട്ട് ഹോട്ടലിൽ നടന്ന കേരളകൗമുദി എക്‌സലൻസ് അവാർഡ് വിതരണ ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ബിസിനസ് മേഖലയിൽ കേവലം 500 കമ്പനികളാണ് മാറ്റത്തിന്റെ പവർ ഹൗസ് ആകാറുള്ളതെങ്കിലും, അതിൽ വലിയൊരു ശതമാനം ഇടത്തരം വ്യവസായ മേഖല നൽകിയ സംഭാവനയാണ്.. എന്നാലത് അംഗീകരിക്കപ്പെടാതെ പോകുന്ന സ്ഥിതിയുണ്ട്. അതിനാലാണ് അവരുടെ നേട്ടങ്ങളെ എക്‌സലൻസ് പുരസ്കാരങ്ങൾ നൽകി ആദരിക്കാൻ കേരളകൗമുദി തീരുമാനിച്ചത്. വ്യവസായ മേഖലയ്ക്ക് അവർ നൽകിയ സംഭാവനകൾ മാത്രമല്ല, ധാർമ്മികമായ പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് ഈ ആദരം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യ പുതിയൊരു അദ്ധ്യായം തുറന്നിരിക്കുകയാണ്. മോദിക്ക് കീഴിൽ അടിസ്ഥാന
സൗകര്യ വികസനത്തെ ലോകോത്തരമാക്കിയത് കൂടാതെ, അന്താരാഷ്ട്ര തലത്തിൽ കേന്ദ്ര ബിന്ദുവാകുകയും ചെയ്തു. അടുത്തിടെ സമാപിച്ച ജി20 ഉച്ചകോടി ഇതിനുള്ള തെളിവാണ്.
112 വർഷം പഴക്കമുള്ള പത്രമാണ് കേരളകൗമുദി. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളിലൂടെ എന്നും മുന്നേറിയിട്ടുള്ള കേരളകൗമുദി ഭാവിയിലും ഇതേ പാത തുടരുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്. 2011ൽ പ്രധാനമന്ത്രിയായിരുന്ന ഡോ.മൻമോഹൻ സിംഗ് നൂറാം വാർഷികം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞത് കേരളകൗമുദിയെ പോലൊരു പത്രം 100 വർഷം പൂർത്തിയാക്കുന്നത് രാഷ്ട്ര നിർമ്മാണത്തിൽ ആ പത്രത്തിനുള്ള പങ്ക് കൂടി വ്യക്തമാക്കുന്നതാണെന്നാണ്. സ്വാതന്ത്ര്യ സമര കാലത്ത് നിന്ന് 21ാം നൂറ്റാണ്ടിൽ എത്തിനിൽക്കുമ്പോൾ ഇന്ത്യ സുപ്രധാന ആഗോള ശക്തിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |