തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പ്രകോപനപരമായ പരാമർശം നടത്തിയ മുൻമന്ത്രി എം എം മണിയ്ക്കെതിരെ പരാതി. സർക്കാർ ജീവനക്കാരെയും കുടുംബാംഗങ്ങളെയും അപമാനിച്ചതായി ചൂണ്ടിക്കാട്ടി ഫെഡറേഷൻ ഓഫ് എംപ്ളോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ(ഫെറ്റോ) ആണ് ഡിജിപിക്ക് പരാതി നൽകിയത്. എംഎൽഎ സ്ത്രീ വിരുദ്ധമായി സംസാരിച്ചതായും പരാതിയിൽ പറയുന്നു.
നെടുങ്കണ്ടത്ത് മോട്ടോർ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നു എന്നാരോപിച്ച് ഉടുമ്പഞ്ചോല ജോയിന്റ് ആർടിഒ ഓഫീസിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ചിലാണ് പരാതിയ്ക്ക് ആസ്പദമായ രീതിയിൽ എം എം മണി സംസാരിച്ചത്. ഉദ്യോഗസ്ഥർ കൃത്യനിർവഹണത്തിനിടയിൽ രാഷ്ട്രീയം എടുത്താൽ തങ്ങളും രാഷ്ട്രീയം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
പിന്നെ നീയൊന്നും ഇവിടെ ജീവിക്കുകയില്ല. അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്ത് കാശുണ്ടാക്കി നൽകാൻ ഉദ്യോഗസ്ഥരോട് സർക്കാർ പറഞ്ഞിട്ടില്ല. കേസ് എടുത്തിട്ട് എല്ലാം സർക്കാരിന് പണം നൽകാനാണെന്ന് ഉദ്യോഗസ്ഥർ പറയുന്നതായും സിപിഎം നേതാവ് ആരോപിച്ചു. ഉദ്യോഗസ്ഥർ നിയമത്തിന്റെ വഴിക്ക് പോയില്ലെങ്കിൽ കൈകാര്യം ചെയ്യുമെന്നും അതിപ്പോൾ പൊലീസും ആർടിഒയും കലക്ടറുമായാലും ശരിയെന്നും എം എം മണി പറഞ്ഞു. തുടർന്നാണ് ഫെറ്റോ നിയമനടപടി സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |