തേഞ്ഞിപ്പലം: ഉരുട്ടിക്കളിച്ച ടയർ ദേഹത്ത് തട്ടിയെന്നാരോപിച്ച് കൊണ്ടോട്ടിയിൽ ആറാം ക്ലാസുകാരനെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപിച്ച ഇതര സംസ്ഥാന തൊഴിലാളിയെ തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ കുശിനഗർ സ്വദേശി സൽമാൻ അൻസാരിയെ (19) ആണ് രഹസ്യവിവരത്തെ തുടർന്ന് പള്ളിക്കലിലെ ക്വാർട്ടേഴ്‌സിൽ വച്ച് ഇന്നലെ രാവിലെ പിടികൂടിയത്. പള്ളിക്കൽ സ്വദേശി അമ്പലവളവിൽ സുനിൽകുമാർ-വസന്ത ദമ്പതികളുടെ മകൻ മകൻ അശ്വിന് ആണ് ക്രൂര മർദ്ദനമേറ്റത്. പൊലീസ് കേസെടുത്തതോടെ സൽമാൻ അൻസാരി നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇന്നലെയാണ് പ്രതിക്കൊപ്പം ജോലി ചെയ്യുന്നവർ താമസിക്കുന്ന പള്ളിക്കലിലെ ക്വാർട്ടേഴ്സിൽ എത്തിയത്. പ്രതിയെ പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
സെപ്തംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പരിക്കേറ്റ ആറാം ക്ലാസ് വിദ്യാർത്ഥി അശ്വിൻ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ടയർ ഉരുട്ടാൻ ഉപയോഗിച്ചിരുന്ന വടി ഉപയോഗിച്ച് കുട്ടിയെ അടിക്കുകയും കഴുത്ത് ഞെരിച്ച് ഭിത്തിക്ക് ചേർത്തുനിർത്തി മർദ്ദിക്കുകയുമായിരുന്നു. അശ്വിന്റെ കുടുംബവും ഇതര സംസ്ഥാന തൊഴിലാളികളും താമസിക്കുന്നത് കൊണ്ടോട്ടിയിലെ ഒരേ ക്വാർട്ടേഴ്സിലാണ്. കുട്ടിയെ ആദ്യം ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. മഞ്ചേരിയിലെ ഡോക്ടർമാർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ് തേഞ്ഞിപ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പരിക്ക് ഗുരുതരമായതിനെ തുടർന്നാണ് മഞ്ചേരിയിൽ നിന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |