ന്യൂഡൽഹി: വടക്കൻ ആഫ്രിക്കയിൽ നിന്നും ചീറ്റകളെ ഇറക്കുമതി ചെയ്യാൻ പദ്ധതിയിട്ട് ഇന്ത്യ. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ചീറ്റകൾ വ്യാപകമായി ചാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇറക്കുമതി ചെയ്ത ചീറ്റകൾ ചാകുന്നത് വിന്റർ കോട്ട് (ശൈത്യകാലങ്ങളിൽ മൃഗങ്ങളുടെ ത്വക്കിലും രോമങ്ങളിലും രൂപപ്പെടുന്ന സംരക്ഷണ കവചം) രൂപപ്പെടുത്താനുളള ശേഷി കുറഞ്ഞത് കൊണ്ടാണ്. കഴിഞ്ഞ ദിവസമാണ് അധികൃതർ അറിയിച്ചത്.
ഇന്ത്യയിൽ ഇറക്കുമതി ചെയ്ത ചീറ്റകളെ കൈകാര്യം ചെയ്യുന്നതിൽ വെല്ലുവിളികൾ നേരിട്ടിരുന്നു.ആഫ്രിക്കയിൽ ശൈത്യകാലം ജൂൺ മുതൽ സെപ്തംബർ വരെയാണ്. എന്നാൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത ചീറ്റകൾക്ക് മൺസൂൺ സമയങ്ങളിലും വേനൽക്കാലങ്ങളിലും വിന്റർ കോട്ട് വികസിപ്പിക്കാനുളള ശേഷി കുറവാണെന്നും അധികൃതർ പറഞ്ഞു. എന്നാൽ ആഫ്രിക്കൻ വിദഗ്ധർ പോലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ അവസ്ഥയിൽ ചീറ്റകൾക്ക് ബാക്ടീരിയ അണുബാധ മൂലം ശരീരത്തിൽ ചൊറിച്ചിലും മുറിവുകളും ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്. വടക്കൻ ആഫ്രിക്കയിലെ ചീറ്റകൾക്ക് ഇന്ത്യൻ കാലാവസ്ഥയിൽ അതിജീവിക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.
ഇംഗ്ലണ്ടും അമേരിക്കയും വടക്കൻ ആഫ്രിക്കയിൽ നിന്നും ചീറ്റകളെ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ഇന്ത്യയ്ക്കും ശുപാർശ ചെയ്തിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. ഭാവിയിൽ വടക്കൻ ആഫ്രിക്കയിൽ നിന്നും ചീറ്റകളെ ഇറക്കുമതി ചെയ്യുന്ന കാര്യം ചർച്ചചെയ്യുമെന്നും ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ നിന്നും അടുത്ത ചീറ്റകൾ എത്തുമെന്നും പരിസിഥിതി മന്ത്രാലയത്തിന്റെ അഡീഷണൽ ഡയറക്ടർ ജനറലും ചീറ്റ പദ്ധതിയുടെ തലവനുമായ എസ് പി യാദവ് അറിയിച്ചു. ശീതകാല കോട്ട് രൂപപ്പെടുത്താൻ ശേഷി കുറഞ്ഞ ചീറ്റകളാണ് പെട്ടെന്ന് ചത്തതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മൂന്ന് ചീറ്റകൾ ചത്തു. ഇതിനെ തുടന്നാണ് ബാക്കിയുളള ചീറ്റകളെ പിടികൂടി നിരീക്ഷണത്തിന് വിധേയമാക്കിയത്. കൂനോയിൽ ഉളള എല്ലാ ചീറ്റകളും നിരീക്ഷണത്തിലാണെന്നും അവയെ ഉടൻ തന്നെ കാട്ടിലേക്ക് തുറന്നുവിടുമെന്നും മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പണ്ടുകാലത്ത് വടക്കൻ ആഫ്രിക്കയിൽ ജനസംഖ്യ കുറവായിരുന്നു. അങ്ങനെയാണ് ചീറ്റകൾക്ക് വംശനാശം സംഭവിച്ചത് എന്നാണ് കണക്ക് കൂട്ടൽ. നിലവിൽ വടക്കൻ ആഫ്രിക്കയിലുളള ചീറ്റകളുടെ എണ്ണം കുറവാണ്. അവയെ പ്രധാനമായും നാഷണൽ പാർക്കുകളിലായാണ് സംരക്ഷിച്ചുവരുന്നത്.
ഈജിപ്ത്,മാലി,അൾജീരിയ,നൈജീരിയ എന്നീ രാജ്യങ്ങളിലുമുളള ചീറ്റകളുടെ എണ്ണം കുറവാണ്. ചീറ്റകളെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഒന്നാം വാർഷികം ഇന്ത്യ ഈ മാസം 17ന് ആഘോഷിച്ചിരുന്നു.നമീബിയയിൽ നിന്നും കൊണ്ടുവന്ന ചീറ്റകളെ മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടതോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി 20 ചീറ്റകളെയാണ് കഴിഞ്ഞ വർഷം സെപ്തംബർ,ഫെബ്രുവരി മാസങ്ങളിലായി ഇന്ത്യയിൽ എത്തിച്ചത്. മാർച്ച് മുതലാണ് ഇവയിൽ ആറ് ചീറ്റകൾ ചത്തത്. നമീബിയൻ ചീറ്റയ്ക്ക് പിറന്ന നാല് കുഞ്ഞുങ്ങളിൽ മൂന്നെണ്ണം ചൂടുകാരണം മെയ് മാസത്തിൽ ചത്തുപോയിരുന്നു. ഒന്നിനെ ഇപ്പോൾ പ്രത്യേക സംരക്ഷണത്തിലാണ് വളർത്തി വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |