ലഖ്നൗ: യുവതിക്ക് മകനുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ രണ്ടാം ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. ആളൊഴിഞ്ഞ സ്ഥലത്ത് തലയില്ലാത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ബാന്ദ്ര ജില്ലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മദ്ധ്യപ്രദേശിലെ ഛത്തർപൂർ സ്വദേശി രാംകുമാർ അഹിർവാറിന്റെ ഭാര്യ മായാദേവിയുടെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്.
തലയറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. ശരീരത്തിൽ പൂർണമായും വസ്ത്രങ്ങളുണ്ടായിരുന്നില്ല. തലമുടിയും വിരലുകളും പല്ലുകളും മൃതദേഹത്തിൽ നിന്നും നീക്കം ചെയ്ത നിലയിലായിരുന്നുവെന്നും പൊലീസ് സൂപ്രണ്ട് അങ്കുൽ അഗർവാൾ പറഞ്ഞു.
സംഭവത്തിൽ മായാ ദേവിയുടെ കുടുംബാംഗങ്ങൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഭർത്താവായ രാംകുമാർ, മക്കളായ സൂരജ് പ്രകാശ്, ബ്രിജേഷ്, ബന്ധുവായ ഉദയ്ഭജൻ തുടങ്ങിയവർ കുറ്റം സമ്മതിച്ചിരുന്നു. രാംകുമാറിന്റെ മൊഴി അനുസരിച്ച് കൊല്ലപ്പെട്ട യുവതി രണ്ടാം ഭാര്യയാണെന്നും തന്റെ ഒരു മകനുമായി അവിഹിത ബന്ധമുണ്ടെന്നും പറഞ്ഞു. ഇതിനെ തുടർന്ന് പ്രതികൾ മായാ ദേവിയെ അടുത്തുളള ചമ്രഹ ഗ്രാമത്തിലേക്ക് കളളം പറഞ്ഞ് കൊണ്ടുപോകുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
മൃതദേഹം മായാ ദേവിയുടെതാണെന്ന് മനസിലാക്കാതിരിക്കാൻ കോടാലി കൊണ്ട് തല വെട്ടി മാറ്റുകയും വിരലുകൾ മുറിക്കുകയും ചെയ്തിരുന്നു. കൃത്യത്തിന് പ്രതികൾ ഉപയോഗിച്ചിരുന്ന ആയുധവും വാഹനവും പൊലീസ് കണ്ടെടുത്തു. ഒരു ദിവസത്തിനുളളിൽ പ്രതികളെ കണ്ടെത്തിയ പൊലീസ് സംഘത്തിന് പാരിദോഷികമായി 25,000 രൂപ നൽകി എന്ന് എസ് പി മാദ്ധ്യമങ്ങളെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |