മുംബയ്: മറാത്ത രാജാവായിരുന്ന ഛത്രപതി ശിവജിയുടെ പുലിനഖം രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നു. ലണ്ടനിലെ വിക്ടോറിയ മ്യൂസിയത്തിലുള്ള പുലിനഖം നവംബറോടെ മഹാരാഷ്ട്രയിലെത്തിക്കുമെന്ന് സംസ്ഥാന സാംസ്കാരിക മന്ത്രി സുധീർ മംഗൻതിവാർ അറിയിച്ചു.
ഇത് തിരികെ കൊണ്ടുവരാനുള്ള നടപടിക്കായി മന്ത്രി നാളെ ലണ്ടനിലെത്തും.
ഛത്രപതി ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികത്തോടനുബന്ധിച്ചാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. 1659ൽ ബീജാപൂർ സുൽത്താനെ കീഴടക്കാൻ ശിവജി ഉപയോഗിച്ചിരുന്ന ആയുധമാണ് ഈ പുലിനഖം. ഇവിടെ എത്തിച്ച ശേഷം ദക്ഷിണ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് മ്യൂസിയത്തിലാണ് സൂക്ഷിക്കുക. 1659ലെ പ്രതാപ്ഗഢ് യുദ്ധമാണ് മറാഠ ഭരണത്തിന് അടിത്തറയേകിയത്.
സത്താറ ജില്ലയിലെ പ്രതാപ്ഗഢ് കോട്ടയുടെ ചുവട്ടിൽ വച്ചാണ് ഛത്രപതി ശിവജി ബീജാപൂർ സുൽത്താനായിരുന്ന അഫ്സൽ ഖാനെ വധിച്ചത്. പാരമ്പര്യത്തനിമയുടെയും സാംസ്കാരികമേന്മയുടെയും ഭാഗമാണ് ഇവിടം. ശിവജിയെ പുറകിലൂടെ കുത്തിയ അഫ്സൽ ഖാനെ പുലിനഖം ഉപയോഗിച്ച് ശിവജി വധിക്കുകയായിരുന്നുവെന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അതേസമയം, ശിവജി ആയുധം ഉപയോഗിച്ചിട്ടില്ലെന്ന് വിക്ടോറിയമ്യൂസിയം വെബ്‌സൈറ്റിൽ പറയുന്നതായി ചില ചരിത്ര വിദഗ്ധർ പറയുന്നു. ശിവസേന (ഉദ്ധവ്) നേതാവ് ഉദ്ധവ് താക്കറെയും പുലിനഖത്തിന്റെ ആധികാരികത ചോദ്യം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |