തിരുവനന്തപുരം: "യൂണിയൻ ഓഫിസിൽ കൊണ്ടുപോയി കൈകാര്യം ചെയ്‌താൽ പോരായിരുന്നോ? കുത്തിയതു കൊണ്ടല്ലേ ഇത്രയും ബഹളം ഉണ്ടായത്?''- യൂണിവേഴ്‌സിറ്റി കോളേജിൽ അഖിൽ ചന്ദ്രനെ കുത്തിയ സംഭവത്തെക്കുറിച്ചു സംസാരിക്കവെ, അവിടുത്തെ തന്നെ ഒരു അദ്ധ്യാപകൻ സഹപ്രവർത്തകനോട് പറഞ്ഞ വാക്കുകളാണിത്. കോളേജിൽ ഗുണ്ടായിസം കാണിക്കുന്ന എസ്.എഫ്.ഐ നേതാക്കൾക്ക് കുടപിടിക്കുന്നത് ഇത്തരത്തിലുള്ള അദ്ധ്യാപകരാണെന്ന് വ്യാപകമായ വിമർശം ഉയരുന്നുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരായിരിക്കെ അദ്ധ്യാപകരായി നിയമനം ലഭിച്ച ചില നേതാക്കളാണ് ക്രിമിനൽ സംഘങ്ങളെ സഹായിക്കുന്നതെന്ന ആരോപണം വർഷങ്ങളായി നിലവിലുണ്ട്.
എസ്.എഫ്.ഐക്കാർ ഏതെങ്കിലും വിദ്യാർത്ഥിയെ മർദിക്കാൻ തീരുമാനിച്ചാൽ ഏതെങ്കിലും പെൺകുട്ടിയെക്കൊണ്ട്, വിദ്യാർത്ഥി മോശമായി പെരുമാറിയെന്ന പരാതി എഴുതി വാങ്ങും. മർദനമേറ്റ വിദ്യാർഥി പ്രാഥമിക ചികിത്സയ്ക്കശേഷം പൊലീസ് സ്റ്റേഷനിൽ പരാതിയുമായി പോകുമ്പോൾ മണിക്കൂറുകൾക്കു മുൻപ് അവിടെ പെൺകുട്ടിയുടെ പരാതി എത്തിയിരിക്കും. പെൺകുട്ടികളെക്കൊണ്ടു പരാതി എഴുതി വാങ്ങുന്നതിനു പിന്നിൽ ഒരു അദ്ധ്യാപികയാണെന്നു വിദ്യാർത്ഥികൾക്ക് അറിയാമെങ്കിലും പുറത്തുപറയാൻ ധൈര്യമില്ല.
എസ്.എഫ്.ഐക്കാർ തമ്മിൽ പ്രശ്‌നം ഉണ്ടായാൽ പ്രിൻസിപ്പലും അദ്ധ്യാപകരും ഉൾപ്പെടെയുള്ളവർ ജില്ലാ കമ്മിറ്റി ഓഫിസിൽ ഒത്തുതീർപ്പു ചർച്ചയ്ക്കു പോകുന്നതും പതിവാണ്. അദ്ധ്യാപകർക്കൊപ്പം അനദ്ധ്യാപകരും ഈ സംഘത്തിലുണ്ട്. മുൻ പ്രിൻസിപ്പൽ മോളി മെഴ്സിലിനെ എസ്.എഫ്.ഐക്കാർ മണിക്കൂറുകളോളും തടഞ്ഞുവച്ചു. ഈ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ച പ്രിൻസിപ്പൽ അതിനുള്ള ഉത്തരവ് ടൈപ്പ് ചെയ്യാൻ ജീവനക്കാരെ ഏൽപ്പിച്ചില്ല. വിവരം ചോരുമെന്ന് ഭയന്ന് അവർ പുറത്തെ ഡി.ടി.പി സെന്ററിൽ പോയി ഉത്തരവ് ടെപ്പ് ചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |