മലപ്പുറം: മെഡിക്കൽ ഓഫീസർ നിയമനത്തിനായി ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് പരാതി. മലപ്പുറം സ്വദേശിയായ ഹരിദാസനാണ് പരാതി നൽകിയത്. മകന്റെ ഭാര്യയെ മെഡിക്കൽ ഓഫീസർ സ്ഥാനത്തേക്ക് നിയമിക്കാൻ കൈക്കൂലി നൽകിയെന്നാണ് പരാതിയിൽ പറയുന്നത്. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവാണെന്നും തവണകളായി 15 ലക്ഷം രൂപ നൽകാനാണ് ആവശ്യപ്പെട്ടതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സിഐടിയു മുൻ ഓഫീസ് സെക്രട്ടറിയാണ് അഖിൽ സജീവെന്നും പരാതിയിൽ പറയുന്നുണ്ട്.
അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ അഖിൽ മാത്യുവിനോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പരാതി അന്വേഷിക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിൽ ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെ വെള്ളിച്ചത്ത് കൊണ്ടുവരുമെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. അഖിൽ മാത്യുവിന് സംഭവുമായി യാതൊരു ബന്ധവുമില്ലെന്നാണ് അറിയിച്ചത്. അക്കാര്യം അദ്ദേഹം വസ്തുതകൾ നിരത്തി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
'പേഴ്സണൽ സ്റ്റാഫ് അംഗത്തിന് മേൽ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം അടക്കം അന്വേഷിക്കണം. സർക്കാരിനോ വകുപ്പിനോ ഇക്കാര്യത്തിൽ രണ്ട് വശമില്ല. അഴിമതി നടക്കരുതെന്ന നിലപാടാണ് സർക്കാരിനുള്ളത്. രേഖാമൂലം വകുപ്പിന് ലഭിച്ച പരാതി പരാതിക്കാർ പൊലീസിന് കൈമാറിയോ എന്ന കാര്യം അറിയില്ല. ഞാൻ അവരെ കണ്ടിട്ടില്ല. വകുപ്പിന് ലഭിച്ച പരാതി പൊലീസിന് കൈമാറിയിട്ടുണ്ട്. ഒരു പരാതിയും താൻ പൂഴ്ത്തി വച്ചിട്ടില്ല'- ആരോഗ്യമന്ത്രി പറഞ്ഞു.
നിപ പ്രതിരോധ സമയത്ത് കോഴിക്കോടുണ്ടായിരുന്നപ്പോഴാണ് പരാതി ലഭിച്ചത്. അപ്പോൾ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. പരാതിയിൽ ഇടനിലക്കാരനായി നിന്നന്നെ ആരോപണം ഉയർന്നത് സിഐടിയു ഓഫീസുമായി തട്ടിപ്പ് നടത്തിയതിന് പാർട്ടി നടപടി എടുത്ത ആളാണെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |