ആലുവ: കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തിനെ തുടർന്ന് അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ എടത്തല മലയപ്പിള്ളി സ്വദേശി ഡെന്നിയാണ് (40) മരിച്ചത്. ഇക്കഴിഞ്ഞ സെപ്തംബർ 12നാണ് ഡെന്നിയെ അനിയൻ ഡാനി കുത്തി പരിക്കേൽപ്പിച്ചത്. തുടർന്ന് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഡെന്നി.
അമ്മയിൽ നിന്ന് ലഭിച്ച കുടുംബ വീട് വിറ്റതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. ഇത് പിന്നീട് കയ്യാങ്കളിയിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഡാനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ജേഷ്ഠൻ മരിച്ചതിനെ തുടർന്ന് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
അതേസമയം, അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊന്ന മറ്റാെരു സംഭവവും ആലുവയിൽ ഉണ്ടായി. എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ പോൾസൺ (48) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്ക് അടിച്ചുതകർത്തതിനെ ചൊല്ലിയുള്ള തർക്കമാണ് അരുംകൊലയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.ഇന്നലെ അർദ്ധരാത്രിയായിരുന്നു സംഭവം.
തോമസ് വീടിന് മുന്നിൽ പാർക്ക് ചെയ്‌ത ബൈക്ക് മുമ്പ് പോൾസൺ അടിച്ചുതകർത്തിരുന്നു. പിന്നാലെ തോമസ് പൊലീസിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ഇതിനിടയിൽ പ്രതി സഹോദരനെ എയർഗൺ കൊണ്ട് വെടിവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |