തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയും മുഖ്യമന്ത്രിയ്‌ക്കെതിരെയും കടുത്ത വിമർശനവുമായി സിപിഐയുടെ സംസ്ഥാന കൗൺസിൽ. കഴിഞ്ഞ രണ്ട് വർഷത്തോളമായി സർക്കാർ ഒന്നും ചെയ്‌തിട്ടില്ലെന്നും ഈ രീതിയിൽ മണ്ഡലപര്യടനത്തിന് പോയാൽ ഗുണം ചെയ്യില്ലെന്നും സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനമുണ്ടായി.
സർക്കാരിന്റെ മുഖം വികൃതമാണ്. മുഖ്യമന്ത്രിയ്‌ക്ക് ലാളിത്യമില്ല. 50 അകമ്പടി വാഹനങ്ങളുമായി യാത്ര തെറ്റാണ്. എല്ലാത്തിനും മാദ്ധ്യമങ്ങളെ വിമർശിച്ചിട്ടും കാര്യമില്ല. ഈ മുഖവുമായി മണ്ഡല പര്യടനത്തിന് പോയാൽ ഗുണം ചെയ്യില്ല. ഈ രീതിയിൽ മുന്നോട്ടുപോയാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടുമെന്നും സിപിഐ കൗൺസിൽ യോഗത്തിൽ അഭിപ്രായം ഉയർന്നു.
രണ്ടര വർഷം കൊണ്ട് സർക്കാർ ഒന്നും ചെയ്‌തില്ലെന്ന് വിമർശിച്ച അംഗങ്ങൾ കേരളീയം പരിപാടിയും നിയോജക മണ്ഡലം സദസും കൊണ്ട് കാര്യമില്ലെന്നും അഭിപ്രായപ്പെട്ടു. പാർട്ടി മന്ത്രിമാർക്കെതിരെയും കടുത്ത വിമർശനമാണ് ഉയർന്നത്. മന്ത്രിമാരുടെ ഓഫീസിൽ ഒന്നും നടക്കുന്നില്ല. റവന്യു, കൃഷി മന്ത്രിമാർ എപ്പോഴും സ്ഥലത്തുണ്ടാകാത്ത അവസ്ഥയാണ്. നെല്ല് സംഭരണത്തിൽ കൃത്യമായി പണം നൽകാതെ വീഴ്‌ചയുണ്ടായി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് നിസാരമായി കാണേണ്ടെന്നും സിപിഎം തട്ടിപ്പുകാരെ സംരക്ഷിക്കുകയാണെന്നും അഭിപ്രായം ചില അംഗങ്ങളുയർത്തി.
സർവത്ര അഴിമതിയാണെന്നും സർക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി,ക്വാറി മാഫിയകളാണെന്നും കോർപറേറ്റ് സംഘത്തിന്റെ പിടിയിലാണ് സർക്കാരെന്നും കൗൺസിൽ യോഗത്തിൽ ആക്ഷേപം ഉയർന്നു. പാഞ്ചാലി വസ്‌ത്രാക്ഷേപം നടക്കുമ്പോൾ പാണ്ഡവരെപ്പോലെയിരിക്കരുതെന്നും വിദുരരായി മാറണമെന്നുമാണ് അജിത് കോളാടി അഭിപ്രായപ്പെട്ടത്. സിപിഐ നേതൃത്വം പടയാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |