SignIn
Kerala Kaumudi Online
Sunday, 13 September 2026 6.35 AM IST

100 കോടി ക്ലബിൽ ഇടം നേടിയെന്ന് പറയുന്നത് തള്ളല്ലേ; സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ബാഹുബലി 2 പോലുള്ള ചിത്രങ്ങൾക്ക് കിട്ടുന്നത് 76 കോടിയെന്ന് സന്തോഷ് പണ്ഡിറ്റ്

santhosh-pandit

പല സിനിമകളും അഞ്ഞൂറ് കോടി ക്ലബിലും ആയിരം കോടി ക്ലബിലുമൊക്കെ ഇടം പിടിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരാറുണ്ട്. എന്നാൽ ബോക്സ് ഓഫീസ് കളക്ഷനുകളെക്കുറിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ അഭിപ്രായം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 100 കോടി ക്ലബിൽ ഇടം നേടിയെന്ന് പറയുന്നത് തള്ളല്ലേ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ടിക്കറ്റ് ചാർജ് ഒരു ആവറേജ് 150 കൂട്ടിക്കോ. സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ബാഹുബലി 2 അമ്പത് ലക്ഷം ആളുകൾ കണ്ടിരുന്നു. 76 കോടിയാണ് അതിന്റെ കളക്ഷൻ. അമ്പതാം ദിവസം പോലും ഹൗസ് ഫുള്ളായി ഓടിയ പടമാണ്. ലോജിക്കലി ചിന്തിക്കൂ, കേരളത്തെ സംബന്ധിച്ച് അമ്പത് ലക്ഷം പേരാണ് മാക്സിമം കാണുന്നത്. മലയാളത്തിൽ നിന്ന് ഒരു സിനിമയ്ക്ക് കളക്ട് ചെയ്യാൻ കഴിയുന്നതിന്റെ മാക്സിമം 75 കോടിയാണ്. സാറ്റ്‌ലൈറ്റോ ഓടിടിയോ ഒക്കെ കിട്ടിയാലും നൂറ് കോടിയേ കിട്ടുള്ളൂ. അതിൽ ടാക്സും മറ്റും പോകും. നൂറ് കോടി കളക്ട് ചെയ്യുന്ന സിനിമയുടെ നിർമാതാവിന് 30 കോടിയേ കിട്ടൂ. അയാളുടെ ലാഭം 20 കോടിയാണ്. ഇതാണ് സത്യം. അത്യാവശ്യം ഹിറ്റായ ഒരു സിനിമയുടെ നിർമാതാവ് പറഞ്ഞിരുന്നു, അവർ 25 കോടിയാണ് കളക്ട് ചെയ്തതെന്ന്.

ഒരു തീയേറ്ററിൽ 150 അല്ലെങ്കിൽ 200 പേര്. ഹൗസ് ഫുള്ളായി നാല് ഷോ നടത്തിയാൽ 800 ആളുകൾ. 100 തീയേറ്ററാണെങ്കിൽ 80,000. മുന്നൂറ് തീയേറ്ററുണ്ടെങ്കിൽ 2,40000 ആളുകൾ. നൂറ് കോടി ആവറേജ് കൂട്ടിയാൽ രണ്ട് കോടി നാൽപ്പതിനായിരം. ഒരു ദിവസത്തെ കളക്ഷൻ മാക്സിമം മൂന്നരക്കോടി. ആദ്യത്തെ മൂന്ന് ദിവസം കഴിഞ്ഞ് തീയേറ്ററിൽ പോയാൽ മനസിലാകും അവിടെ എത്രയാളുണ്ടെന്ന്. നാലാമത്തെ ആഴ്ച ഒടിടിയിൽ വരുന്ന സിനിമയാണ്. 100 കോടി കളക്ട് ചെയ്യണമെങ്കിൽ 65 ലക്ഷം ആളുകൾ തീയേറ്ററിൽ പോയി സിനിമ കാണണം. കേരളത്തിലെ മുഴുവൻ സിനിമാപ്രാന്തന്മാർ കണ്ടാൽ പോലും അത്ര കിട്ടില്ല. '- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANTHOSH PANDIT, CINEMA, BAHUBALI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY