തൃശൂർ/ വടക്കാഞ്ചേരി/കുന്നംകുളം : കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ അറസ്റ്റിനെ തുടർന്ന് കൂടുതൽ നടപടി തടയാനും അതോടൊപ്പം ജനകീയ പ്രതിഷേധമുയർത്തി പ്രതിരോധമുയർത്താനും സി.പി.എം. ഇന്നലെ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരിയിൽ നടന്ന പ്രതിഷേധപ്രകടനത്തിൽ നിരവധി പേരെ സി.പി.എം അണിനിരത്തി. എ.സി മൊയ്തീൻ അടക്കമുള്ളവരെ അടുത്ത ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുമോയെന്ന ആശങ്ക സി.പി.എമ്മിനുണ്ട്. അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞയുടനെ അത്താണി ലോക്കൽ കമ്മിറ്റി ഓഫീസിലും വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിലും നിരവധി പ്രവർത്തകരാണെത്തിയത്. പ്രതിഷേധ പ്രകടനത്തിന് ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവരെത്തി. ഇ.ഡി ഉയർത്തിയ ആരോപണങ്ങളുണ്ടെങ്കിലും പ്രാദേശികതലത്തിൽ ജനകീയനായ നേതാവാണ് പി.ആർ.അരവിന്ദാക്ഷൻ. അതുകൊണ്ട് അദ്ദേഹത്തിന്റെ അറസ്റ്റ് നേതൃത്വത്തെ ഞെട്ടിച്ചു. അരവിന്ദാക്ഷന് പുറമേ കരുവന്നൂർ ബാങ്കിലെ മുൻ ചീഫ് അക്കൗണ്ടന്റ് ജിൽസിന്റെ അറസ്റ്റും അന്വേഷണത്തെ പുതിയ തലങ്ങളിലേക്കെത്തിച്ചേക്കും. ഇതിനിടെ കോൺഗ്രസും ബി.ജെ.പിയും ശക്തമായ സമരവുമായി രംഗത്തുണ്ട്.
ഇ.ഡിക്കെതിരെ പ്രതിഷേധം
വടക്കാഞ്ചേരി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം പ്രാദേശിക നേതാവുമായ പി.ആർ.അരവിന്ദാക്ഷനെ ഇ.ഡി. കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് സി.പി.എം വടക്കാഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തി. സി.പി.എം ഓഫീസിന് മുന്നിൽ നിന്നുമാരംഭിച്ച മാർച്ച് ഓട്ടുപാറയിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മേരി തോമസ്, പി.മോഹൻ ദാസ്, എൻ.കെ.പ്രമോദ് കുമാർ, കെ.എം.അഷ്‌റഫ്, ടി.വി.സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.
കോൺഗ്രസ് പ്രകടനം
ഇ.ഡി അറസ്റ്റ് ചെയ്ത നഗരസഭ കൗൺസിലർ പി.ആർ.അരവിന്ദാക്ഷൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വടക്കാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി.ജയദീപ്, എൻ.എ.സാബു , എൻ.ആർ.സതീശൻ, ജയൻ മംഗലം, അഡ്വ.ടി.എസ്.മായാദാസ്, വി.എം.കുരിയാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകി.
ബി.ജെ.പി മാർച്ചിൽ സംഘർഷം
കരുവന്നൂർ ബാങ്കിലെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി അന്വേഷണം നേരിടുന്ന എം.എൽ.എ എ.സി മൊയ്തീൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി എം.എൽ.എയുടെ ക്യാമ്പ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗത്തിൽ വനിതാ പ്രവർത്തക ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. മണ്ഡലം ജനറൽ സെക്രട്ടറി പി.ജെ.ജെബിൻ, പ്രവർത്തക രേഷ്മ എന്നിവർക്കാണ് പരിക്കേറ്റത്. മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ സതീഷ് കുമാറിന് എല്ലാ ഒത്താശയും ചെയ്ത് കൊടുത്തത് പി.കെ.ബിജുവാണെന്ന് അനീഷ് കുമാർ ആരോപിച്ചു.
സി.പി.എം നേതാക്കളെ വേട്ടയാടുന്നു
കരുവന്നൂർ സഹകരണബാങ്കിലെ പ്രശ്നങ്ങൾ മറയാക്കി സി.പി.എം നേതാക്കളെ ഇ.ഡി വേട്ടയാടുകയാണ്. ആർ.എസ്.എസ്, സംഘപരിവാർ അജൻഡ കേന്ദ്രസർക്കാർ ഇ.ഡിയിലൂടെ നടപ്പാക്കുന്നു. പലരുടെയും പേര് വലിച്ചിഴയ്ക്കാനാണ് ശ്രമം. ഇ.ഡിയുടെ ആരോപണം ശരിവയ്ക്കാൻ പാർട്ടിക്കാകില്ല. ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. നിയമപരമായി ഏതറ്റം വരെയും പോകും. സഹകരണ ബാങ്കുകളെ ഇല്ലാതാക്കാനാണ് ശ്രമം. യു.ഡി.എഫ് നേതൃത്വവും ആർ.എസ്.എസുമായി ഗൂഢാലോചന നടത്തുകയാണ്.
എം.എം.വർഗീസ്.
ജില്ലാ സെക്രട്ടറി
സി.പി.എം
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം നേതാവും വടക്കാഞ്ചേരി കൗൺസിലറുമായ പി.ആർ.അരവിന്ദാക്ഷൻ അറസ്റ്റിലായ നടപടി സ്വാഗതാർഹം. ഇത് എ.സി മൊയ്തീനെ അറസ്റ്റ് ചെയ്തതിന് തുല്യമാണ്.
അനിൽ അക്കര
മുൻ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |