കണ്ണൂർ: ജില്ലയിൽ സോഷ്യൽ മീഡിയ വഴി ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനത്തിൽ കുടുങ്ങി വഞ്ചിതരാകുന്നവരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ആദ്യഘട്ടത്തിൽ ആകർഷകമായ ടാസ്കുകൾ നൽകി വിശ്വാസം പിടിച്ചുപറ്റിയ ശേഷം വലിയ പ്രതിഫലം കിട്ടുന്ന സാഹചര്യം കാട്ടി അടപ്പിക്കുന്ന തുക അടിച്ചെടുത്ത് മുങ്ങുന്നതാണ് തട്ടിപ്പുസംഘങ്ങളുടെ രീതി.
ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട യുവതി പയ്യാമ്പലത്ത് കടലിൽ ചാടി ജീവനൊടുക്കിയ സംഭവമടക്കമുണ്ടായിട്ടും ഇത്തരക്കാരെ നിയമത്തിന് മുന്നിൽ എത്തിക്കാൻ സാധിച്ചിട്ടില്ല.
സമാനമായ രീതിയിൽ ചക്കരക്കല്ല്, തലശേരി സ്റ്റേഷനുകളിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.ജോലി വാഗ്ദാനവുമായാണ് സംഘങ്ങൾ സോഷ്യൽമീഡിയ വഴി ആളുകളെ പ്രലോഭിപ്പിക്കുന്നത്. തുടക്കത്തിൽ ചെറിയ ടാസ്‌കുകൾ നൽകി മികച്ച പ്രതിഫലം നൽകിയാണ് വിശ്വാസം നേടുന്നത്. ക്രമേണ ടാക്സിൽ പങ്കെടുക്കുന്നതിന് കൂടുതൽ പണം ആവശ്യപ്പെടും.ഇങ്ങനെ പണം അടച്ചവരോട് പിന്നീട് പ്രതികരിക്കാതിരിക്കുന്നതാണ് സംഘങ്ങളുടെ പൊതുരീതി. പലർക്കും ഇതുവഴി ലക്ഷങ്ങൾ നഷ്ടമാകുന്നുണ്ട്.
അവഗണിക്കണം ഈ മെസേജുകളെ
കമ്പനി, അതിന്റെ പ്രശസ്തി, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ എന്നിവ അന്വേഷിക്കണം
ഔദ്യോഗിക വെബ്‌സൈറ്റ് ആണോയെന്ന് പരിശോധിക്കണം
ജോലി വാഗ്ദാനം കമ്പനിയെ നേരിട്ട് ബന്ധപ്പെട്ട് ഉറപ്പ് വരുത്തണം
അസാധാരണമായ ഉയർന്ന ശമ്പളത്തിലും ആനുകൂല്യത്തിലും ജാഗ്രത പുലർത്തണം
ആധാർ നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിശദാംശം, പാസ്‌പോർട്ട് പകർപ്പുകൾ എന്നിവ നൽകരുത്.
അപേക്ഷ സമർപ്പിക്കാത്ത ജോലി വാഗ്ദാനങ്ങൾ വിശ്വസിക്കാതിരിക്കുക.
പൊലീസ് വിളിപ്പുറത്തുണ്ട്
ഇത്തരം ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെകിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് പരാതി നൽകണം
ഫോൺ 1930
മോഹന സുന്ദര 'ടാസ്ക് "
യൂട്യൂബ് ലിങ്ക് നൽകി ചാനലിന് ലൈക്ക് അടിക്കുന്ന ദൗത്യം പോലുള്ള നിസാരമായ നിർദ്ദേശമാണ് ആദ്യഘട്ടത്തിൽ വച്ചുനീട്ടുന്നത്.ലൈക്ക് നൽകി സ്‌ക്രീൻ ഷോട്ടെടുത്ത് അയച്ചാൽ ഒരു ചാനലിന് 50 രൂപ വച്ച് നൽകും.ടാസ്ക് തുടങ്ങുന്നത് അടുത്ത ഘട്ടമായിരിക്കും. പങ്കെടുക്കണമെങ്കിൽ 500 രൂപ മുൻകൂറായി അടക്കണം.അപ്പോൾ കുറച്ച് യൂട്യൂബ് ചാനലുകളുടെ ലിങ്കുകൾ കൂടി അയക്കും.അഞ്ചോ ആറോ ചാനലുകൾക്ക് ലൈക്ക് കൊടുക്കുന്നതോടെ ബാങ്ക് അക്കൗണ്ടിലേക്ക് ഏകദേശം 800 രൂപ ക്രെഡിറ്റാകും. പിന്നീട് ആയിരം രൂപ നൽകിയാൽ കൂടുതൽ യൂട്യൂബ് ചാനലുകൾ അയച്ച് തരാമെന്ന് പറയും.അങ്ങനെ അടക്കുന്ന ആയിരത്തിന് ഏകദേശം 1,700 രുപ തിരിച്ച് കിട്ടും.ഇത്തരത്തിൽ ആളുകളുടെ വിശ്വാസ്യത നേടിയ ശേഷം പിന്നീട് പ്രീമിയം കാറ്റഗറിയിൽ ഉൾപ്പെടിത്തിക്കൊണ്ട് ടെലിഗ്രാം അക്കൗണ്ടിലേക്ക് ലിങ്ക് നൽകി അതിൽ ജോലി ചെയ്യാൻ ആവശ്യപ്പെടും.ഒരു ഗ്രൂപ്പുണ്ടാക്കി ഇരയെ ആ ഗ്രൂപ്പിൽ ചേർക്കും.പിന്നീട് 10,000 രൂപയുടെ ടാസ്‌ക് നൽകി നിക്ഷേപം ക്രിപ്‌റ്റോ കറൻസിയാക്കാൻ ആവശ്യപ്പെടും.നല്ലൊരു തുക വാഗ്ദാനം ചെയ്യുന്നതോടെ പലരും തട്ടിപ്പുകാരുടെ വലയിൽ വീഴും. അൻപതിനായിരവും ഒരു ലക്ഷവുമൊക്കെയാകുമ്പോൾ തട്ടിപ്പുസംഘങ്ങൾ തനിരൂപം പുറത്തെടുക്കും.അക്കൗണ്ടിലേക്ക് വലിയൊരു തുക ക്രെഡിറ്റ് ചെയ്തതിന്റെ വ്യാജരേഖ കാണിക്കും.ഈ തുക കിട്ടാതിരിക്കുന്ന അക്കൗണ്ട് ഉടമയോട് വീണ്ടും പണം നിക്ഷേപിക്കാൻ ആവശ്യപ്പെടും.ചതിയാണെന്ന് വ്യക്തമാകുമ്പോഴേക്കും പണം മുഴുവൻ നഷ്ടപ്പെട്ടിരിക്കും.ഹോട്ടലുകൾക്ക് റേറ്റിംഗ് നൽകൽ,ഫിലിം റിവ്യൂ ലൈക്ക് എന്നിവ ആവശ്യപ്പെട്ടുള്ള ലിങ്കുകളും ആളുകളെ പറ്റിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |