കൽപ്പറ്റ: മുത്തങ്ങയിലെ പൊലീസ് മർദനത്തിൽ മാപ്പില്ലെന്ന് ആദിവാസി നേതാവ് സികെ ജാനു. നേരിട്ടത് കൊടിയ മർദനമാണെന്നും എത്രകാലം കഴിഞ്ഞ് മാപ്പുപറഞ്ഞാലും അതിന് അർഹതയില്ലെന്നും ജാനു ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ എകെ ആന്റണി പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അവർ.
'കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്രൂരപീഡനത്തിന് വിധേയരായി. ആ വേദന അങ്ങനെതന്നെ നിലനിൽക്കും. വൈകിയവേളയിലാണെങ്കിലും നടപടി തെറ്റായിപ്പോയി എന്നുപറഞ്ഞതിൽ സന്തോഷമുണ്ട്. അവിടെ സമരംചെയ്ത എല്ലാവർക്കും ഭൂമിയാണ് നൽകേണ്ടത്. മാപ്പ് പറയുന്നതിനേക്കാൾ പ്രയോജനം അതിനാണ് ഉണ്ടാവുക. മുത്തങ്ങയിൽ 283 പേർക്ക് ഭൂമിനൽകാൻ തീരുമാനം ആയെങ്കിലും ഒരു പ്ലോട്ടുപോലും ഇതുവരെ കണ്ടെത്തി നൽകിയിട്ടില്ല'-ജാനു പറഞ്ഞു.
മുത്തങ്ങയിൽ വെടിവയ്പ്പ് ഒഴിവാക്കാൻ കഴിയുമായിരുന്നു എന്നും ജാനു പറഞ്ഞു. 'വെടിവയ്പ്പ് ഒഴിവാക്കാൻ സർക്കാരിന് കഴിയുമായിരുന്നു. വെടിവയ്പ്പ് നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. അറസ്റ്റ് വരിക്കാൻ എല്ലാവരും തയ്യാറായിരുന്നു. എന്നാൽ അത് ചെയ്യാതെ വെടിവയ്പ്പിലേക്ക് സർക്കാർ പോയി. അന്നത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഞങ്ങൾക്ക് എതിരായിരുന്നു. സമരം ചെയ്തപ്പോൾ ഒരു കരാർ ഉണ്ടാക്കുന്നതും ഭൂമി ആദിവാസികൾക്ക് നൽകാനുളള പ്രാരംഭനടപടി ഉണ്ടാകുന്നതും യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. അപ്പോഴുണ്ടാക്കിയ വ്യവസ്ഥയാണ് ഇപ്പോഴും തുടരുന്നത്. അതൊക്കെ അംഗീകരിക്കുമ്പോഴും മുത്തങ്ങയിലെ വെടിവയ്പ്പും അക്രമവും പൈശാചികമായിരുന്നു എന്നുതന്നെയാണ് വിലയിരുത്തൽ'- ജാനു വ്യക്തമാക്കി.
ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുത്തങ്ങ സംഭവത്തിൽ ഖേദമുണ്ടെന്ന് എകെ ആന്റണി പറഞ്ഞത്. 'ആദിവാസികൾക്ക് ഏറ്റവും കൂടുതൽ ഭൂമി നൽകിയത് താനാണ്. എന്നിട്ടും ആദിവാസികളെ ചുട്ടുകരിച്ചെന്ന് പഴി കേട്ടു. മുത്തങ്ങ ദേശീയ വന്യജീവി സങ്കേതമാണ്. അവിടെ കുടിൽ കെട്ടിയപ്പോൾ എല്ലാ പാർട്ടികളും മാദ്ധ്യമങ്ങളും അവരെ ഇറക്കി വിടണമെന്നാവശ്യപ്പെട്ടു. പിന്നീട് നിലപാട് മാറി.മൂന്നു ദിവസം കേന്ദ്രം കത്ത് നൽകി. അവരുടെ താക്കീതിന് ശേഷമാണ് നടപടിയെടുത്തത്- എന്നാണ് ആന്റണി പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |