ജയ്‌പൂർ: ഓട്ടത്തിനിടെ യാത്രക്കാരിയ്‌ക്ക് നേരെ യൂബർ ഡ്രൈവർ അതിക്രമത്തിന് ശ്രമിച്ചതായി പരാതി. രാജസ്ഥാനിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറായ മണാലി ഗുപ്‌തയ്ക്ക് നേരെയാണ് യൂബർ ഡ്രൈവറുടെ മോശമായ പെരുമാറ്റം ഉണ്ടായത്.
സ്‌കൂളിൽ നിന്നും മകളെ വിളിച്ചുകൊണ്ടുവരാനായി വിളിച്ച ടാക്‌സിയുടെ ഡ്രൈവറാണ് മണാലിയ്‌ക്ക് നേരെ അതിക്രമത്തിന് മുതിർന്നത്. സംഭവിച്ചതെന്തെന്ന വീഡിയോ മണാലി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. കാറിൽവച്ച് ഫോണിൽ സംസാരിക്കവെ യൂബർ ഡ്രൈവർ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചു. തുടർന്ന് മണാലി ഇത് തടഞ്ഞു. ഇതോടെ യുവതിയ്‌ക്ക് നേരെ അസഭ്യവർഷം ഡ്രൈവർ നടത്തി.
രംഗം വഷളായതോടെ മണാലി കാർ നിർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഡ്രൈവർ അതിനുതയ്യാറായില്ല. തുടർന്ന് ഓടുന്ന കാറിൽനിന്നും ചാടിയാണ് താൻ രക്ഷപ്പെട്ടതെന്ന് മണാലി വീഡിയോയിൽ പറയുന്നു. ശ്യാം സുന്ദർ എന്നാണ് ഡ്രൈവറുടെ പേരെന്നും മറ്റ് വിവരങ്ങളും മണാലി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
ഒരുലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടത്. യൂബറിനോട് ഡ്രൈവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. ലിറ്റിൽഷ്സിസ്റ്റേഴ്‌സ് എന്ന പേരിലെ മണാലിയുടെ ഇൻസ്റ്റ അക്കൗണ്ടിൽ 11000ലധികം പേരാണ് പിൻതുടരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |