കോട്ടയം: തിരുവാർപ്പിൽ ബസുടമയെ മർദ്ദിച്ച സംഭവത്തിൽ സി ഐ ടി യു നേതാവ് അജയൻ മാപ്പ് പറഞ്ഞു. മർദ്ദനത്തിനിരയായ ബസുടമയോടും കോടതിയോടും അജയൻ മാപ്പ് അപേക്ഷിക്കുകയായിരുന്നു, ഇയാൾക്കെതിരായ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തീർപ്പാക്കി.തുറന്ന കോടതിയിൽ വച്ചായിരുന്നു അജയൻ മാപ്പ് പറഞ്ഞത്.
അതേസമയം അജയന്റെ മാപ്പപേക്ഷ ബസുടമയായ വെട്ടിക്കുളങ്ങര സ്വദേശി രാജ്‌മോഹൻ സ്വീകരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിക്കാതെ കേസ് തീർപ്പാക്കുകയായിരുന്നു. രാജ്മോഹനുമായി ബന്ധപ്പെട്ട ക്രിമിനൽ കേസ് നിലവിൽ ഉണ്ടെന്നും അതുകൊണ്ട് കോടതിയലക്ഷ്യ നടപടി ഒഴിവാക്കണമെന്നും സത്യവാംഗ്‌മൂലത്തിലൂടെ അജയൻ ആവശ്യപ്പെട്ടു.
താൻ മനപൂർവം കോടതി ഉത്തരവ് ധിക്കരിച്ചിട്ടില്ലെന്നും വാഹനം തടഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ അജയൻ പറയുന്നു. കോടതിയലക്ഷ്യ കേസിൽ കക്ഷി ചേർത്ത അജയന്റെ മേൽവിലാസം മോട്ടോർ മെക്കാനിക്ക് യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി എന്നാണ്. താൻ അത്തരത്തിലുളള സംഘടനയുടെ ഭാരവാഹിയല്ലെന്നും തിരുവാർപ്പ് പഞ്ചായത്തംഗമാണെന്നും അജയൻ വ്യക്തമാക്കി. ഇടക്കാല ഉത്തരവ് നിലനിൽക്കെ രാജ്‌മോഹൻ ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് എൻ നഗരേഷ് സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസ് എടുത്തത്.
ബസ് ജീവനക്കാർക്ക് ലഭിക്കുന്ന വേതനത്തിന്റെ വിവേചനം അവസാനിപ്പിക്കാനും എല്ലാ ജീവനക്കാർക്കും ഒരു പോലെ വേതനം വർദ്ധിപ്പിക്കാനുമാണ് വെട്ടിക്കുളങ്ങരയിൽ ബസിന് മുൻപിൽ സി ഐ ടി യു സമരം ആരംഭിച്ചത്. സമരത്തെ തുടർന്ന് ആഴ്ചകളോളം ബസ് സർവ്വീസ് നിർത്തിവച്ചിരുന്നു. തുടർന്ന് ബി ജെ പി അനുഭാവി കൂടിയായ രാജ്‌മോഹൻ ബസിന് മുൻപിൽ ലോട്ടറി വിൽപ്പന തുടങ്ങി.പിന്നീട് കോടതിയെ സമീപിക്കുകയും ബസിന്റെ സർവ്വീസ് പുനരാരംഭിക്കാനായി അനുമതി തേടുകയും ചെയ്തു.
തുടർന്ന് പൊലീസ് സാന്നിദ്ധ്യത്തിൽ ബസിന് മുൻപിൽ സി ഐ ടി യു തൂക്കിയിരുന്ന കൊടിതോരണങ്ങൾ അഴിച്ചുമാറ്റാൻ രാജ്‌മോഹൻ ശ്രമിച്ചപ്പോഴാണ് അജയൻ ആക്രമിച്ചത്.രണ്ടുപേരും തമ്മിലുണ്ടായ സംഘർഷം തടയാനായി പൊലീസും നാട്ടുകാരും ഇടപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |