സംസ്കാരം നടന്നു
ചെന്നൈ:ഹരിത വിപ്ലവത്തിന്റെ പിതാവും വിഖ്യാത കാർഷിക ശാസ്‌ത്രജ്ഞനുമായ ഡോ. എം. എസ് സ്വാമിനാഥന്റെ (98) ഭൗതിക ദേഹം പൊലീസ് ബഹുമതികളോടെ സംസ്‌കരിച്ചു.
ഇന്നലെ ബസന്ത് നഗർ വൈദ്യുതി ശ്‌മശാനത്തിൽ നടന്ന ചടങ്ങിൽ ഗ്രേറ്റർ ചെന്നൈ സിറ്റി പൊലീസിലെ സായുധ റിസർവ് യൂണിറ്റ് ഒരു നിമിഷം മൗനം ആചരിച്ചു. തുടർന്ന് ഗൺസല്യൂട്ട് നൽകി. ബ്യൂഗിൾ മുഴക്കി. തുടർന്ന് കുടുംബാംഗങ്ങൾ അന്ത്യ കർമ്മങ്ങൾ നിർവഹിച്ചു. മൂന്ന് പുത്രിമാരുടെയും മറ്റ് ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിൽ സംസ്കാരം നടന്നു.
വ്യാഴാഴ്‌ച ചെന്നൈയിലെ വസതിയിലാണ് എം. എസ് സ്വാമിനാഥൻ അന്തരിച്ചത്. തരണിയിലെ എം. എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ കാമ്പസിൽ പൊതുദർശനത്തിന് വച്ചിരുന്ന ഭൗതിക ദേഹം പ്രത്യേക വാഹനത്തിലാണ് ശ്മശാനത്തിലേക്ക് കൊണ്ടു പോയത്. നാനാതുറകളിലുള്ള നിരവധി പേർ അന്താജ്ഞലി അർപ്പിച്ചു. ഇന്നലെ രാവിലെ തമിഴ്നാട് ഗവർണർ ആർ. എൻ. രവി അന്ത്യോപചാരം അർപ്പിക്കാൻ എത്തി.
തമിഴ്നാട് പ്രതിപക്ഷ നേതാവും എ. ഡി. എം. കെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമി, സി. പി. ഐ ജനറൽ സെക്രട്ടറി ഡി. രാജ, കേരളത്തിന്റെ പ്രതിനിധികളായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി, കൊടിക്കുന്നിൽ സുരേഷ് എം. പി തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |