ഓസ്‌ലോ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇറാനിലെ ജയിലിലേയ്‌ക്ക്. ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗേസ് മുഹമ്മദിയാണ് പുരസ്കാരത്തിനർഹയായത്. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരം. ഇറാൻ ഭരണകൂടത്തിന്റെ മനുഷ്യാവകാശ വിരുദ്ധ നടപടികൾക്കെതിരായ പോരാട്ടങ്ങളുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന നർഗേസ് മുഹമ്മദി, ജയിലിൽ വച്ചാണ് പുരസ്കാര വാർത്ത അറിഞ്ഞത്.
മനുഷ്യാവകാശങ്ങൾക്കായി ഇറാൻ ഭരണകൂടത്തിനെതിരെ നടത്തിയ പോരാട്ടങ്ങളുടെ ഭാഗമായി 13 തവണ അറസ്റ്റിലായ വ്യക്തിയാണ് നർഗേസ് മുഹമ്മദി. വിവിധ കുറ്റങ്ങൾ ചുമത്തി കൃത്യമായ വിചാരണ പോലും കൂടാതെ 31 വർഷത്തെ ജയിൽ ശിക്ഷയാണ് നർഗേസ് മുഹമ്മദിക്ക് വിധിച്ചിരിക്കുന്നത്. ഇറാനിലെ സ്ത്രീപീഡനത്തിന് എതിരെയും എല്ലാവരുടെയും സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും നർഗേസ് നടത്തിയ പോരാട്ടത്തിനാണ് ഈ പുരസ്കാരമെന്നാണ് നൊബേൽ പുരസ്കാര കമ്മിറ്റി ഓസ്‌ലോയിൽ അറിയിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും ശരീരം പൂർണമായും മറച്ച് സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് നിഷ്കർഷിക്കുന്ന നിയമങ്ങൾക്കും എതിരെയാണ് നർഗേസിന്റെ പോരാട്ടമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
അതേസമയം, ഈ വർഷത്തെ സാഹിത്യ നൊബൽ പുരസ്കാരത്തിനർഹനായത് ലോകപ്രശസ്ത നോർവീജിയൻ എഴുത്തുകാരനും നാടക രചയിതാവും കവിയുമായ യോൻ ഫോസെ ആണ്. പറയാനാവാത്ത കാര്യങ്ങൾക്ക് ശബ്ദം നൽകിയ എഴുത്തുകാരൻ എന്നാണ് റോയൽ സ്വീഡിഷ് അക്കാഡമി 64കാരനായ ഫോസെയെ വിശേഷിപ്പിച്ചത്.
1959ൽ നോർവെയിലെ ഹൗഗസന്റ് പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. നാൽപ്പതിലേറെ നാടകങ്ങൾ, നോവലുകൾ, ഉപന്യാസം, കവിതാ സമാഹാരം, ബാലസാഹിത്യം, വിവർത്തനം എന്നിങ്ങനെ വിശാലമാണ് ഫോസെയുടെ രചനാ സാമ്രാജ്യം. റെഡ്, ബ്ലാക്ക് ( 1983 ) എന്ന നോവലിലാണ് തുടക്കം. സം വൺ ഈസ് ഗോയിംഗ് റ്റു കം (1992 ) ആണ് അദ്ദേഹത്തിന്റെ ആദ്യ നാടകം. ആൻഡ് വീ വിൽ നെവർ ബീ പാർട്ടഡ് ( 1994 ) ആണ് ആദ്യം അവതരിപ്പിക്കപ്പെട്ടത്. കൃതികൾ ഇംഗ്ലീഷ് അടക്കം നിരവധി ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്. സാമുവൽ ബെക്കറ്റ്, തോമസ് ബെർണാർഡ്, ഫ്രാൻസ് കാഫ്‌ക തുടങ്ങിയ പ്രതിഭകളുടെ നിരയിലുള്ള എഴുത്തുകാരനാണ്. നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച നാടകകൃത്തുക്കളിൽ ഒരാളും. മനസിന്റെ സങ്കീർണതകളാണ് രചനകളുടെ സവിശേഷത. ഉത്കണ്ഠ, അരക്ഷിതാവസ്ഥ, ജീവിതവും മരണവും പ്രണയവും വിവാഹവും തുടങ്ങിയ യാഥാർത്ഥ്യങ്ങൾ ഫോസെ വരച്ചിടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |