തിരുവനന്തപുരം: അടുത്ത വർഷത്തെ ഓസ്‌കാർ പോരാട്ടത്തിൽ ഇന്ത്യയ്ക്കു വേണ്ടി മാറ്റുരയ്ക്കാൻ മലയാള സിനിമ 2018. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത '2018 – എവരിവൺ ഈസ് എ ഹീറോ' വിദേശ ചിത്രത്തിനുള്ള ഓസ്‌കാർ മൽസരത്തിലെ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയാകും. വിഖ്യാത കന്നഡ സംവിധായകൻ ഗിരിഷ് കാസറവള്ളി അദ്ധ്യക്ഷനായ 16 അംഗ ജൂറിയാണ് കേരളം നേരിട്ട മഹാപ്രളയവും മലയാളിയുടെ ഒത്തൊരുമയും സാങ്കേതികത്തികവോടെ പ്രേക്ഷകരിലേയ്ക്ക് എത്തിച്ച 2018നെ തിരഞ്ഞെടുത്തത്. ഓസ്‌കാറിൽ ഇന്ത്യൻ എൻട്രിയാകുന്ന നാലാമത്തെ മലയാള സിനിമയാണ് 2018
അവസാന നിമിഷം വരെ വെട്രിമാരന്റെ വിടുതലൈ ഒന്നാം ഭാഗവും ജൂറി പരിഗണിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ദുരിതവും അടക്കം 2018ലെ പ്രമേയം ആഗോള പ്രസക്തമാണെന്ന് ജൂറി വിലയിരുത്തി. ദ കേരള സ്റ്റോറി അടക്കം 22 സിനിമകൾ ജൂറിക്കു മുന്നിൽ എത്തിയിരുന്നു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി തുടങ്ങി വൻതാരനിര ചിത്രത്തിലുണ്ട്. കാവ്യ ഫിലിംസാണ് നിർമാണം. സാമ്പത്തിക നേട്ടത്തിനൊപ്പം നിരൂപക പ്രശംസയും ചിത്രം നേടി. 2024 മാർച്ച് 10നാണ് 96-ാമത് ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനം. 2020ൽ ജല്ലിക്കെട്ടായിരുന്നു ഇന്ത്യയുടെ എൻട്രി. .
ടോവീനോയ്ക്ക് ഇരട്ടി മധുരം
2018ലെ അഭിനയത്തിന് നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിൽ നടന്ന ചടങ്ങിൽവച്ച് മികച്ച ഏഷ്യൻ അഭിനേതാവിനുള്ള സെപ്റ്റിമിയസ് പുരസ്‌കാരം സ്വീകരിച്ചതിന്റെ അടുത്ത ദിവസമാണ് ചിത്രത്തിന് ഓസ്കാർ എൻട്രി കിട്ടിയത്. 'ഇന്നലെ സന്തോഷത്തോടെയാണ് ഉറങ്ങിയത്. ഉണർന്നപ്പോൾ ഡബിൾ ദമാക്ക അടിച്ച പോലെ'- എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. സെപ്റ്റിമിയസ് അവാർഡ് ലഭിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ അഭിനേതാവാണ് ടൊവിനോ.
''ഒട്ടും പ്രതീക്ഷിക്കാത്ത അംഗീകാരം''- ജൂഡ് ആന്റണി ജോസഫ്
''സിനിമയിൽ പ്രവർത്തിച്ച എല്ലാവരുടെയും വിജയമാണിത്''- കുഞ്ചാക്കോ ബോബൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |