
പാറശാല: ചെങ്കലിലെ വീടുകളിൽ നിന്ന് സ്വർണവും പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിലെ മുഖ്യപ്രതിയും പിടിയിൽ. നേമം ഐഡിയൽ പബ്ലിക് സ്‌കൂളിന് സമീപം പൊന്നുമംഗലം പ്ലാവിള ഫർഹാർ വില്ലയിൽ നവാസ് (54,ബാറ്ററി നവാസ്) ആണ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ പള്ളിച്ചൽ ഭഗവതിനട ശിവാലക്കോണം പുത്തൻവീട്ടിൽ അനിൽകുമാർ (42) കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായിരുന്നു.ചെങ്കൽ വട്ടവിള ഈഴക്കോണം അഞ്ജനയിൽ വിപിൻകുമാറിന്റെയും തോട്ടിൻകര പെരിഞ്ചേരി വീട്ടിൽ എൽ.ഡി.എഫ് നേതാവ് കെ.എസ്.അനിലിന്റെയും വീടുകളിൽ കഴിഞ്ഞ 3നാണ് മോഷണം നടന്നത്. രാത്രിയിൽ സ്‌കൂട്ടറിലെത്തിയ പ്രതികൾ വീടുകളുടെ മുൻവശത്തെ കതകിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന് അലമാരകളിൽ സൂക്ഷിച്ചരുന്ന ആഭരണങ്ങളും പണവും വില കൂടിയ മൊബൈൽ ഫോണും ഉൾപ്പെടെ മോഷ്ടിക്കുകയായിരുന്നു. രണ്ട് വീടുകളിലുമായി നടന്ന മോഷണങ്ങളിലൂടെ 30 ലക്ഷത്തിൽപ്പരം രൂപയുടെ നഷ്ടമാണുണ്ടായത്. പിടിയിലായ പ്രതി അനിൽകുമാറിന്റെ പേരിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പോക്സോ കേസ് ഉൾപ്പെടെ 6 കേസുകളുണ്ട്. മൊബൈൽ ഫോൺ പ്രതികളിൽ നിന്ന് കണ്ടെടുത്തു. മുഖ്യപ്രതി നവാസിന്റെ പേരിൽ പലസ്റ്റേഷനുകളിലായി 60 പരം കേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതി നവാസിനെ റിമാൻഡ് ചെയ്തു. സ്റ്റേഷൻ ഇൻസ്‌പെക്ടർ ജയശങ്കറുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ബാലു ബി.നായർ, വിഷ്ണു.ജി, എസ്.സി.പി.ഒ സാജൻ, സി.പി.ഒ മാരായ അനിൽകുമാർ,അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |