തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാലു മാസത്തിനിടെ ഹൃദ്രോഗ ചികിത്സ തേടിയത് 40,000 പേർ.
ഒരു മാസം ചെയ്യുന്നത് 400 ആൻജിയോപ്ലാസ്റ്റി. ഇതിൽ പകുതിയും ഗുരുതരാവസ്ഥയിൽ എത്തിയ രോഗികളായിരുന്നുവെന്ന് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവിയും കേരള ഹാർട്ട് ഫൗണ്ടേഷൻ ഡയറക്ടറുമായ പ്രൊഫസർ ഡോ. ശിവപ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇൗ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിൽ ഹൃദ്രോഗ നിരക്ക് നിയന്ത്രണാതീമായി വർദ്ധിക്കുന്നെന്നാണ്.
വികസിത രാജ്യങ്ങൾക്ക് സമാനമായി ഏറ്റവും കുറഞ്ഞ (60 മിനിട്ട് ) 'ഡോർ ടു ബലൂൺ ടൈം' പാലിച്ച് ആൻജിയോപ്ലാസ്റ്റി ചികിത്സ നൽകാൻ മെഡിക്കൽ കോളേജിന് കഴിയുന്നുണ്ട്. വികസിത രാജ്യങ്ങൾക്ക് സമാനമായ മരണനിരക്കാണ് (2-4%) പ്രൈമറി ആൻജിയോപ്ലാസ്റ്റിയിൽ മെഡിക്കൽ കോളേജിലും ഉണ്ടാകുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ ആൻജിയോപ്ലാസ്റ്റി ഉൾപ്പെടെയുള്ള കാർഡിയോ ഇന്റർവെൻഷൻ ചികിത്സ നൽകിയ ആശുപത്രികളുടെ പട്ടികയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അഞ്ചാം സ്ഥാനത്തും കേരളത്തിൽ ഒന്നാം സ്ഥാനത്തുമാണ്.
2022 ജനുവരി മുതൽ ഡിസംബർ വരെ 3,446 കാർഡിയോ ഇന്റർവെൻഷൻ ചികിത്സയാണ് നൽകിയത്. ഈ പശ്ചാത്തലത്തിൽ “ഹൃദയത്തെ അറിയൂ, ഹൃദയത്തെ ഉപയോഗിക്കൂ” എന്ന മുദ്രാവാക്യമുയർത്തി മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗവും കേരള ഹാർട്ട് ഫൗണ്ടേഷനും സംയുക്തമായി ലോക ഹൃദയ ദിനമായ നാളെ ഹൃദ്രോഗ പ്രതിരോധ ദിനം ആചരിക്കും.
രാവിലെ 6.30ന് കനകക്കുന്നിനു മുന്നിൽ ഫ്ലാഷ് മോബ് നടക്കും. 7ന് ഹൃദയദിന വാക്കത്തണിൽ മന്ത്രി വീണാ ജോർജ് ഫ്ളാഗ് ഓഫ് ചെയ്ത് പങ്കുകൊള്ളും. 10ന് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനിയേഴ്സ് ഹാളിൽ ഹൃദയദിനാചരണം മന്ത്രി ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. പ്രൊഫ. ഡോ. രാധാകൃഷ്ണൻ, പ്രൊഫ. ഡോ. മാത്യു ഐപ്പ്, പ്രൊഫ.ഡോ. സിബു മാത്യു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |