കോഴിക്കോട് : ജില്ലയിലെ പത്ത് ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ എൻ. എ. ബി. എച്ച് ( നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേർസ്) നിലവാരത്തിലേക്ക് ഉയർത്തുന്നു. അരിക്കുളം, കുരുവട്ടൂർ, ഫറോക്ക്, വെള്ളന്നൂർ, കട്ടിപ്പാറ എന്നീ ആയുർവേദ സ്ഥാപനങ്ങളും ചെറുവണ്ണൂർ, തൂണേരി, നന്മണ്ട, കോക്കലൂർ, കട്ടിപ്പാറ തുടങ്ങിയ ഹോമിയോപ്പതി സ്ഥാപനങ്ങളിലുമാണ് എൻ. എ. ബി. എച്ച് നിലവാരം നടപ്പിലാക്കുന്നത്.
ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ വന്നതോടെ വലിയ മാറ്റങ്ങളാണ് ആരോഗ്യ മേഖലയിൽ ഉണ്ടായിട്ടുള്ളത്. സമൂഹത്തിലെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങൾ വരാതിരിക്കാനുള്ള പ്രാഥമിക പ്രതിരോധം ശക്തിപ്പെടുത്തുകയുമാണ് ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
നാഷണൽ ആയുഷ് മിഷന്റെ സഹായത്തോടെ സ്ഥാപനങ്ങളിൽ യോഗ പരിശീലന നടത്തി വരുന്നു. പരിശീലന പദ്ധതികൾ, ആയുഷ് ചികിത്സാരീതികളിലൂടെ പ്രാഥമിക പ്രതിരോധത്തിനുള്ള സാദ്ധ്യതകൾ നടപ്പിലാക്കുന്നതിനു വേണ്ടി ആശവ ർക്കർമാർക്ക് പരിശീലന പരിപാടികളും കേന്ദ്രങ്ങളിൽ നടപ്പിലാക്കി വരുന്നു. സ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിന് നാഷണൽ ആയുഷ് മിഷനിലൂടെ കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർമാർക്ക് ലാപ്‌ടോപ്പ്, ആശാ വർക്കർമാർക്ക് ടാബ്, മൾട്ടിപർപ്പസ് വർക്കർ എന്നിവ നൽകി. ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളിലെ ആശ വർക്കർമാരിലൂടെ സമൂഹത്തിലെ പൊതുവായ ആരോഗ്യ പ്രശ്‌നങ്ങളെ മനസിലാക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.
ജീവിതശൈലി രോഗങ്ങളുടെ പ്രതിരോധം, കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം, വയോജന ആരോഗ്യ സംരക്ഷണം, പ്രത്യുൽപാദന ആരോഗ്യ സംരക്ഷണം എന്നീ മേഖലയിലാണ് ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ ഊന്നൽ നൽകുന്നത്.ഇന്ത്യയിൽ 12500 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളാണ് ആയുഷ് മന്ത്രാലയം സ്ഥാപിച്ചത്. ഇതിൽ കേരളത്തിലെ 520 ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളിൽ 150 സ്ഥാപനങ്ങളാണ് ഈ വർഷം എൻ. എ .ബി .എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ. എ. ബി .എച്ച് നിലവാരം നടപ്പിലാക്കുന്നത് സംബന്ധിച്ച അവലോകനയോഗം നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയുടെ അദ്ധ്യക്ഷതയിൽ ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |