തിരുവനന്തപുരം: ഇരുപത്തിയഞ്ച് കോടി രൂപ സമ്മാനത്തുകയുളള ഓണം ബമ്പർ ലോട്ടറി സമ്മാനം ലഭിച്ചത് തമിഴ്നാട്ടിൽ കരിഞ്ചന്തയിൽ വിറ്റ ടിക്കറ്റിനാണെന്ന പരാതിയിൽ ലോട്ടറി വകുപ്പ് അന്വേഷണം നടത്തും. ജോയിന്റ് ഡയറക്ടറും ഫിനാൻസ് ഓഫിസറും ഉൾപ്പെടെ ഏഴുപേരടങ്ങിയ പ്രത്യേക സമിതിയാണിത് പരിശോധിക്കുക.
നിയമം അനുസരിച്ച് കേരളലോട്ടറി മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കാനാവില്ല. സമ്മാനാർഹൻ കേരളത്തിൽ വരാനുള്ള കാരണങ്ങളും പരിശോധിക്കും. സമ്മാനാർഹൻ ലോട്ടറി എടുത്ത ഏജൻസിയിൽ അന്വേഷണം നടത്തും. ഹാജരാക്കുന്ന രേഖകളും പരിശോധിക്കും. പരാതികളൊന്നുമില്ലെങ്കിൽപോലും ഇതര സംസ്ഥാനങ്ങളിലുള്ളവർക്ക് ലോട്ടറി സമ്മാനം ലഭിച്ചാൽ ഈ സമിതി പരിശോധിച്ച ശേഷമാണ് സമ്മാനം കൈമാറുന്നത്. ഇത്തവണ പരാതികൂടി ലഭിച്ച സാഹചര്യത്തിൽ അന്വേഷണം ശക്തമാക്കും.
സംസ്ഥാനത്തിന് പുറത്തുള്ളവർ ഒരുലക്ഷത്തിന് മേൽ സമ്മാനം വാങ്ങാൻ ടിക്കറ്റിന് പുറകിൽ സമ്മാനാർഹന്റെ പേരും മേൽവിലാസവും പിൻകോഡും, ഒപ്പും രേഖപ്പെടുത്തണം. ടിക്കറ്റിന്റെ ഫോട്ടോകോപ്പി നോട്ടറി ഓഫിസർ സാക്ഷ്യപ്പെടുത്തണം. സർക്കാർ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് സമ്മാനാർഹന്റെ രണ്ട് ഫോട്ടോകൾ ഒട്ടിച്ച്, ഫോട്ടോയിൽ നോട്ടറി ഓഫിസർ ഒപ്പിട്ട്, നോട്ടറി സ്റ്റാമ്പ് ,നോട്ടറി സീൽ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം. സമ്മാനത്തുക കൈപ്പറ്റിയ രസീത് പൂരിപ്പിച്ച് സമ്മാനാർഹന്റെ ഒപ്പ് റവന്യൂ സ്റ്റാമ്പിൽ പതിപ്പിച്ച് സമ്മാനാർഹന്റെ പൂർണ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തിയതിനോടൊപ്പം നോട്ടറി സാക്ഷ്യപ്പെടുത്തണം. ആധാർ, പാൻകാർഡ്, ബാങ്ക് പാസ് ബുക്ക് കോപ്പിയും ഇതേരീതിയിൽ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |